ബിജെപി അംഗത്വ വിതരണം ഇന്ന് പൂര്ത്തിിയാകും

ദില്ലി:ബിജെപി അംഗത്വവിതരണ പരിപാടി ഇന്നു പൂര്‍ത്തിയാകും. അംഗത്വ സംഖ്യയില്‍ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായെന്ന അവകാശവാദത്തോടെയാണു ബിജെപിയുടെ അംഗത്വവിതരണ പരിപാടി സമാപിക്കുന്നത്‌. ദേശീയ തലത്തില്‍ ഏകദേശം ഒന്‍പതു കോടി അംഗങ്ങളാണു ബിജെപിയില്‍ ചേര്‍ന്നിട്ടുള്ളത്‌. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ 8.6 സകോടി അംഗങ്ങളാണുള്ളത്‌. മൊബൈല്‍ ഫോണ്‍ വഴി മിസ്‌ഡ്‌ കോള്‍ നല്‍കുന്നവര്‍ക്കും പ്രാഥമികാംഗത്വം നല്‍കാനുള്ള പദ്ധതിയാണു ബിജെപി അംഗസംഖ്യ കുതിച്ചുയരാന്‍ കാരണം. മൊബൈല്‍ ഫോണ്‍ വഴി അംഗത്വമെടുത്തവരെ ബൂത്തു തിരിച്ചു പ്രാഥമികാംഗങ്ങളാക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണു സംസ്‌ഥാന ഘടകങ്ങള്‍ക്കുള്ളത്‌. അംഗത്വ വിതരണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയയ്‌ക്കു തുടക്കമിടാനായി വൈകാതെ ദേശീയ വരണാധികാരിയെ നിശ്‌ചയിക്കും. ബൂത്തുതലം മുതല്‍ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനുള്ള സമയക്രമം നിശ്‌ചയിക്കുന്നതു ദേശീയ വരണാധികാരിയാണ്‌. സംസ്‌ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്നു സംസ്‌ഥാന വരണാധികാരികളെയും ദേശീയ വരണാധികാരി നിയോഗിക്കും. ജില്ലാ, മണ്ഡലം സമിതികള്‍ ശുപാര്‍ശ ചെയ്യുന്ന പാനലുകളില്‍ നിന്നു ജില്ലാ, മണ്ഡലം വരണാധികാരികളെ തീരുമാനിക്കുന്നതു സംസ്‌ഥാന വരണാധികാരിയാണ്‌. ഈ വര്‍ഷാവസാനത്തോടെ 50%സംസ്‌ഥാനങ്ങളിലെങ്കിലും സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനു മുന്‍പു പകുതി സംസ്‌ഥാനങ്ങളിലെങ്കിലും സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി ദേശീയ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കണമെന്നാണു വ്യവസ്‌ഥ.

Add a Comment

Your email address will not be published. Required fields are marked *