മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്നാഥ് സിംഗിനെകണ്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശേഷാചലം മലനിരകളിൽ ഇരുപത് ചന്ദനക്കടത്തുകാർ പൊലീസ് വെടിവയ്പിൽ മരിക്കാനിടയായ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ വിവരങ്ങൾ ധരിപ്പിച്ചു. വെടിവയ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു നായിഡു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. തമിഴ്നാട്ടിൽ നിന്നുള്ള 20 പേരാണ് ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ചത്. ഇന്ന് ശേഷാചലം മലനിരകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ പതിനാല് ചന്ദനക്കടത്തുകാരെ കൂടി അറസ്റ്റു ചെയ്തു.

അതിനിടെ, വെടിവയ്പിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം ആന്ധ്രാ സർക്കാരിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. പൊലീസിന് അവരുടെ നടപടി ന്യായീകരിക്കാമെന്നും എന്നാൽ കമ്മിഷൻ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ.ജി.ബാലകൃഷ്ണൻ പറഞ്ഞു.അതേസമയം,വെടിവയ്പിനെ തുടർന്ന് ഉടലെടുത്ത സംഘർഷ സാദ്ധ്യത ചിറ്റൂരിലും തമിഴ്നാട്ടിലും അതുപോലെ തുടരുകയാണ്. ചിറ്റൂരിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്. സംഘർഷമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ചെന്നൈയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം സംഭവത്തെ അപലപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ജോലിക്കായെത്തിയ നിരപരാധികളായ തൊഴിലാളികളെയാണ് പൊലീസ് വെടിവച്ചു കൊന്നത് എന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *