എ. രാജയുടെ വിശ്വസ്തന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന്
ചെന്നൈ: മുന്‍ മന്ത്രി എ. രാജയുടെ വിശ്വസ്ഥന് സാദിഖ് ബച്ചയുടെ മരണത്തിനു പിന്നില്‍ 2ജി അഴിമതിക്കേസ് സംബന്ധിച്ച തര്‍ക്കങ്ങളെന്നു വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ എം.ഡിയും രാജയുടെ അടുത്ത അനുയായിയുമായിരുന്ന സാദിഖ് ബച്ചയെ 2011 മാര്‍ച്ചില്‍ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇത് ആത്മഹത്യയാണെന്നായിരുന്നു നിഗമനം. രാജയുടെ മുന്‍ അനുയായി കൂടിയായ കെ. പ്രഭാകരനാണ് (24) വെളിപ്പെടുത്തല്‍ നടത്തിയത്. കൊലപാതകത്തില്‍ എ. രാജയ്ക്കു പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയുണ്ടായ വെളിപ്പെടുത്തല്‍ ഡി.എം.കെയിലെ അധികാര വടംവലിയുടെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തമിഴ്നാട് അറിയാലൂര്‍ ജില്ലയിലെ ആയുര്‍ ഗ്രാമത്തില്‍നിന്നുള്ള താനും മറ്റു രണ്ടുപേരുമാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു പ്രഭാകരന്റെ നിലപാട്.
കൊലപാതകത്തില്‍ അന്നത്തെ സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് മേധാവി ജാഫര്‍ സേട്ടിനും രാജയുടെ അടുത്ത ബന്ധുവായ പരമേശ് കുമാറിനും പങ്കുണ്ടെന്നും പ്രഭാകരന് തിരുച്ചിറപ്പള്ളിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
2ജി അഴിമതിക്കേസ് വിവാദം കത്തിപ്പടരുന്നതിനിടെയായിരുന്നു സാദിഖ് ബച്ചയുടെ മരണം. 2ജി കേസില്‍ എ. രാജയ്ക്ക് എതിരായി പ്രധാനപ്പെട്ട വിവരങ്ങള്‍ സാദിഖ് ബച്ച സി.ബി.ഐക്ക് കൈമാറിയെന്ന സൂചനയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രഭാകരന് അറിയിച്ചു.
‘ടി നഗറിലെ ഗ്രീന്‍ ഹൗസ് പ്രമോര്ട്ടേഴ്സിന്റെ ഓഫിസില്‍വച്ച് സാദിഖ് ബച്ചയെ ഞങ്ങളാണ് ആക്രമിച്ചത്. ജാഫര്‍ സേട്ട് തുണി ഉപയോഗിച്ച് ബച്ചയെ ശ്വാസം മുട്ടിച്ചു കൊന്നു. പരമേശ് കുമാര്‍ കാല്‍മുട്ടുകള്‍ കൊണ്ട് ബച്ചയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ഞാന്‍ കാലുകള്‍ കൂട്ടിപ്പിടിച്ചു. തുടര്‍ന്ന് ആത്മഹത്യയെന്നു തോന്നിക്കാന്‍ സാദിഖിനെ കെട്ടിത്തൂക്കുകയായിരുന്നു.’ പ്രഭാകരന് പറഞ്ഞു.
പണത്തിനു വേണ്ടിയാണു കൊലപാതകത്തിനു കൂട്ടുനിന്നത്. എന്നാല്‍ പണമൊന്നും ലഭിച്ചില്ല. ജീവനു ഭീഷണിയായതിനാലാണ് എല്ലാം തുറന്നുപറയുന്നതെന്ന് അദ്ദേഹം അറിയിച്ചു. കേസ് ഇപ്പോള്‍ സി.ബി.ഐ. ആണ് അന്വേഷിക്കുന്നത്.