യു ഡി എഫില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ സന്തോഷം എന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള

തിരുവനന്തപുരം: അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ യു.ഡി.എഫിൽ നിന്ന് തന്നെ പുറത്താക്കിയാൽ സന്തോഷമേയുള്ളൂവെന്ന് കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിള്ള പറഞ്ഞു. പുറത്ത് പോകുന്ന പിള്ളയായിരിക്കും യു.ഡി.എഫിൽ നിൽക്കുന്ന പിള്ളയെക്കാൾ കൂടുതൽ ശക്തൻ. യു.ഡി.എഫിൽ നിന്ന് തന്നെ മോചിപ്പിക്കണം. മുന്നണിയിൽ നിന്ന് പുറത്താക്കിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

താനും കൂടിയാണ് യു.ഡി.എഫ് ഉണ്ടാക്കിയത്. അങ്ങനെയുള്ള യു.ഡി.എഫിൽ നിന്ന് ഇറങ്ങിപ്പോവാൻ വൈകാരികമായി ബുദ്ധിമുട്ടുണ്ട്. വേണമെങ്കിൽ തന്നെ പുറത്താക്കട്ടെ. പുറത്ത് നിന്ന് ഒറ്റയ്ക്കോ കൂട്ടായോ അഴിമതിക്കെതിരെ പോരാടും. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ല. എന്നാൽ യു.ഡി.എഫ് ആവശ്യപ്പെട്ടാൽ ഉപേക്ഷിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുന്നതാണ് യു.ഡി.എഫിലെ രീതി. ചീഫ് വിപ്പ് പി.സി.ജോർജിനെ യു,ഡി.എഫ് തൊടില്ല. ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടി.എൻ.പ്രതാപൻ എം.എൽ.എയാണ്. എന്നിട്ട് പ്രതാപനെതിരെ ഒരു നടപടിയും ഉണ്ടായില്ല. മന്ത്രിമാരുടെ മൂന്ന് പേഴ്സണൽ സ്റ്റാഫുകളുടെ അഴിമതി ചൂണ്ടിക്കാട്ടിയ ഗണേശ് കുമാറിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് പുറത്താക്കി. എം.എൽ.എമാരുടെ എണ്ണം കുറഞ്ഞ പാർട്ടികൾക്കു നേരെ എന്തും ആവാമെന്ന നിലപാടാണ് ഉമ്മൻചാണ്ടിക്കെന്നും പിള്ള ആരോപിച്ചു. 
മാണിക്കെതിരായ ആരോപണംമുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് കഴിഞ്ഞ വർഷം സെപ്തംബർ28നാണ്.ഗണേശും കൂടെയുണ്ടായിരുന്നു. ഉമ്മൻചാണ്ടിയെ കണ്ടത് എന്തിനാണെന്ന് പിന്നീട് വ്യക്തമാക്കും. തന്നെ കണ്ടിട്ടില്ലെന്ന് പറയുന്ന ഉമ്മൻചാണ്ടിയുടെ വീട്ടിലെ കാമറ ദൃശ്യങ്ങൾ പരിശോധിക്കണം. നവംബർ രണ്ടിനാണ് ബിജുവുമായി ഫോണിൽ സംസാരിക്കുന്നത്. അതിനുശേഷം തന്നെ കണ്ടില്ലെന്നായിരിക്കും ഉമ്മൻചാണ്ടി പറഞ്ഞത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതു മുതൽ വീർപ്പുമുട്ടലും അപമാനവും സഹിക്കുന്നു. വാളകം കേസിൽ തന്നെ മാനംകെടുത്താൻ ശ്രമിച്ചു. ഗണേശിനെ തനിക്കെതിരെ തിരിച്ചത് ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്നാണെന്നും പിള്ള ആരോപിച്ചു.

Add a Comment

Your email address will not be published. Required fields are marked *