മത്സ്യബന്ധന ബോട്ടിന് നേരെ വെടിവയ്പ്പ്: തീരരക്ഷാ സേനയുടെ സുരക്ഷാ നടപടി വിവാദമാക്കിയതിനു പിന്നിൽ ഗൂഡാലോചന

ജിബി സദാശിവന്‍

കൊച്ചി (ഹിന്ദുസ്ഥാന്‍ സമാചാര്‍): വിഴിഞ്ഞത്ത് മുന്നറിയിപ്പ് അവഗണിച്ച് സഞ്ചരിച്ച മത്സ്യത്തൊഴിലാളി ബോട്ടിന് നേരെ തീരരക്ഷാ സേന വെടിയുതിർത്തത് വിവാദമാക്കാൻ ആസൂത്രിത ഗൂഡാലോചന നടന്നതായി സൂചന. സംശയാസ്പദ സാഹചര്യത്തില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച പാകിസ്ഥാന്‍  ബോട്ട് പോർബന്തറിനു സമീപം പൊട്ടിത്തെറിച്ച സംഭവത്തിന് ശേഷം ഇന്ത്യയുടെ തീര പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു. മാത്രമല്ല തീവ്രവാദികൾക്ക് ഇന്ത്യയിലേക്ക്‌ കടക്കാൻ കേരളതീരം സുരക്ഷിതമാണെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് നാവിക സേനയും തീരരക്ഷാ സേനയും കേരള തീരത്ത് പതിവിൽ കവിഞ്ഞ ജാഗ്രത പുലര്‍ത്തി വരികയാണ്.

അതിനിടെയാണ് വിഴിഞ്ഞം ഹാർബറിൽ നിന്ന് കേവലം 6 നോട്ടിക്കൽ മൈൽ അകലെ അപകടകരമായ വേഗത്തിൽ ഒരു ബോട്ട് സഞ്ചരിക്കുന്നത് തീരരക്ഷാ സേനയുടെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നി പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബോട്ട് വേഗം കൂട്ടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ തീരരക്ഷാ സേനാംഗങ്ങളുടെ സംശയം ഇരട്ടിച്ചു. ഉച്ചത്തിൽ സൈറണ്‍ മുഴക്കിയും വി എച്ച് എഫ് ചാനൽ 16 സംവിധാനം ഉപയോഗിച്ചും ബോട്ട് തടയാൻ തീരരക്ഷ സേന ശ്രമിച്ചെങ്കിലും ബോട്ട് വീണ്ടും വേഗം കൂട്ടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ വെടിവയ്പ്പിനുള്ള മുന്നറിയിപ്പായി പ്രകാശ സിഗ്നലുകൾ ബോട്ടിലേക്കയച്ചു. എന്നിട്ടും നിർത്താതെ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് നിയമ പ്രകാരം ബോട്ടിന്റെ അടിഭാഗത്തെക്ക് സേന വെടിയുതിർത്തത്. ഇതോടെ ബോട്ട് നിർത്തുകയും സേനാംഗങ്ങൾ ബോട്ടിനുള്ളിൽ പ്രവേശിക്കുകയുമായിരുന്നു. പരിക്കേറ്റ രണ്ടു പേർക്കും പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

‘റിഷിക’ എന്ന മത്സ്യബന്ധനബോട്ടിന് രേഖകളോ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് തീരരക്ഷാ സേനയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷമാണ് സംഭവത്തെ കടൽക്കൊലയുമായി ബന്ധപ്പെടുത്താനും തീര മേഖലയിൽ കലാപം നടത്താനും ചില കോണുകളിൽ നിന്ന് നീക്കം തുടങ്ങിയത്. തീരരക്ഷാ സേനക്കെതിരെയും നാവിക സേനക്കെതിരെയും മത്സ്യതൊഴിലാളികൾക്കിടയിൽ അത്രുപ്തിയുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

അതെ സമയം, കേരളത്തിലെ ചില മത്സ്യബന്ധന ബോട്ടുകൾക്ക് സോമാലിയൻ കടൽക്കൊള്ളക്കാരുടെ ബോട്ടുമായി സാമ്യമുള്ളതാണ് പലപ്പോഴും തീരരക്ഷാ സേനക്ക് സംശയത്തിനിട വരുത്തുന്നതെന്നതെന്ന് തീരരക്ഷാ സേനാ വൃത്തങ്ങൾ  പറയുന്നു. പലപ്പോഴും പരിശോധനക്ക് നിർത്താൻ ആവശ്യപ്പെടുമ്പോൾ ഈ മത്സ്യബന്ധന ബോട്ടുകൾ നിർത്താല്ലന്നും, സുരക്ഷാ സേനയുടെ താക്കീതുകള്‍ അവഗണിച്ചു അതിവേഗം ഓടിച്ച് പോകാറുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാൽ രാജ്യ രക്ഷയുടെ കാര്യമായതിനാൽ പരിശോധനയില്‍ വിട്ടുവീഴ്ച കാണിക്കാനാവില്ലാന്നും തീരദേശ സംരക്ഷണ സേനാസിഭാഗം അധികൃതര്‍ വ്യക്തമാക്കുന്നു. കേരളത്തിലെ മത്സ്യബന്ധന ബോട്ടുകൾക്ക് ഏകീകൃത സ്വഭാവം വരുത്തുകയോ ഏകീകൃത നിറം കൊണ്ടുവരികയോ ചെയ്‌താൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ വരെയാണ് തീരരക്ഷാ സേനയുടെ നിയന്ത്രണത്തിലുള്ളത്. അതിനപ്പുറം നാവിക സേനക്കാണ് സുരക്ഷാ ചുമതല. എന്നാൽ തീര രക്ഷാ സേനക്ക് സംശയം തോന്നുന്ന ബോട്ടുകളെ തങ്ങളുടെ നിയന്ത്രണ മേഖലക്കപ്പുറത്തും പിന്തുടര്‍ന്ന്  ഉചിതമായ നടപടി സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങളൊന്നുമില്ല.

Add a Comment

Your email address will not be published. Required fields are marked *