രാജിവെക്കുന്നില്ല – വികെ സിംഗ്
ദില്ലി ; വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രാജിക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. ഡല്‍ഹിയിലെ പാക്കിസ്ഥാന് എംബസിയില്‍ തിങ്കളാഴ്ച നടന്ന പാക് ദേശീയ ദിനാഘോഷ ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധിയായി വി.കെ. സിംഗ് പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ വിവാദമായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തതു പൂര്‍ണ മനസോടെയല്ലെന്നും ചടങ്ങു വെറുപ്പുളവാക്കിയെന്നുമായിരുന്നു ട്വീറ്റുകള്‍. കാഷ്മീരിലെ വിഘടനവാദി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിനാല്‍ സിംഗ് രാജിക്കൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ചാണു ചടങ്ങില്‍ പങ്കെടുത്തതെന്നും സര്‍ക്കാരിനോടൊപ്പം നില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.