മരണം 10000 കവിയുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: സര്‍വനാശം വിതച്ച ഭൂകമ്പത്തില്‍ തന്റെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 10000 കവിയും എന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുനില്‍ കൊയ്രാള. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 4300 ഓളം പേരുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തുകഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ കഴിയുന്നു. തുടര്‍ ചലനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാത്രിയിലും മിക്കവരും തുറസായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടിയത്.
നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 4010 പേരുടെ മൃതദേഹങ്ങള്കണ്ടെടുത്തു. 7598പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരേയും പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്. ഒട്ടധികം മൃതദേഹങ്ങള്‍ ആശുപത്രിക്കു പുറത്തു കിടത്തിയിരിക്കുന്നു. ദുരന്തം കഴിഞ്ഞു മൂന്നു ദിവസമായതിനാല്‍ ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ടാകാമെന്നാണു രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇന്ത്യന്‍ സൈന്യവും നേപ്പാള്‍ സൈന്യവും സംയുക്തമായാണു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. മറ്റു വിദേശ രാജ്യങ്ങളും നേപ്പാളിനു സഹായവുമായെത്തിയിട്ടുണ്ട്. നേപ്പാളിന് ഒമ്പതു മില്യണ്‍ ഡോളറിന്റെ ധനസഹായം അമേരിക്ക പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു തെരച്ചിലിനുമായി യുഎസ് എയര്‍ഫോഴ്സിന്റെ സി-17വിമാനങ്ങള്‍ നേപ്പാളിലേക്കു തിരിച്ചു. ഓസ്ട്രേലിയയും സഹായഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്.