മാൽഗുഡി ഡേയ്സ്
ഒരു യഥാർത്ഥ സംഭവ കഥയുടെ പശ്ചാത്തലത്തിൽ നവാഗതരായ വിശാഖ്, വിവേക്, വിനോദ് എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് മാൽഗുഡി ഡേയ്സ്. ആർ.കെ.നാരായണന്റെ നോവലായ മാൽഗുഡി ഡേയ്സുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. മാത്രമല്ല മലയാള സിനിമയിൽ ആദ്യമായാണ് മൂന്ന് സംവിധായകർ ചേർന്ന് ഒരു സിനിമയൊരുക്കുന്നത്.
അവധിക്കാല സമയത്ത് നാഗാലാൻഡിലെ സ്കൂളിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടി ആരും സഹായത്തിനില്ലാതെ പട്ടിണി കിടന്ന് മരിച്ചു പോയ സംഭവമാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അനുപ് മേനോനും ഭാമയും ആണെങ്കിലും രണ്ടു കുട്ടികളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടുക്കിയിലെ ഹിൽടോപ്പിലുള്ള മാൽഗുഡി നാഷണൽ പബ്ളിക് സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥികളാണ് അഥീന(ബേബി ജാനകി), മിലൻ (മാസ്റ്റർ വിശാൽ) എന്നിവർ. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ കുട്ടികൾക്കിടയിലേക്ക് സെഫാൻ (അനൂപ് മേനോൻ) എന്ന ചിത്രകാരൻ കടന്നു വരുന്നു. സെഫാൻ കുട്ടികളുമായി ചങ്ങാത്തത്തിലാവുന്നു. പിന്നീട് അയാൾ അവിടെയെത്താനുണ്ടായ സാഹചര്യങ്ങളും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ അനാവരണം ചെയ്യുന്നത്.