യു ഡി എഫ് യോഗം നാളെ : പിള്ളയുടെ വിധി ?

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ആർ. ബാലകൃഷ്ണപിള്ള യുഡിഎഫിൽ നിന്നും പുറത്തേക്കാണോ എന്ന് നാളെ ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും. ബാർകോഴയുമായി ബന്ധപ്പെട്ട് ബിജു രമേഷുമായി പിള്ള നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങളില്‍ വന്നതാണ് പിള്ളയ്ക്ക് വിനയായത്.കെ.എം.മാണിക്കെതിരായ യുദ്ധത്തിൽ നിന്നും പിൻവാങ്ങരുതെന്നുള്ള പിള്ളയുടെ സംഭാഷണം തന്നെ പിള്ളയ്ക്കെതിയിരിക്കുന്നു. പിള്ള സര്‍ക്കാരിനെതിരെ ഒളിയുദ്ധം നയിക്കുകയാണ് എന്ന തോന്നൽ യുഡിഎഫിലെ കക്ഷികൾക്കുണ്ടായിരിക്കുന്നു. മാണിയുമായി പണ്ടേ കൊമ്പ് കോർത്തിരുന്ന പിള്ളയെ പുറത്താക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ്‌ (എം) രംഗത്ത്‌ വരികയും ബാലകൃഷ്ണപിള്ളയെ യുഡിഎഫിൽ നിന്നും പുറത്താക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. കുറച്ചു കൂടി കടന്നു പിള്ളയുണ്ടെങ്കിൽ യുഡിഎഫിൽ തങ്ങളില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതോടുകൂടി യുഡിഎഫിന് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലായി. പക്ഷെ ബാലകൃഷ്ണപിള്ളയെ പുറത്താക്കണമെങ്കിൽ യുഡിഎഫ് യോഗത്തിന് പി.സി.ജോർജിനെതിരെ കൂടി നടപടിയെടുക്കേണ്ടി വരും. ബാർക്കൊഴയ്ക്ക് പിന്നിൽ പി.സി.ജോർജ്കൂടിയുണ്ടെന്ന കാര്യം യുഡിഎഫിന് നിഷേധിക്കാൻ കഴിയാത്ത അവസ്ഥയിൽ പിള്ളയ്ക്കെതിരെ നടപടിയെടുത്താൽ ഒപ്പം ജോർജിനെതിരായ നടപടികൂടി പരിഗണിക്കേണ്ടി വരും. പിള്ളയെക്കാളും കോണ്‍ഗ്രസ്സിനു വെല്ലുവിളി ഉയർത്തുന്നത് ജോർജാണെന്നു കോണ്‍ഗ്രെസ്സിനറിയാം. ജോർജിനെതിരെ നടപടിയില്ലാതെ പിള്ളയ്ക്കെതിരെ മാത്രം നടപടി എന്ന കാര്യത്തിൽ കോണ്‍ഗ്രസിനു തന്നെ രണ്ടഭിപ്രായമുണ്ട്‌. നിലവിലെ അന്തരീക്ഷത്തിൽ പിള്ളയെ മാത്രം പുറത്താക്കുക വിഷമകരവുമാകും. പിള്ളയ്ക്കെതിരെ നടപടി വേണമെന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ രണ്ടഭിപ്രായമില്ല. പക്ഷെ ഒപ്പം ജോർജിനെതിരെക്കൂടി വേണം എന്നാണു കോണ്‍ഗ്രസ്‌ വൃത്തങ്ങളിൽ പ്രബലമായ ആവശ്യം. അതുകൊണ്ട് തന്നെ പിള്ളയെ പുറത്താക്കണമെന്ന ആവശ്യം ഉയരുമ്പോൾ ഒപ്പം ജോർജി നെതിരേ നടപടികൂടി ഉയരും. യുഡിഎഫിന് അതുകൂടി കണക്കിലെടുക്കേണ്ടി വരും. ഈ കാര്യത്തിൽ മുസ്ലിം ലീഗ് അയഞ്ഞ മട്ടാണ്. നടപടി വേണമെങ്കിൽ യുഡിഎഫ് യോഗം എടുക്കട്ടെ എന്നഭിപ്രായമാണ് മുസ്‌ലിം ലീഗിന്. ആർഎസ്പിയാണെങ്കിൽ യുഡിഎഫിൽ വന്നു കുടുങ്ങി എന്ന അഭിപ്രായത്തിലാണ്. മാണി രാജി വയ്ക്കണം എന്നാവശ്യം ആർഎസ്പിക്കുണ്ട്.

ആർഎസ്പിയുടെ രാഷ്ട്രീയ പാരമ്പര്യവും ആ രീതിയിലാണ്. വീരേന്ദ്രകുമാർ വിഭാഗത്തിനും ഈ ചക്കളത്തിപ്പോരിനു വലിയ താല്പര്യമില്ല. എന്തായാലും കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് നാളത്തെ യുഡിഎഫ് യോഗം. അതുകൊണ്ട് തന്നെ ബാലകൃഷണപിള്ളയോട് നാളത്തെ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഔദ്യോഗികമായി യുഡിഎഫ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നാളത്തെ യോഗത്തിൽ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം പി.സി.ജൊർജിനെക്കൂടി പുറത്താക്കണമെന്നു കേരളാ കോണ്‍ഗ്രസ്‌ എമ്മിനോട് കൂടിയുഡിഎഫ് യോഗം ആവശ്യപ്പെട്ടേക്കും. സ്വഭാവികമായും ഈ ആവശ്യം മാണി വിഭാഗം നിരസിക്കാനാണ് സാധ്യത. ജോർജ് തങ്ങളുടെ പാർടി ആയതിനാൽ ആ കാര്യം തങ്ങൾക്കു വിട്ടുതരണമെന്നും അവർ ആവശ്യപ്പെട്ടേക്കും. പക്ഷെ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ കടന്നു വന്നേക്കാവുന്ന ഒരു യുഡിഎഫ്യോഗമായി രിക്കും നാളത്തെത്. മറു വശത്തു തന്നെ പുറത്താക്കുകയാണെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുക തന്നെ ചെയ്യും എന്ന ഉറച്ച തീരുമാനത്തിലാണ് ബാലകൃഷ്ണപിള്ള.അതുകൊണ്ട് തന്നെയാണ് വീക്ഷണം പത്രത്തിൽ ബാലകൃഷ്ണപിള്ളയെ വിമർശിച്ച മുഖപ്രസംഗത്തിനു കടുത്ത ഭാഷയിൽ പിള്ള മറുപടി പറഞ്ഞത്. പക്ഷെ പിള്ളയുമായി ബന്ധപ്പെട്ട ഹിന്ദുസ്ഥാൻ സമാചാറിന് മനസ്സിലാക്കാൻ കഴിഞ്ഞത് കടുത്ത നടപടി നാളത്തെ യുഡിഎഫ് യോഗത്തിൽ നിന്നും ഉണ്ടാകില്ലെന്ന് പിള്ള പ്രതീക്ഷിക്കുന്നു എന്നാണ്. പക്ഷെ കടുത്ത നടപടി വന്നാൽ പിള്ളയും അതെ ഭാഷയിൽ പ്രതികരിച്ചേക്കും. എല്ലാം ചെറിയ ബോംബ്‌. വലുത് വരാനിരിക്കുന്നു എന്നാണു ബാലകൃഷ്ണപിള്ള ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞത്. എൻഎസ്എസ് നിലപാട് തന്നെ പിന്തുണയ്ക്കുന്നതായിരിക്കുമെന്നു പിള്ള പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും യുഡിഎഫിലെ മറ്റു കക്ഷികളുടെ അഭിപ്രായമാകും ഈ വിഷയത്തിൽ നാളെ നിർണ്ണായകമാകുക.

Add a Comment

Your email address will not be published. Required fields are marked *