മാവോയിസ്റ്റുനേതാക്കളെ ഒളിത്താവളത്തില്‍ കയറി കാണും ; മുഖ്യമന്ത്രിക്ക് കത്തുനല്കും: പി.സി.ജോർജ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് വെട്ടയ്ക്കെതിരെ കടുത്ത പോരാട്ടവുമായി ചീഫ് വിപ്പ് പി.സി.ജോർജ് ഇറങ്ങിത്തിരിക്കുന്നു. മാവോയ്സ്റ്റ് നേതാക്കളെ ഒളിത്താവളത്തില്‍ കയറി സന്ദർശിക്കുമെന്നും, മാവോയിസ്റ്റു  പ്രശ്നതിൽ ഇന്നു തന്നെ മുഖ്യമന്ത്രിയെ കണ്ട് താൻ കത്ത് കൊടുക്കുമെന്നും സ ർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. കഴിഞ്ഞ 20 വർഷം ആദിവാസി വികസനത്തിനു എത്രമാത്രം ഫണ്ട് അനുവദിക്കപ്പെട്ടെനും, എന്തുമാത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെട്ടെന്നും ഒരു നിയമസഭാ കമ്മറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള  കത്താണ് മുഖ്യമന്ത്രിക്ക് നല്കുക. ഈ സമിതിയിൽ താൻ കൂടി അംഗമായിരിക്കണമെന്നും ആവശ്യപ്പെടും. എത്ര പണം അനുവദിച്ചു, എത്രമാത്രം ലക്ഷ്യത്തിലെത്തി. ഇതാണ് കത്തിൽ ആവശ്യപ്പെടുക.  കാരണം മാവോയിസ്റ്റുകൾക്ക് എവിടെയെങ്കിലും വേര് പിടിപ്പിക്കാൻ സാധിക്കുമെങ്കിൽ അത് ആദി വാസികൾക്കിടയിൽ മാത്രമാണ്. അതുകൊണ്ടാണ് ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ അവസ്ഥയെന്തെന്നു ഒരു നിയമസഭാ സമിതിയെകൊണ്ട് അന്വേഷിക്കണമെന്നു ആവശ്യപ്പെടുന്നത്. പി.സി.ജോർജ് ആഭ്യന്തര വകുപ്പിനെ ഉപദേശിക്കെണ്ടെന്നും ആവശ്യമെങ്കിൽ മാവോയിസ്റ്റുകളെ ആയുധം വയ്ക്കാൻ പ്രേരിപ്പിച്ചാൽ മതിയെന്നുമുള്ള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ ഉറച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പി.സി.ജോർജിന്റെ ഈ ഇറങ്ങിത്തിരിക്കൽ. ഈ യുദ്ധത്തിൽ താൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണെന്ന വ്യക്തമായ സൂചനകളാണ് ഹിന്ദുസ്ഥാൻ സമാചാറിനു പി.സി.ജോർജ് നല്കിയത്. തനിക്കുള്ള ഉറച്ച ബോധ്യതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റു വേട്ടയിൽനിന്നു സര്ക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടതെന്നു പി.സി.ജോർജ് ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. ആദിവാസികളെ സർക്കാർ അവഗണിച്ചത്കാരണമാണ് ആദിവാസി മേഖലകളിൽ അത്തരമൊരു സ്വാധീനം മാവോയിസ്റ്റുകൾക്ക് ഉണ്ടായത്. ആദിവാസി  മേഖലകളിലെ വികസന ഫണ്ടുകൾ വഴിമാറ്റപ്പെട്ടു ചിലവഴിക്കപ്പെട്ടതിന്റെ തിക്തഫലമാണത്. മാറി മാറി ഭരിച്ച സർക്കാറുകൾ ഇതിനു ഉത്തരവാദികളാണ്. . ഇന്നലെ ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിലക്കുന്നതായും പി.സി.ജോർജ് പറഞ്ഞു. ഒരു കെഎസ് യു ക്കാരനോ, യൂത്ത് കോണ്‍ഗ്രസ്‌കാരനോ, ഒരു ഡിവൈഎഫ്ഐക്കാരനോ നടത്തുന്ന അക്രമത്തിന്റെ പ്രാധാന്യം പോലും മാവോയിസ്റ്റുകൾ എന്ന പേരിൽ നടത്തിയ അക്രമങ്ങൾക്കില്ല. മാവോയിസ്റ്റുകൾ എന്ന് പറഞ്ഞാൽ അക്രമത്തിനു ഒരു ശൈലിയുണ്ട്. ആ ശൈലി കേരളത്തിൽ അവർ എടുത്തില്ല. കൊല്ലും കൊലയുമൊന്നും നടത്തിയുമില്ല. നിയമപ്രകാരം 9000-ത്തിൽ കൂടുതൽ ആളുകളെ അവർ വധിച്ചിട്ടുണ്ട്.പട്ടാളക്കാരെയും വധിച്ചിട്ടുണ്ട്. അങ്ങിനെയുള്ള ഒരു സംഘടന ഇതുമാതിരിയുള്ള ചെറിയ അക്രമങ്ങൾക്ക് കോപ്പ് കൂട്ടുമോ? മാവോയിസ്റ്റുകളുടെ സ്വഭാവം പുലർത്തുന്ന ഒരു സംഘടനയല്ല കേരളത്തിൽ ഉള്ളത്. ഒരൽപം ഇടതുപക്ഷ ചിന്താഗതിയുള്ള ചെറുപ്പക്കാർ ഇറങ്ങിതിരിച്ച് ജനപക്ഷത്തുനിന്ന് നടത്തുന്ന ചെറിയ അക്രമങ്ങളാണ് ഇതെല്ലാം. കേരളത്തിൽ നടന്ന ഒരക്രമത്തിനും മാവോയിസ്റ്റ് സ്വഭാവമില്ല. ഉണ്ടെന്ന് ഞാൻ കരുതുന്നുമില്ല. ഇതിൽ മുഖ്യമന്ത്രി പറയുന്നത് പോലെ ഒരു സുരക്ഷയുടെയും പ്രശ്നമില്ല. പോലീസ് കൊടുത്തിരിക്കുന്ന റിപ്പോർട്ടിൽ മാവോയിസ്റ്റ് വാർ എന്നാണു പറഞ്ഞിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഒരു പ്രസ്താവനയോ, രണ്ടു നോട്ടിസോ കണ്ടാൽ മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്താമോ? ജനങ്ങൾക്കിടയിൽ മാവോയിസ്റ്റുകൾ നുഴഞ്ഞു കയറുകയോന്നുമില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ അതിനു യാതൊരു പ്രസക്തിയുമില്ല. ഒരു പ്രക്ഷോഭത്തിനു ഇറങ്ങിതിരിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു ലക്ഷ്യമുണ്ട്. അത് അട്ടിമറിക്കപ്പെടുമ്പോൾ അവർ തന്നെ അത് തിരിച്ചറിയുകയും ചെയ്യും. മാവോയിസ്റ്റുകൾക്ക് കേരളത്തിലെ സാഹചര്യങ്ങളിൽ അങ്ങിനെ വേര് പിടിക്കാൻ കഴിയുകയില്ല. അത് നിലവിൽ അസാധ്യവുമാണ്‌. ആദിവാസികളുടെ ഇടയിൽ ചിലപ്പോൾ അവർക്ക് സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കും. വേറെ ഒരിടത്തും അത് ചിലവാകില്ല. അതാണ്‌ സത്യം. മാവോയിസ്റ്റുകൾക്ക് കേരളക്കരയിൽ വേര് പിടിപ്പിക്കാൻ കഴിയില്ല. മാവോയിസ്റ്റ് വേട്ട തുടരുക തന്നെ ചെയ്യുമെന്നും, ജോർജ് വേണമെങ്കിൽ മാവോയിസ്റ്റുകളെ ഉപദേശിക്കുകയും ആയുധം താഴെവയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യട്ടെ എന്ന കടുത്ത നിലപാടിൽ രമേശ്‌ ചെന്നിത്തല ഉറച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് ചീഫ് വിപ്പ് ഒറ്റയാൾ പോരാട്ടവുമായി ഇറങ്ങിത്തിരിക്കുന്നത്. പി.സി.ജോർജിന്റെ പല പോരാട്ടങ്ങളും ഫലം കണ്ട സാഹചര്യത്തിൽ മാവോവെട്ടയ്ക്കെതിരായുള്ള ചീഫ് വിപ്പിന്റെ പോരാട്ടത്തിലേക്ക് സർക്കാർ ശ്രദ്ധയും ആശങ്കയോടെ തിരിയുകയാണ്. ചെന്നിത്തലയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി തന്നെ രംഗത്തെത്തിയ സാഹചര്യത്തിൽ രാഷ്ട്രീയ ശ്രദ്ധ വീണ്ടും പി.സി.ജോർജിലേക്ക് തിരിയുകയാണ്. മാവോയിസ്ടുകൾക്കെതിരെയുള്ള പോരാട്ടം രാ ജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നുമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. ഈ പരാമർശത്തിന്റെ പശ്ചാതലത്തിൽ മാവോയിസ്റ്റ് വേട്ട സർക്കാർ തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *