ബാലസുബ്രഹ്മണ്യത്തില്‍ പൂര്‍ണ്ണ വിശ്വാസം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : നിസാം കേസില്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ഇടപെടല്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് പി.സി.ജോര്‍ജിനെതിരെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല രംഗത്ത്‌ വന്നു. ഡിജിപിയില്‍ തനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, മറിച്ചു തെളിവുകള്‍ ഉണ്ടെങ്കില്‍ ജോര്‍ജ് തനിക്കു കൈമാറട്ടെയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. നിസാം കേസില്‍ ഒരു ഇടപെടലും നടത്തിയില്ലെന്ന് പറഞ്ഞു ഡിജിപി ബാലസുബ്രഹ്മണ്യം തനിക്കു കുറിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനു ഈ കുറിപ്പില്‍ വിശ്വാസമുണ്ട്‌.

ഡിജിപി ഇതുവരെ ആരോപണ വിധേയനായിട്ടില്ല. ഡിജിപി കേസ് അട്ടിമറിക്കാന്‍ ഇടപെടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ജോര്‍ജ് തെളിവ് തന്നാല്‍ അത് പരിശോധിച്ച് നടപടി എടുക്കും. നിസാം കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഒരു പ്രതിക്കും രക്ഷപ്പെടാന്‍ അവസരം നല്‍കില്ല. പോലീസിന്റെ യോഗവുമായി ബന്ധപ്പെട്ടാണ് ഡി.ജി.പി തൃശൂരില്‍ പോയത്. അന്വേഷണത്തിന്റെ പുരോഗതി അദ്ദേഹം വിലയിരുത്തുമെന്ന് താന്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. അദ്ദേഹം ശോഭാസിറ്റി സന്ദര്‍ശിച്ചതില്‍ അപാകതയൊന്നും കാണുന്നില്ല. .

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ പോലീസ് വാങ്ങിയില്ല എന്നതു കേസിനെ ഒരു തരത്തിലും ബാധിക്കില്ല. വസ്ത്രം നല്‍കേണ്ട ബാധ്യത ആശുപത്രി അധികൃതര്‍ക്കായിരുന്നു. പ്രതിയായ നിസാമിനു കേസില്‍ ഒരാനുകൂല്യവും നല്‍കിയിട്ടില്ല. നിസാമിനെതിരെ കാപ്പ ചുമത്താന്‍ വൈകുന്നതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കരുതല്‍ തടങ്കലില്‍ വയ്ക്കാനാണ് കാപ്പ ചുമത്തുന്നത്. പക്ഷെ നിസാം ഇപ്പോള്‍ ജയിലിലാണ്. ജാമ്യം ചുമത്തുന്ന സാഹചര്യം വന്നാല്‍ കാപ്പ ചുമത്തും. കേസില്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയിരുന്ന തൃശൂര്‍ മുന്‍ പോലിസ് കമ്മിഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രമേശ്‌ ചെന്നിത്തല പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *