യുപിയില്‍ സിവില്‍ സര്‍വീസ് ചോദ്യ പേപ്പര്‍ ചോര്‍ന്നു
ലക്നൗ: ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് പബ്ലിക് സർവീസ് കമ്മീഷന്റെ(യു.പി.പി.എസ്.സി) പ്രാഥമിക പരീക്ഷ ഒന്നാം പേപ്പർ ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. ഇന്ന് രാവിലെ 9.30ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപ്പേപ്പർ 9.15ന് പുറത്തായി. വാട്സ് ആപ്പ് മെസേജിംഗ് സർവീസിലൂടെ വിതരണം ചെയ്യപ്പെട്ടതായി കണ്ടെത്തിയ ചോദ്യപ്പേപ്പർ യഥാർത്ഥ ചോദ്യപ്പേപ്പർ തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
തുടർന്ന് യു.പി.പി.എസ്.സി നടത്തുന്ന പരീക്ഷ റദ്ദാക്കിയതായി ചീഫ് സെക്രട്ടറി അലോക് രാജൻ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ പരീക്ഷാ തീയതി ഉടനെ തീരുമാനിക്കും. പിന്നീട് ഉച്ചയ്ക്ക് 2.30ന് പരീക്ഷയുടെ രണ്ടാം ഷിഫ്റ്റ് നടത്തി. വാട്സ് ആപ്പിലൂടെ ചോദ്യപ്പേർ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
സംഭവത്തിൽ നിർണ്ണായകമായ സൂചനകൾ ലഭിച്ചതായും ഉടനെ അറസ്റ്റു രേഖപ്പെടുത്തുമെന്നും യു.പി പൊലീസ് ചീഫ് എ.കെ. ജയിൻ അറിയിച്ചു. ഒരു കോപ്പിക്ക് അഞ്ചു ലക്ഷം രൂപ നിരക്കിലാണ് ചോദ്യപ്പേപ്പർ വിറ്റുപോയത്. സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയിൽ ഇത്തവണ നാലു ലക്ഷം ഉദ്യോഗാർത്ഥികളാണ് മത്സരിക്കുന്നത്.