യെമനിലെ ഇന്ത്യൻ എംബസി അടച്ചു

ദില്ലി : വ്യോമമാർഗമുള്ള രക്ഷാദൗത്യം അവസാനിച്ചതിനു പിന്നാലെ യെമനിലെ ഇന്ത്യൻ എംബസി അടച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ജിബൂട്ടിയിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഹമന്ത്രി വി.കെ.സിംഗ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും സുഷമ പറഞ്ഞു. സനായിൽ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശമാർഗമുള്ള രക്ഷാപ്രവർത്തനം അവസാനിച്ചത്. ഇന്ത്യൻ നാവിക സേനയുടെ കപ്പലായ ഐ.എൻ.എസ് സുമിത്ര അൽഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതിൽ 303 പേർ വിദേശ പൗരന്മാരും 46 പേർ ഇന്ത്യക്കാരുമാണ്. മാർച്ച് 31 മുതൽ ആരംഭിച്ച രക്ഷാദൗത്യത്തിൽ ഇതുവരെ 4640 ഇന്ത്യക്കാരെയും 41 രാജ്യങ്ങളിൽ നിന്നുള്ള 960 വിദേശികളെയും അടക്കം വ്യോമ-കപ്പൽ മാർഗം 5600-ലധികം പേരെയാണ് സംഘർഷഭരിതമായ യെമനിൽ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *