മോചനത്തിനെതിരെ പ്രധാനമന്ത്രി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കാഷ്മീര്‍ വിഘടനവാദി നേതാവ്‌ മസറത്ത്‌ ആലം ഭട്ടിന്റെ ജയില്‍ മോചനത്തെ എതിര്‍ത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുശേഷം ജമ്മു കാഷ്മീരിലെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയോ അനുമതിയോടെയോ അല്ല. മസറത്ത്‌ ആലം ഭട്ടിന്റെ മോചനത്തില്‍ പാര്‍ലമെന്റിലും പുറത്തുമുണ്ടായ പ്രതിഷേധം ഏതെങ്കിലും കക്ഷികളുടേതായി മാത്രം കാണുന്നില്ല. ഈ പ്രതിഷേധത്തില്‍ താനും പങ്കുചേരുന്നുവെന്ന്‌ പ്രധാനമന്ത്രി വ്യക്‌തമാക്കി. 
എന്നാല്‍ തീവ്രവാദ വിഷയങ്ങള്‍ രാഷ്‌ട്രീയ വല്‍ക്കരിക്കരുതെന്നും ബിജെപിയെ ആരും രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. മസറത്ത്‌ ആലം ഭട്ടിന്റെ മോചനത്തെക്കുറിച്ചുളള പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും നടപടികള്‍ തടസപ്പെട്ടിരുന്നു.

നേരത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ലോക്‌സഭയില്‍ വച്ചു. 1995മുതല്‍ രാജ്യദ്രോഹവും കൊലപാതകവും അടക്കം 27 കേസുകള്‍ മസറത്ത്‌ ആലത്തിനെതിരെയുണ്ടെന്നും ഈ കേസുകളിലെല്ലാം ആലത്തിന്‌ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. പൊതുസുരക്ഷാ വകുപ്പ്‌ പ്രകാരമമാണ്‌ മസറത്ത്‌ ആലത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്‌. ഈ ചട്ടപ്രകാരം രണ്ടു വര്‍ഷത്തിലധികം ജയിലില്‍ പാര്‍പ്പിക്കാനാകില്ലെന്നും അതിനാലാണ്‌ മോചിപ്പിച്ചതെന്നുമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചതെന്ന്‌ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. ഈ വിശദീകരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ തൃപ്‌തിയില്ലെന്നും കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *