ബാര്‍ കോഴ: തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്നും കേസ് ഡയറി തിരുത്തിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.സുകേശന്‍ നല്‍കിയ ഹര്‍ജി കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ എതിര്‍ത്ത് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യൂതാനന്ദന്‍ അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മാണിക്കെതിതെ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിലപാട് തന്നെയാണ് വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ സി.സി അഗസ്റ്റിന്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. മാണിക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചാല്‍ അന്വേഷണമാകാമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരിക്കേ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി കോടതിയില്‍ എത്തിയത്.
അതിനിടെ, കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശവും തേടിയിരുന്നു. കേസില്‍ കോടതി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അന്വേഷിച്ചോ എന്ന് പരിശോധിക്കാനും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിക്ക് ഒരു കേടി രൂപ കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കുറ്റപത്രം നല്‍കാമെന്ന് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ വസ്തുതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലെന്നും കേസ് നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇത് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
ഈ തുടരന്വേഷണത്തിലെ വസ്തുതാ റിപ്പോര്‍ട്ടും കേസ് ഡയറിയും പിന്നീട് വന്ന വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചുവെന്നും മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് തന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Add a Comment

Your email address will not be published. Required fields are marked *