മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെയും കരസേനാമേധാവിയുടെയും സംഭാഷണം പാകിസ്ഥാന്‍ ചോര്ത്തി

ദില്ലി: മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെയും അന്നത്തെ കരസേനാമേധാവി ബിക്രം സിങിന്റെയും സംഭാഷണം പാക് ചാരസംഘടന ഐഎസ്‌ഐ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ എ കെ ആന്റണി വിസമ്മതിച്ചു. പെട്രോളിയം, കല്‍ക്കരി മന്ത്രാലയങ്ങളില്‍ നിന്ന് രേഖകള്‍ ചോരുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.2014 ഫെബ്രുവരി 14ന് ദില്ലി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തില്‍ വെച്ച് രാവിലെ 11മണിക്ക് അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയും മുന്‍ കരസേനാമേധാവി ബിക്രം സിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും പാക് അതിര്‍ത്തിപ്രദേശത്തെ സൈനികവിന്യാസം സംബന്ധിച്ചായിരുന്നു ചര്‍ച്ച.

സൈനികവിന്യാസത്തില്‍ കാതലായ മാറ്റം വരുത്താനുളള തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനും സൈനികരെ പുനര്‍വിന്യസിച്ചു തുടങ്ങി. ഇതോടെ രഹസ്യമായി കൈമാറിയ വിവരം ചോര്‍ന്നുവെന്ന് വ്യക്തമായ സൈനികരഹസ്യാന്വേഷണഏജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ഐഎസ്‌ഐയ്ക്ക് വിവരം കൈമാറിയത് പ്രതിരോധമന്ത്രാലയത്തില്‍ നിന്നു തന്നെയാണെന്ന് വ്യക്തമായത്. പ്രതിരോധമന്ത്രിയും കരസേനാമേധാവിയും തമ്മിലുളള കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്ന ഉന്നതസൈനിക ഉദ്യോഗസ്ഥനാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയത്. ഇയാളെ ഉടനടി പുറത്താക്കാന്‍ ഉത്തരവിട്ട പ്രതിരോധമന്ത്രാലയം കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. തുടര്‍ന്ന് മന്ത്രാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉടനടി സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. വാര്‍ത്ത പുറത്തു വന്നതോടെ പ്രതികരിക്കാന്‍ വിസമ്മതിച്ച എ കെ ആന്റണി ഇക്കാര്യം നിലവിലെ പ്രതിരോധമന്ത്രിയോടാണ് ചോദിക്കണ്ടതെന്നാണ് മറുപടി നല്‍കിയത്.

Add a Comment

Your email address will not be published. Required fields are marked *