മംഗള്‍യാന്‍ കാലാവധി ഇന്ന് അവസാനിക്കും

ബംഗലൂരു ; രാജ്യത്തിന്റെ പ്രഥമ ചൊവ്വദൗത്യമായ മംഗള്‍യാന്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. പേടകം ചൊവ്വയെ ചുറ്റാന്‍ നിശ്‌ചയിക്കപ്പെട്ട ആറുമാസത്തെ കാലാവധി ഇന്നവസാനിക്കും. എന്നാല്‍ ഇന്ധന മിശ്രിതം അവശേഷിക്കുന്നതിനാല്‍ ഇനിയും ആയുസ്‌ ലഭിക്കുന്ന പേടകത്തില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍.

2013 നവംബര്‍ അഞ്ചിന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നും പറന്നുയര്‍ന്ന പേടകം 2014 സെപ്‌റ്റംബര്‍ 24നാണ്‌ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്‌. പേടകത്തിലെ അഞ്ച്‌ ഉപകരണങ്ങള്‍ ഇനിയുള്ള കാലയളവില്‍ ചൊവ്വയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അയച്ചേക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചൊവ്വയ്‌ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ജൂണ്‍ എട്ടു മുതല്‍ 22 വരെ ചൊവ്വയില്‍ നിന്നും യാതൊരു വിവരവും കിട്ടില്ല. എന്നാല്‍ മൂന്‍കൂട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം മംഗള്‍യാന്‍ അപ്പോഴും ഭംഗിയായി പ്രവര്‍ത്തിക്കും.

മംഗള്‍യാന്‍ ഇത്‌ വരെ അയച്ച ചിത്രങ്ങളും സൂചനകളും ഇത്‌ വരെ പുറത്ത്‌ വിട്ടിട്ടില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷമേ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുള്ളുവെന്ന്‌ ഐസ്‌ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്‌. ഭ്രമണപഥത്തിലെത്തിയ മംഗള്‍യാന്‍ ചൊവ്വയുടെ വ്യക്‌തമായ കളര്‍ ചിത്രം ആറുമാസത്തിനകം തന്നെ പകര്‍ത്തി അയച്ചിരുന്നു. ചൊവ്വയുടെ ഉപരിതലം വ്യക്‌തമാക്കുന്ന വികിരണങ്ങളുടെ മാപ്പ്‌ തയ്യാറാക്കുന്നതിന്‌ ഈ ചിത്രം സഹായകമാകുകയും ചെയ്‌തു.
ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മംഗള്‍യാന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രലോകം.

Add a Comment

Your email address will not be published. Required fields are marked *