മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ; തിരിച്ചടിയല്ലെന്നും അപ്പീല്‍ പോകില്ലെന്നും മന്ത്രി
കൊച്ചി : സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴവന്‍ സീറ്റുകളും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഇനാംദാര്‍ കേസും ടി.എം.കെ പൈസ കേസും ചൂണ്ടിക്കാട്ടി മാനേജുമെന്റുകള്‍ വാദിക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു.
നീറ്റില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മെറിറ്റ് അടിസ്ഥാനത്തിലാണോ പ്രവേശനം എന്നത് ജയിംസ് കമ്മറ്റി ഉറപ്പ് വരുത്തണം.
അതേസമയം, കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സീറ്റ് ഏറ്റെടുത്തത് സാമൂഹ്യ നീതി ഉറപ്പാക്കാനാണെന്നും ഉത്തരവിനെതിരെ അപ്പീല്‍ പോകില്ലെന്നും കുട്ടികളുടെ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജുമെന്റുകളുമായി ഏറ്റുമുട്ടലിനില്ലെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.