ഭുഷനെയും യാദവിനെയും ആം ആദ്മി പുറത്താക്കിയേക്കും

ദില്ലി ; പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന്ആംആദ്‌മി പാര്‍ട്ടിയുടെ രാഷ്‌ട്രീയ ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ട്ടി സ്‌ഥാപക നേതാക്കള്‍ കൂടിയായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത്‌ ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സാധ്യത. അടുത്തിടെ നടന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇരുവരും ശ്രമിച്ചതായി എഎപി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചിട്ടുണ്ട്‌. പ്രശാന്ത്‌ ഭൂഷണിന്റെ പിതാവ്‌ കൂടിയായ മുതിര്‍ന്ന നേതാവ്‌ ശാന്തി ഭൂഷണ്‌ നേരെയും പാര്‍ട്ടി ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. മനീഷ്‌ സിസോദിയ, ഗോപാല്‍ റായ്‌, പങ്കജ്‌ ഗുപ്‌ത, സഞ്‌ജയ്‌ സിങ്‌ എന്നീ നാല്‌ നേതാക്കള്‍ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയാണിത്‌.

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ എഎപിക്കെതിരെ വിവിധ ആരോപണങ്ങളുയര്‍ത്തി രംഗത്ത്‌ വന്ന ആംആദ്‌മി വൊളന്റിയര്‍ മഞ്ചിന്‌ പ്രശാന്ത്‌ ഭൂഷണും ശാന്തി ഭൂഷണും പിന്തുണ നല്‍കിയെന്ന്‌ പ്രസ്‌താവനയില്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കും പാര്‍ട്ടി ദേശീയ കണ്‍വീനറുംദില്ലി  മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായിരുന്ന അരവിന്ദ്‌ കേജ്‌രിവാളിനും എതിരെ കഥകള്‍ മെനഞ്ഞുവെന്നാണ്‌ യോഗേന്ദ്ര യാദവിനെതിരായ ആരോപണം. മാധ്യമപ്രവര്‍ത്തകരോട്‌ പാര്‍ട്ടിക്കെതിരായി അനൗപചാരികമായി സംസാരിച്ചുവെന്നും പ്രസ്‌താവനയില്‍ ആരോപണമുണ്ട്‌.

Add a Comment

Your email address will not be published. Required fields are marked *