രാജ്യസഭയില്‍ നന്ദിപ്രമേയത്തിന് പ്രതിപക്ഷ ഭേദഗതി

ലോക്സഭയില്‍ വന്‍ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷത്തോട് തോറ്റു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പ്രതിപക്ഷ ഭേദഗതിയോടെ പാസാക്കേണ്ടി വന്നു. പ്രമേയ ചര്‍ച്ചയിലിടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചശേഷം പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വാക്കാല്‍ എതിര്‍പ്പറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായതിനാല്‍ സഭാ അധ്യക്ഷന്‍ ഡോ. ഹാമിദ് അന്‍സാരി അനുമതി നല്‍കിയില്ല. ചര്‍ച്ച സമാപിച്ചതായും തൃപ്തമല്ളെങ്കില്‍ നടപടിക്രമങ്ങളനുസരിച്ചു മുന്നോട്ടുപോകാമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയും പി. രാജീവുമാണ് പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചത്. ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടെന്നു കരുതി, ഉപരിസഭയെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്ന് ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഉന്നത തലത്തിലുള്ള അഴിമതി തടയുമെന്നും രാജ്യത്തു നിന്നു കടത്തിക്കൊണ്ടുപോയ മുഴുവന്‍ കള്ളപ്പണവും തിരികെക്കൊണ്ടുവരുമെന്നും പറഞ്ഞാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, നയപ്രഖ്യാപന പ്രസംഗത്തില്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. തന്‍റെ മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രിയും ഇതേക്കുറിച്ച് ഒന്നും പറയാതെ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങി. ഇത് ഉപരിസഭയോടുള്ള അവഹേളനമാണ്. ഇത് അംഗീകരിക്കാനിവില്ല. അതുകൊണ്ട് കള്ളപ്പണത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും പ്രമേയത്തില്‍ വ്യക്തത വരുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Add a Comment

Your email address will not be published. Required fields are marked *