മാധ്യമ വിചാരം: രാഷ്ട്രഹിതത്തിനു വിരുദ്ധമാവരുത് വാര്‍ത്തകള്‍

ടി. സതീശന്‍
കൊച്ചി: ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ ചില പത്രങ്ങളില്‍ ഒരു അപസര്‍പ്പക കഥ പറയുന്ന പോലെ വിവരിച്ചു കണ്ടു. കേമം തന്നെ. ഭാരതത്തിന്റെ പുരോഗതിയില്‍ എന്നും അസൂയ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ചില വിദേശ മാധ്യമങ്ങള്‍ മിനഞ്ഞെടുത്തു പ്രചരിപ്പിക്കുന്ന, ഇന്ത്യാവിരുദ്ധ ചുവയുള്ള കാല്‍പ്പനിക വാര്‍ത്തകളുടെ ചുവടുപിടിച്ചായിരുന്നു ‘നം നാടി’ന്‍റെ പത്ര പ്രവര്‍ത്തക പ്രതിഭകളുടെ ബുദ്ധി വൈഭവ പ്രകടനം. അതും രാഷ്ട്ര ഹിതത്തിനുതെല്ലും വിലകല്‍പ്പിക്കാതെ.

ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഭാരത രഹസ്യാന്വേഷണ ഏജന്സിയായ “റോ” (RAW) ഇടപെട്ടുവെന്നും മഹേന്ദ്ര രാജപക്ഷെയുടെ തെരഞ്ഞെടുപ്പ്‌ പരാജയം ഉറപ്പു വരുത്തിയെന്നുമാണ് അത്തരം ഒരു ഏജന്‍സിയുടെ ഒരുമുഖ്യ വാര്‍ത്ത.
വാര്‍ത്തയുടെ പ്രധാന ബിന്ദുക്കള്‍ ഇങ്ങിനെ: (1) “റോ”യുടെ ശ്രീലങ്കയിലെ മേധാവി തെരഞ്ഞെടുപ്പില്‍ ഇടപെടുകയും രാജപക്ഷെയുടെ എതീര്‍ സ്ഥാനാര്‍ഥിയായി സിരിസേനയെ മത്സരിപ്പിക്കുകയും ചെയ്തു. (2) ശ്രീലങ്കയും ചൈനയും തമ്മില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ബന്ധമാണ് ഇന്ത്യയെ ഇത്തരം ഇടപെടലിനു പ്രേരിപ്പിച്ചത്. (3) തത്ഫലമായി പ്രസ്തുത “റോ” ഉദ്യോഗസ്ഥനെ രാജ്യത്തു നിന്ന് പുറത്താക്കി എന്നാണു റോയിട്ടര്‍ പറയുന്നത്. എന്നാല്‍ അദ്ധേഹത്തെ പുറത്താക്കി എന്ന വാര്‍ത്ത ശരിയല്ലെന്നും അത് പതിവ് സ്ഥലം മാറ്റമാണെന്നും ഭാരത സര്‍ക്കാര്‍ പറഞ്ഞതായി വാര്‍ത്ത ഏജെന്‍സി പറയുന്നുണ്ട് (4) ചൈനയെ ഭാരതത്തിനു എതിരെ തിരിക്കാന്‍ രാജപക്ഷെ പലപ്പോഴും ശ്രമിച്ചത് ഭാരതത്തെ ചൊടിപ്പിച്ചു.

ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യം ഇങ്ങിനെയൊരു വാര്‍ത്ത രാജ്യത്തിനകത്തും പുറത്തും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ്. അത് തന്നെയാണ് വിദേശ ന്യൂസ്‌ ഏജന്‍സികളുടെ ലക്ഷ്യവും. ചൈനക്കും പാകിസ്ഥാനും, അമേരിക്കക്ക് പോലും, അത് നരേന്ദ്ര മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കുക തന്നെ അവരുടെ ലക്‌ഷ്യം. അതിന്റെ പ്രാധാന്യം അറിയാതെ നമ്മുടെ നാട്ടിലെ ചില പത്രങ്ങള്‍ അത് മുഖ്യവാര്തയാക്കിയിരിക്കുന്നു എന്നത് ഖേദകം തന്നെ. കാരണം ചൈനക്കും പാകിസ്ഥാനും അത്തരം വാര്‍ത്തകളുടെ തര്‍ജമ അനുയോജ്യമായ വേദികളില്‍ ഉപയോഗിക്കാനാവും. തന്ത്രപരമായ ചര്‍ച്ചകളില്‍ അമേരിക്ക പോലും അത് നമുക്കെതിരെ ഉപയോഗിക്കും.

ആരോപിതനായ ഉദ്യോഗസ്ഥന്‍ ഏതു സംസ്ഥാന കേഡറില്‍ പെട്ട ഐപിഎസ്കാരനാണ്, ഏതു ബാച്ചുകാരനാണ് എന്നെല്ലാം നമ്മുടെ നാട്ടിലെ പത്രങ്ങള്‍ വിശദീകരിച്ചുകൊടുക്കുമ്പോള്‍ അത് രാജ്യ നന്മക്ക് ഉതകില്ല. ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതു ഭാരത സര്‍ക്കാരിനും ഈ രാജ്യത്തിനും ക്ഷീണവും കോട്ടവും മാത്രമേ ഉണ്ടാക്കൂ. ഇത്തരം മാധ്യമ പ്രവണതകള്‍ തിരുത്തിയേ തീരൂ.

Add a Comment

Your email address will not be published. Required fields are marked *