മൺസൂൺകാലത്തെ മാമ്പഴങ്ങൾ
ഡി.പി.പള്ളിക്കലിന്റെ അമേരിക്കൻ അപാരതയെന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഷോർട്ട് ഫിലിമിലൂടെയാണ് മൺസൂൺ മാംഗോസ് തുടങ്ങുന്നത്. പഴയ സിനിമയിലെ നായകന്റെ ശ്രമകരമായ കാർ ഡ്രൈവിംഗാണ് തുടക്കം. ഏറെ ഗൗരവമായും മാനസിക സംഘർഷത്തോടെയും സ്റ്റിയറിംഗ് പ്രത്യേക രീതിയിൽ നിയന്ത്രിച്ച് വണ്ടി ഓടിയ്ക്കുന്ന അറുപതുകളിലെ നായകനും കൂടെ നായികയും. അക്കാലത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക എല്ലാ ഭാഷകളിലേയും ചിത്രങ്ങളിൽ കണ്ട് പരിചയിച്ച ദൃശ്യങ്ങൾ. ഈ രംഗങ്ങൾ കാണിച്ച് ഡി.പി സ്വയം തന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തന്നെ കൗൺസിലിംഗിന് വിധേയനാക്കുന്ന ഡോക്ടറോട് സംസാരിയ്ക്കുന്നു. സിനിമാഭ്രമം മൂത്ത് സംവിധായകനാവാൻ തീരുമാനിച്ചിറങ്ങിയ ഡി.പിയുടെ ജീവിതം ഒരു ചിത്രകഥ പോലെ പറയുകയാണ് നവാഗത സംവിധായകനായ എബി വർഗീസ്.
അക്കരകാഴ്ചകൾ എന്ന ടി.വി പരമ്പരയിലൂടെ ശ്രദ്ധേയനായ എബി വർഗീസിന്റെ ആദ്യ സിനിമയാണിത്. ചിലയിടങ്ങളിൽ ചിത്രം വിരസവും ടൈപ്പും ആയി മാറുന്നുണ്ടെങ്കിലും മനോഹരമായ ഫ്രെയിമുകളിലൂടെ ചിത്രത്തെ അരോചകമാക്കാതെ നിലനിർത്താൻ സംവിധായകനും ഛായാഗ്രാഹകനും കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലൂക്കാസ് പ്രൂച്‌നിക്കിന്റെ സിനിമാട്ടോഗ്രഫി എടുത്തു പറയേണ്ട ഒന്നാണ്. കഥ നടക്കുന്നത് 90കളുടെ അമേരിക്കൻ പശ്ചാത്തലത്തിലാണ്. അതേ സമയം അധികം അമേരിക്കൻ കഥാപാത്രങ്ങൾ ചിത്രത്തിൽ വരുന്നില്ല. അമേരിക്കയിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ച്, മദ്ധ്യവർഗത്തിന്റെ ജീവിതം ചിത്രീകരിച്ച അക്കരക്കാഴ്ചകളുടെ സംവിധായകൻ, അതേ സാമൂഹ്യ ജീവിതത്തിന്റെ അൽപം അതിഭാവുകത്വമുള്ള നർമ്മങ്ങളും ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നു. അതും പതിവ് രീതിയിൽ നിന്ന് വിട്ട് അമേരിക്കൻ നഗരങ്ങളെ ഒഴിവാക്കിക്കൊണ്ട്. തീർത്തും ഹാംലറ്റ് എന്ന് വിളിയ്ക്കാവുന്ന പ്രദേശമാണ് പശ്ചാത്തലം. അമേരിക്കൻ ഹാംലറ്റിന്റെ മനോഹാരിത ഒപ്പിയെടുത്ത ഷോട്ടുകൾ നല്ല ദൃശ്യാനുഭവമാണ് ഒരുക്കുന്നത്.