മൂന്നാര്‍ ദൗത്യസംഘത്തിന്റെ തലവനായിരുന്ന സുരേഷ്‌കുമാര്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന് ചൂക്കാന്‍ പിടിച്ച വി.എസ് അച്യുതാനന്ദന്റെ പൂച്ച കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ് സര്‍വീസില്‍നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ഒരു വര്‍ഷം കൂടി സര്‍വീസ് നിലനില്‍ക്കെയാണ് സുരേഷ് കുമാര്‍ വിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചത്. ഔദ്യോഗിക ഭാഷാ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാര്‍ ആറുമാസത്തിലേറേയായി അവധിയിലാണ്. ട്രൈബല്‍ സ്‌കൂളിലെ അധ്യാപകനായാണ് അദ്ദേഹം അവധിക്കാലം ചെലവിടുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ച് അധ്യപനത്തില്‍ സജീവമാകാനാണ് തീരുമാനം.

എട്ടുവര്‍ഷമായി സുരേഷ്‌കുമാര്‍ ഒരേവകുപ്പില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥാനക്കയറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് അഡ്്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തിരുന്നു. വി.എസ്. മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂമി കൈയ്യേറി നിര്‍മ്മിച്ച സി.പി.ഐയുടെ ഓഫീസ് വരെ പെളിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി.

ഇതേത്തുടര്‍ന്ന് സി.പി.എം-സി.പി.ഐ. നേതൃത്വങ്ങളുടെ നോട്ടപ്പുള്ളിയായി മാറിയ ഇദ്ദേഹത്തെ ഔദ്യോഗികഭാഷാവകുപ്പിലേക്കു മാറ്റാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. നിര്‍ബന്ധിതനായി. യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും ഈ ഉദ്യോഗസ്ഥനെ കാര്യമായി പരിഗണിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. 1989ല്‍ ഐ.എ.എസ്. ലഭിച്ച സുരേഷ്‌കുമാര്‍ ദളിത് നേതാവും പി.എസ്.സി. മുന്‍ അംഗവുമായ പരേതനായ കെ.വി. കുമാരന്റെ മകനാണ്‌

Add a Comment

Your email address will not be published. Required fields are marked *