മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കത്തെഴുതിവെച്ച ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു
ആലപ്പുഴ: മുഖ്യമന്ത്രിക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കത്തുകള്‍ എഴുതിവച്ച ശേഷം സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. മരുമകളെ നിരന്തരം ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുക്കാന്‍ തയാറാകാത്തതില്‍ മനംനൊന്താണ് കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്തത്.
മരുമകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത പരിസരവാസിയായ ഉണ്ണി എന്നയാള്‍ക്കെതിരെയാണ് കൃഷ്ണകുമാര്‍ തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലിസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ച് ഉണ്ണിയെ താക്കീത് ചെയ്യുകയും ഇതിന് പിന്നാലെ മാവേലിക്കരയില്‍ നിന്ന് എത്തിയ ക്വട്ടേഷന്‍ സംഘം കൃഷ്ണകുമാറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്നു കൃഷ്ണകുമാര്‍ ഭീഷ്ണിപ്പെടുത്തുയെന്ന ഉണ്ണിയുടെ പരാതിയില്‍ പോലിസ് കൃഷ്ണകുമാറിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മകനെ കേസില്‍പ്പെടുത്തി മര്‍ദിക്കുമെന്ന് ഭീഷ്ണിപ്പെടുത്തുകയും ചെയ്തെന്നു ബന്ധുക്കള്‍ പറയുന്നു. തന്റെ മരണത്തിന് തൃക്കുന്നപ്പുഴ എസ്.ഐ കുഞ്ഞുമോനും ഉണ്ണിയുമാണ് ഉത്തരവാദികളെന്ന് കത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു. തന്റെ മരണത്തോടെ പ്രശന്ങ്ങള്‍ അവസാനിക്കുമെന്നും ഇതുപോലൂള്ള നരാധമന്മരായ പോലിസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടെയെന്നും ഇങ്ങനെയുള്ളവര്‍ ഉദ്യോഗത്തിലിരുന്നാല് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും വിലതില്ലാതാകുമെന്നുമാണ് കത്തിലെഴുതിയിരിക്കുന്നത്.
പോലിസിനോട് സഹയം അഭ്യര്‍ത്ഥിച്ച് പരാതി നല്‍കിയിട്ടും സംരക്ഷണം നല്‍കാതെ ഭീക്ഷണിപ്പെടുത്തിയ പോലിസിന്റെ നടപടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നത്. മുഖ്യമന്ത്രിക്കും പാര്ട്ടിപ്രവര്ത്തകര്ക്കുമായി രണ്ട് കത്തുകളാണ് എഴുതിവച്ചിരിക്കുന്നത്. ഒന്ന് ഭിത്തിയില്‍ ഒട്ടിച്ച നിലയിലും മറ്റൊന്ന് കട്ടിലിന്റെ അടിയില്‍ നിന്നുമാണ് കിട്ടിയത്. സംഭവസ്ഥലത്തെത്തിയ പോലിസ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കത്ത് കീറികളയാന്‍ ശ്രമിച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.