മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെയുള്ള തെളിവുകള്‍ ഞെട്ടിക്കുന്നതെന്ന്മുന് മന്ത്രിയും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ ലോകായുക്തയില്‍ മൊഴി നല്കിയ ശേഷം പ്രതികരിക്കുകയായിരുന്നു ഗണേഷ്കുമാര്. ദില്ലിയിലെ പോലെ അഴിമതിക്കെതിരായുള്ള പോരാട്ടത്തിനാണ് താന്‍ തുടക്കം കുറിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇബ്രാഹിംകുഞ്ഞിന്നെതിരായ വിവരങ്ങള്‍ പുറത്തുവിടുന്നത്. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ആദായനികുതി രേഖകളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി കൊടികുത്തി വാഴുന്നു. ഇക്കാര്യം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ട്. പൊതുമേഖലാ സ്ഥാപനത്തിലെ ചെയര്‍മാനായി നിയമിതനായകാലം മുതലുള്ള അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്നു ഗണേഷ് പറഞ്ഞു .
തുടര്‍ന്ന്, വിശദമായ സത്യവാങ്മൂലം നല്കാന് അദ്ദേഹത്തിന് ലോകായുക്ത നിര്‍ദ്ദേശം നല്കി. താൻ നൽകുന്ന തെളിവുകൾക്ക് തന്റെ മാനത്തിന്റേയും ജീവിതത്തിന്റേയും വിലയാണുള്ളതെന്ന് പറഞ്ഞ ഗണേശ്, കോടതി മുറിയിൽ വികാരധീനനാകുകയും വിതുമ്പുകയും ചെയ്തു. ഇബ്രാഹീം കുഞ്ഞിന്റെ ഭാര്യയ്ക്കോ മകനോ ജോലിയുള്ളതായി അറിയില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വരുമാനവും സ്വത്തുക്കളും തമ്മിലുള്ള അന്തരം പരിശോധിക്കണം. ആദായനികുതി വകുപ്പ് അധികൃതരുടെ സഹായത്തോടെ അന്വേഷണം നടത്തണം. മന്ത്രിയുടെ പേഴ്സസണല് സ്റ്റാഫ് നടത്തിയ അഴിമതിയുടെ രേഖകളും വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് ലഭിച്ചില്ല. രേഖകകള്‍ ലോകായുക്ത പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. എന്നാല്‍, വിലയേറിയ സമയം നഷ്ടപ്പെടുന്നതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ലോകായുക്ത ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് സംരക്ഷണം ആവശ്യപ്പെടില്ല. എന്തൊക്കെ നഷ്ടപ്പെട്ടാലും പോരാട്ടത്തില്‍നിന്ന് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. (മനോജ്)