മന്ത്രി മുനീറിന് സമന്‍സ് വരും

കൊച്ചി- ഇന്ത്യാവിഷന്റെ സേവന നികുതി കുടിശിക പ്രശ്‌നത്തില്‍ ചാനലിന്റെ മുഖ്യ ഡയറക്ടറായ മന്ത്രി എം കെ മുനീറിന് സെന്‍ട്രല്‍ എക്‌സൈസ് സമന്‍സ് അയക്കും. സേവന നികുതിയിനത്തില്‍  2.36 കോടി രൂപയുടെ കുടിശികയാണ് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് വരുത്തിയിട്ടുള്ളത്. വ്യാഴാഴ്ച വൈകീട്ട് സര്‍വീസ് ടാക്‌സസ് വിഭാഗത്തിന്റെ കലൂര്‍ കതൃക്കടവിലെ ഓഫീസില്‍ ഹാജരായ കമ്പനിയുടെ റസിഡണ്ട് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഒന്നര കോടി രൂപയുടെ സേവന നികുതി പിരിച്ചെടുത്തിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പരസ്യ ദാതാക്കളില്‍ നിന്നടക്കം 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് സര്‍ക്കാരിലേക്കാനായി 1.5 കോടി രൂപയുടെ സേവന നികുതി കമ്പനി പിരിച്ചെടുത്തത്. സാമ്പത്തിക പ്രതിസന്ധിയാണ് തുക സര്‍ക്കാരിലേക്ക് അടക്കാതിരുന്നതിനുള്ള കാരണമായി ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം 2015 ജനുവരി വരെയുള്ള ഇന്ത്യാവിഷന്റെ മൊത്തം സേവന നികുതി കുടിശിക 2,36,40,320 കോടിയാണെന്ന് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

കമ്പനിയുടെ ദൈനംദിന ചുമതലകള്‍ നിറവേറ്റിയിരുന്ന മുഴുവന്‍ സമയ ഡയറക്ടര്‍ എന്ന നിലയില്‍ കുടിശിക അടക്കേണ്ട ബാധ്യത ഫാറൂഖിക്കായതിനാല്‍ ഇതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ ഇദ്ദേഹത്തെ കേന്ദ്രധനനിയമത്തിലെ സെക്ഷന്‍ 89(1) പ്രകാരം അറസ്റ്റ് ചെയ്യാന്‍ സെന്‍ട്രല്‍ എക്‌സൈസ് കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്‌സസ് കമ്മീഷണര്‍ രേഷ്മ ലഖാനി സര്‍വീസ് ടാക്‌സസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

സെന്‍ട്രല്‍ എക്‌സൈസ് ആക്ടിലെ സെക്ഷന്‍ 14 പ്രകാരം ഫാറൂഖിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഫാറൂഖിയെ കാക്കനാട് സബ് ജെയിലില്‍ അടച്ചു. ഫാറൂക്കി നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കുടിശിക തുക ഈടാക്കുന്നതിനുള്ള അടുത്ത നടപടിയെന്ന നിലയില്‍ ചാനലിന്റെ പരമാധികാരിയായ എം കെ മുനീറിന് സമന്‍സയക്കാന്‍ സെന്‍ട്രല്‍ എക്‌സൈസ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Add a Comment

Your email address will not be published. Required fields are marked *