മാണി കോഴ ആവശ്യപ്പെട്ടത് ബാറുടമകളുടെ അസോസിയേഷന്‍ യോഗത്തിലാണ് അറിയിച്ചതെന്ന് ബിജു രമേശ്‌

തിരുവനന്തപുരം  ;പൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നൽകിയ വിവരം അറിയിച്ചത് ഡിസംബർ 31ന് ചേർന്ന ബാറുടകളുടെ അസോസിയേഷൻ യോഗത്തിലാണ് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. യോഗത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഇത് തിങ്കളാഴ്ച വിജിലൻസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിന്റെ പല വിവരങ്ങളും പുറത്ത് പോകുന്നുണ്ട്. സത്യസന്ധമായി കേസ് അന്വേഷക്കുന്ന ഉദ്യോഗസ്ഥരെ അഴിമതി കേസിൽ പെടുത്താൻ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമാണ് എ.ഡി.ജി.പി ജേക്കബ് തോമസിനെതിരെ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കെ.എം.മാണിയുടെ കീഴിലുള്ള നിയമവകുപ്പാണ് ഇതിന് പിന്നിലെന്നും ബിജു രമേശ് പറഞ്ഞു. മാണിക്കെതിരായ ആരോപണത്തിൽ മൊഴി മാറ്റിപ്പറയാൻ സമ്മർദ്ദമുണ്ട്. മാണിയുടെ മകൻ ജോസ് കെ.മാണി എം.പിയും മൊഴി തിരുത്തണമെന്ന് ബാറുടമകളോട് ആവശ്യപ്പെട്ടു. മാണിക്ക് കോഴ നൽകി എന്ന ഒരു വരി മാറ്റിപ്പറയാനായിരുന്നു സമ്മർദ്ദം. മന്ത്രി പി.ജെ.ജോസഫും ഇതേ കാര്യം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയെന്നും ബിജു രമേശ് ആരോപിച്ചു. മദ്യവിരുദ്ധ സമിതിയുടെ സ്പോൺസർമാർ ബാറുടമകളാണ്. ക്രൈസ്തവ സഭാ അദ്ധ്യക്ഷന്മാർ418ബാറുകൾ പൂട്ടണമെന്ന് മാത്രമാണ് പറയുന്നത്. ശേഷിക്കുന്ന312ബാറുകളെ കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല.418ബാറുകൾ ഈഴവ സമുദായത്തിൽ പെട്ടവരുടേയാണ്. അവരുടെ സാന്പത്തിക അടിത്തറ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ അച്ചന്മാർ ബാറുകൾ പൂട്ടാൻ ആവശ്യപ്പെടുന്നത്.312ബാറുകളിൽ ഏറിയ പങ്കും ക്രിസ്ത്യാനികളുടേതാണ്. അതിനാലാണ് അത് പൂട്ടാൻ അവർ ആവശ്യപ്പെടാത്തത്. മദ്യത്തിന് പോലും മതത്തിന്റേയും ജാതിയുടേയും പരിവേഷം വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാറുകൾ പൂട്ടണമെന്ന് പറയുന്നവർ എന്തുകൊണ്ടാണ് സന്പൂർണ മദ്യനിരോധനം ആവശ്യപ്പെടാത്തതെന്നും ബിജു രമേശ് ചോദിച്ചു. കേസ് സർക്കാർ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യമാണുള്ളത്. ശരിയായി കേസ് അന്വേഷിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം. സർക്കാർ അതിന് തയ്യാറായില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും രമേശ് വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *