ബീഹാറില്‍ പരീക്ഷകളില്‍ പരക്കെ കോപ്പിയടി

പട്ന:  ബീഹാറില്‍ പത്ത് , പന്ത്രണ്ടു ക്ലാസുകളിലെ പരീക്ഷകളില്‍ വ്യാപക കോപ്പിയടി, പരസ്യമായി തന്നെ.  14 ലക്ഷം വിദ്യാർത്ഥികളെഴുതുന്ന ബിഹാർ സ്കൂൾ ഒഫ് എക്സാമിനേഷൻ ബോർഡിന്റെ പൊതുപരീക്ഷയിലാണ് കോപ്പിയടി തകൃതിയായി നടക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ കർശന പരിശോധനകളെ വകവെക്കാതെ നിരവധി വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമെടുത്താണ് പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നത്.

 

കൂടാതെ രക്ഷിതാക്കളും ബന്ധുക്കളും കൂട്ടുകാരുമടങ്ങുന്ന സംഘം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമരുകൾക്കും ജനാലകൾക്കും സമീപം മറഞ്ഞിരുന്ന് വിദ്യാർത്ഥികൾക്ക് ഉത്തരങ്ങളടങ്ങിയ കടലാസുകൾ കൈമാറുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതലായും സംസ്ഥാനത്തെ സഹർസ, ചപ്ര, വൈശാലി, ഹാജിപൂർ ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ തെളിയിക്കുന്നത്. ചില ചിത്രങ്ങൾ പരീക്ഷാകേന്ദ്രത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായി വ്യക്തമാക്കുന്നു. കൂടാതെ മാധ്യമപ്രവർത്തകർ ദൃശ്യം ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനു ശേഷവും കുട്ടികൾ കോപ്പിയടി തുടർന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനു ശേഷവും അധികൃതർ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഒമ്പത് ചാക്കുകൾ നിറയെ ഉത്തരങ്ങളടങ്ങുന്ന ഷീറ്റുകളാണ് കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയത്.

കോപ്പിയടിക്കാൻ സഹായിച്ച20ഓളം രക്ഷിതാക്കളും അറസ്റ്റിലായി. ചപ്ര ജില്ലയിൽ ചിലയിടത്ത് കോപ്പിയടി തടഞ്ഞ പൊലീസും രക്ഷിതാക്കളും തമ്മിൽ സംഘട്ടനമുണ്ടായി. എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി സ്പെഷൽ ഫ്ലൈയിംഗ് സ്ക്വാഡുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പിടിക്കപ്പെട്ട400ഓളം വിദ്യാർത്ഥികളെ പരീക്ഷയെഴുതുന്നതിൽ വിലക്കേർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *