മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം: പരാതികള്‍ നല്‍കുമ്പോള്‍ മാര്‍ഗനിര്‍ദേശം പാലിക്കണം – കളക്ടര്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏപ്രില്‍ 23ന് എറണാകുളത്ത് നടത്തുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അപേക്ഷകളില്‍ അപേക്ഷകരുടെ യു.ഐ.ഡി. നമ്പര്‍, യു.ഐ.ഡി. അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. സ്വന്തമായി മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ അടുത്ത ബന്ധുവിന്റേയൊ സുഹൃത്തിന്റെയോ മൊബൈല്‍ നമ്പര്‍ നല്‍കാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു. ഫിഷറീസ്, എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിനാണ് എറണാകുളം ജില്ലയില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഏകോപനച്ചുമതല. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി മാര്‍ച്ച് 28. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റ് എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല. പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്: 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), +91471 1076 (വിദേശത്തുനിന്നും). ജനസമ്പര്‍ക്കപരിപാടിയിലേക്ക് നിശ്ചിത തീയതിക്കകം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് മുന്‍ഗണന. ഇതിനു ശേഷവും, പരിപാടിയുടെ ദിവസവും ലഭിക്കുന്ന അപേക്ഷകള്‍ പ്രത്യേകമായി സ്വീകരിക്കും. ഓണ്‍ലൈനില്‍ ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമേ ഉള്‍ക്കൊള്ളിക്കാനാകൂ. വിവിധ വിഷയങ്ങളില്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിച്ച വിവരവും തുടര്‍നടപടിയും എസ്.എം.എസ്, ഇ മെയില്‍, കത്ത് എന്നിവ മുഖേന അറിയിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന വിഭാഗങ്ങളില്‍ നിലവിലുള്ളവയ്ക്ക് പുറമെ സ്വയംതൊഴില്‍, ബാങ്ക് വായ്പ, പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, വൈദ്യുതി, പട്ടയവും മറ്റ് റവന്യൂ കാര്യങ്ങളും തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തും. ലഭിക്കുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശുപാര്‍ശകള്‍ ജില്ല കളക്ടര്‍ പരിശോധിക്കും. ഓരോ വകുപ്പിനും ലഭിക്കുന്ന അപേക്ഷകളില്‍ പ്രത്യേക കോഡോടു കൂടിയാണ് നമ്പറുകള്‍ രേഖപ്പെടുത്തുക. ഓണ്‍ലൈനിലല്ലാതെ ജനസമ്പര്‍ക്കപരിപാടിയുടെ ദിവസം പരാതി നല്‍കാനെത്തുന്നവര്‍ക്കായി പ്രത്യേക കൗണ്ടറുകളുണ്ടാകും. രജിസ്റ്റര്‍ ചെയ്ത പരാതികളാണ് മുഖ്യമന്ത്രി സ്വീകരിക്കുക. പരാതികളില്‍ തുടര്‍ നടപടി ഉറപ്പാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ശയ്യാവലംബികളായ രോഗികളെ ജനസമ്പര്‍ക്ക പരിപാടിക്കു കൊണ്ടുവരേണ്ടതില്ലെന്നും ഇവര്‍ക്കു വേണ്ടി ചിത്രവും സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സഹിതം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *