ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍നിന്നു പിടിച്ചെടുത്തത് നൂറിലധികം രേഖകള്‍

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തതു നൂറിലധികം രേഖകള്‍.
കെ. ബാബുവിന്റെ വീട്ടില്‍നിന്നു മുപ്പതോളം രേഖകളും ബാബുവിന്റെ മുഖ്യബിനാമിയായ ബാബുറാമിന്റെ വീട്ടില്‍നിന്ന് എണ്‍പത്തഞ്ചോളം രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകള്‍ ഇന്നു മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും. ഇതില്‍ തുടരന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വാങ്ങും.
കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലും തുടര്‍ വിവര ശേഖരണവും ഇന്നുതന്നെ ആരംഭിക്കും. ബാബുവിന്റെ ബിനാമികളായ രണ്ടു പേരോടുചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ ഇവരെ ചോദ്യം ചെയ്യും. കെ. ബാബുവിനെയും കൂട്ടു പ്രതികളായ ബാബുറാം, മോഹനന്‍ എന്നീ ബിനാമികളുടെയും ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയോടെ മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന. അതിനുമുമ്പ് കേസില്‍ സാക്ഷികളാകാന്‍ സാധ്യതയുള്ള പലരുടെയും മൊഴികള്‍ ശേഖരിക്കും.
ബാബുവിന്റെയും മക്കളുടെയും പേരിലുള്ള അഞ്ചുബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുമാണ് വിജിലന്‍സ് മരവിപ്പിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ തൃപ്പൂണിത്തുറ ശാഖയില്‍ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരില്‍ ഒരു അക്കൗണ്ടുമുണ്ട്. ഇത് മരവിപ്പിക്കാന്‍ ശനിയാഴ്ച തന്നെ ബാങ്ക് അധികൃതര്‍ക്ക് കത്തുനല്‍കി. വേറെയും അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കള്‍ക്കും ഉള്ളതായി വിജിലന്‍സ് കരുതുന്നു. ഇത് കണ്ടെത്തി മരവിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകള്‍ വരും ദിവസങ്ങളില്‍ വിശദമായി പരിശോധിക്കും.
ബിനാമികളെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും പരിപൂര്‍ണ അജ്ഞതയാണ് കെ. ബാബു റെയ്ഡിനിടെ വിജിലന്‍സ് അന്വേഷണസംഘം മുമ്പാകെ പ്രകടിപ്പിച്ചത്. കൂട്ടുപ്രതികളായ ബാബുറാമിനെയും മോഹനനെയും അറിയില്ലെന്നാണ് ബാബു റെയ്ഡ് നടത്താനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മോഹനന്‍ നടത്തുന്ന റോയല്‍ ബേക്കറി ശൃംഖലയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് എവിടെയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥനോട് അദ്ദേഹം തിരിച്ചു ചോദിക്കുകയാണുണ്ടായത്. ബാബുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിനാമികളുമായി അദ്ദേഹത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ശേഖരിക്കേണ്ടിവരും.

Add a Comment

Your email address will not be published. Required fields are marked *