രാഷ്ട്ര ചേതന തുളുമ്പിയ റിപ്പബ്ലിക്ക് ദിന പരേഡ്

ദില്ലി: ഈ വര്‍ഷത്തെ റിപ്പബ്‌ളിക് ദിനം ദില്ലിയില്‍ വര്‍ണ്ണശബളമായ പരേഡ് ഓടെ ആഘോഷിച്ചു. രാജ് പഥില്‍ നടന്ന ആഘോഷചടങ്ങുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യ അതിഥിയായി.രാവിലെ 9.30 അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്ക ചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും, മുഖ്യ അതിഥി ഒബാമയും രാജ്പഥില്‍ എത്തി, സ്വന്തം വാഹനത്തിലാണ് ഒബാമ എത്തിയത്. ആദ്യം രാജ്യത്തിനായി വീരമൃത്യൂവരിച്ച സൈനികര്‍ക്ക് പ്രണാബ് മുഖര്‍ജി മെഡലുകള്‍ സമ്മാനിച്ചു. മേജർ മുകുന്ദ് വരദരാജനും നായക് നീരജ് കുമാറിനും മരണാനന്തര ബഹുമതിയായി രാഷ്ട്രപതി പ്രണബ് മുഖർജി അശോകചക്ര സമ്മാനിച്ചത്.

മുഖ്യ അതിഥിയുടെ തൊട്ടു വലതു വശത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്റ്റ് ചങ്ങാതിക്ക് എന്നപോലെ പ്രസിഡണ്ട്‌ ഒബാമക്ക് ആഘോഷ പരിപാടികള്‍ ഇടതടവില്ലാതെ വിവരിച്ചു നല്‍കുന്ന കാഴ്ച കാണാമായിരുന്നു.

സ്ത്രീ ശക്തി എന്ന പ്രമേയത്തിലൂന്നി നടക്കുന്ന വനിതകളുടെ സൈനിക പരേഡ് ശ്രദ്ധേയമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസവും പരേഡിന്റെ പ്രധാന സവിശേഷതയായി. മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിന് ശേഷമാണ് സൈനിക അംഗങ്ങള്‍ പരേഡിന് എത്തിയത്. തുടര്‍ന്ന് കാണികളുടെ ശ്വാസം നിലപ്പിക്കുന്ന ഇന്ത്യന്‍ വായുസേന പരേഡില്‍ അവതരിപ്പിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈലും ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാറും പരേഡില്‍ അണിനിരന്നു. ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി 81 ഉം ആദ്യമായി പരേഡില്‍ അണിനിരന്നു. ചരിത്രത്തിലാദ്യമായി എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേകസംഘം രൂപീകരിച്ച് മാര്‍ച്ച് പാസ്റ്റ് നടത്തുന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാരീശക്തി എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ച്ച് പാസ്റ്റില്‍ നാവികസേനയുടെ അംഗങ്ങളെ നയിച്ചത് മലയാളിയായ പ്രിയ ജയകുമാറാണ്. 16 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഒമ്പത് മന്ത്രാലയങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിലുണ്ടായി. കേരളത്തിന്റെ ഫ്ലോട്ട് ഇത്തവണ പരേഡിന് തെരഞ്ഞെടുക്കപ്പെട്ടിട്ടിരുന്നില്ല. ദില്ലിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരന്നു. സ്വച്ഛ്ഭാരത്,മൈക്കിംങ് ഇന്ത്യ,മംഗള്‍യാന്‍ എന്നിവയുടെ നൃത്ത രൂപം പരേഡില്‍ അവതരിപ്പിച്ചു. ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയാണ് പരേഡ് അവസാനിച്ചത്.

Add a Comment

Your email address will not be published. Required fields are marked *