ബാര്‍കോഴ കേസ് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചു; തുടരന്വേഷണം വേണമെന്ന് സുകേശന്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്.പി ഹര്‍ജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മാണിക്കെതിരായ കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തിരുത്തി. വസ്തുതാ റിപ്പോര്‍ട്ടിലും കേസ് ഡയറിയിലും മാറ്റം വരുത്താന്‍ ശങ്കര്‍ റെഡ്ഡി തന്നെ നിര്‍ബന്ധിച്ചു. മാണിക്കെതിരായ തെളിവുകളും ശബ്ദരേഖകളും മൊഴികളും തള്ളിക്കൊണ്ട് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണെന്നും സുകേശന്‍ ഹര്‍ജിയില്‍ പറയുന്നു.
എസ്.പി സുകേശന്‍ സമര്‍പ്പിച്ച ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ മാണിക്കെതിരായ ആരോപണം തള്ളിക്കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിന്‍സണ്‍ എം.പോള്‍ വിജിലന്‍സ് ഡയറക്ടറായിരിക്കേയായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തള്ളിയ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ തുടരന്വേഷണത്തിലും മാണിയ്‌ക്കെതിരെ തെളിവുകളില്ലെന്നും കുറ്റവിമുക്തനാക്കികൊണ്ടുമുള്ള റിപ്പോര്‍ട്ട് ജനുവരിയില്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അട്ടിമറി നടന്നുവെന്നാണ് സുകേശന്റെ വെളിപ്പെടുത്തല്‍. തുടരന്വേഷണം നടക്കുന്ന കാലത്ത് മാണിക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് പരസ്യമായി പറഞ്ഞ സുകേശന്‍ മറിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് പൊതുസമൂഹത്തിന് അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും എല്‍.ഡി.എഫ് നേതാക്കളും ഇതിനെതിരെ കോടതിയെ സമീപിച്ചത്.
മാണിയെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അട്ടിമറി നടന്നുവെന്ന് പരാതിക്കാരനായ ബാറുടമ ബിജു രമേശ് ആരോപിച്ചിരുന്നു. സുകേശന്റെ ശൈലിയിലല്ല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ബിജു രമേശ് ചൂണ്ടിക്കാട്ടി. അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ എത്തുമ്പോള്‍ സുകേശന്‍ തന്റെ മൊഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി. പല അഴിമതികേസുകളും അട്ടിമറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധനാണ് ശങ്കര്‍ റെഡ്ഡി. സുകേശന്‍ വഴങ്ങാതെ വന്നതോടെയാണ് അദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നതെയന്നും ബിജു രമേശ് ആരോപിച്ചു

Add a Comment

Your email address will not be published. Required fields are marked *