മിഷന്‍ മോഡല്‍ സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം  ; പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ അക്കാഡമിക കാര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന മിഷന്‍ മോഡല്‍ സ്‌കൂള്‍ -21-സി പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏത് മേഖലയിലും ഒന്നാമത് നില്‍ക്കുന്ന പ്രഗത്ഭരെ സൃഷ്ടിച്ച സ്‌കൂളാണ് മോഡല്‍സ്‌കൂള്‍. ഇവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ തന്നെ ഒന്നാംകിട സ്‌കൂളായി മോഡല്‍ സ്‌കൂളിനെ മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളായ നടന്‍ മോഹന്‍ലാല്‍,മുന്‍ ഇന്‍ഫോസിസ് മേധാവി ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായകന്‍ എം.ജി.ശ്രീകുമാര്‍ എന്നിവരെ സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രി ഇത് പറഞ്ഞത്. മോഡല്‍ സ്‌കൂളില്‍ നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ മറ്റെല്ലാ സ്‌കൂളുകളും മാതൃകയായി പിന്തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നടക്കാവ്, പാനൂര്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. ഈ വലിയ ലക്ഷ്യം ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ഈ പദ്ധതി മികച്ച രീതിയില്‍ ഏറ്റെടുക്കാനുള്ള ക്രിസ് ഗോപാലകൃഷ്ണന്റെ വെല്ലുവിളി മോഹന്‍ലാല്‍ ഏറ്റെടുത്തു. എം.ജി.ശ്രീകുമാര്‍ പരിപാടിയുടെ അവതാരകനായി. ഒന്നാംഘട്ട പദ്ധതിരേഖ ക്രിസ് ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനും പദ്ധതിരേഖ ഭരത്ഭൂഷണ്‍ ജിജി തോംസണിനു കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.വി.ഷാജി, മേയര്‍ കെ.ചന്ദ്രിക, പ്രായംചെന്ന പൂര്‍വ വിദ്യാര്‍ത്ഥി അയ്യപ്പന്‍പിള്ള തുടങ്ങിയവരും പങ്കെടുത്തു

 

Add a Comment

Your email address will not be published. Required fields are marked *