ബജറ്റ് നാളെ

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ;എൻ.ഡി.എ സർക്കാരിന്റെ സന്പൂർണ പൊതു ബഡ്ജറ്റ് നാളെ പാർലമെന്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്തിന്റെ സാന്പത്തിക സർവേ സഭയുടെ മേശപ്പുറത്ത് വച്ചു. കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതു മുതൽ പറയുന്ന ഇന്ധന സബ്സിഡികൾ വെട്ടിക്കുറയ്ക്കണമെന്ന പ്രധാന നിർദ്ദേശം സാന്പത്തിക സർവേയും മുന്നോട്ട് വയ്ക്കുന്നു. മാത്രമല്ല രാജ്യത്തെ സാന്പത്തിക വളർച്ച 2015​-16ൽ 8 മുതൽ 8.5ശതമാനം വരെ ആവുമെന്നും സർവേ പറയുന്നു.
സാന്പത്തിക വളർച്ച രണ്ടക്കത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഇന്ത്യയിലിപ്പോഴുള്ളത്. അതിനാൽ അധികഭാരം വരുത്തി വയ്ക്കുന്ന സബ്സിഡികൾ നിയന്ത്രിച്ചേ മതിയാവു. പാചകവാതകം,​ മണ്ണെണ്ണ തുടങ്ങിയവയ്ക്ക് നൽകി വരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കണം. മണ്ണെണ്ണ സബ്‌സിഡി പാവപ്പെട്ടവർക്ക് യഥാവിധം ലഭിക്കുന്നതിനാൽ തന്നെ ആവശ്യക്കാർക്ക് മാത്രമായി സബ്സിഡികൾ നിജപ്പെടുത്തണം. മണ്ണെണ്ണയ്ക്ക്  സബ്സിഡി നൽകുന്നതിലൂടെ 10,000 കോടി രൂപയുടെ ചോർച്ചയാണ് ഉണ്ടാവുന്നതെന്നും സർവേ പറയുന്നു.

പണപ്പെരുപ്പം പിടിച്ചു നിർത്താനായത് ഈ സാമ്പത്തിക വർഷത്തെ മികച്ച നേട്ടമാണ്. 3.4 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തിക്കാനായി. ഭക്ഷ്യവില സൂചിക പ്രകാരമുള്ള നാണ്യപ്പെരുപ്പത്തിലും കുറവ് രേഖപ്പെടുത്തിയെന്ന് സർവേ പറയുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞത് ആഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമായി. ഇത് മറ്റു മേഖലകളിലെ ഉപഭോഗവും വളർച്ചയും വർദ്ധിക്കാനും കാരണമായി. ആഗോള വിപണയിൽ എണ്ണ വിലയിലുണ്ടായ കുറവ് രാജ്യത്തെ മൊത്ത വില സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട്.

ഉൽപാദന മേഖലയ്ക്ക് കഴിഞ്ഞ സാന്പത്തിക നല്ല കാലമാണെന്നാണ് സർവേ പറയുന്നത്. രാജ്യത്തെ മൊത്തം ധാന്യോത്പാദനം നടപ്പു സാമ്പത്തിക വർഷം 257.07 മില്യൺ ടൺ ആയിരുന്നു. ഇത് കഴിഞ്ഞ അഞ്ചു വർഷങ്ങളിലേതിനേക്കാൾ 8.5 മില്യൺ ടൺ അധികമാണ്. ഇത് ആശാവഹമായ മാറ്റമാണ്. സേവന മേഖലയിൽ 10.6ശതമാനത്തിന്റെ വളർച്ചയാണു നടപ്പു സാമ്പത്തിക വർഷം ഉണ്ടായത്. വ്യാവസായിക രംഗത്ത് 2.1 ശതമാനം വളർച്ചയുണ്ട്. നികുതി വരുമാനം ഏഴു ശതമാനം വർധിച്ചു. അതേസമയം കാ‌ർഷിക മേഖലയിൽ ചെറിയ തോതിൽ തളർച്ചയുണ്ടായെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

വളർച്ചയുടെ അടുത്ത പ്രതീകമായി മാറാൻ പോവുന്നത് റെയിൽവേ ആണെന്ന് സർവേ പറയുന്നു. റെയിൽവേയിൽ അടുത്ത അഞ്ചു വർഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ നിക്ഷേപം ആർജ്ജിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റെയിൽവേയിൽ നിക്ഷേപം വരുന്നതിലൂടെ വളർച്ചയും നിർമാണ മേഖലയും സ്ഥിരതയും കെട്ടുറപ്പും കൈവരിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. സർക്കാരിന്റെ വരുമാനത്തിൽ കുറവ് വന്നാൽ പൊതുചെലവുകൾ കുറയ്ക്കുകയും പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് വരുമാനം കണ്ടെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ധനകമ്മി കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 4.1ശതമാനമായി ധനകമ്മി നിലനിർത്തണം. ഹ്രസ്വകാലത്തേക്കും അതേസമയം വളർച്ചയ്ക്ക് ഉതകുന്നതുമായ പൊതുനിക്ഷേപം ആർജ്ജിക്കണമെന്നും സർവേ പറയുന്നു. ഐ.ടി മേഖല രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായി തുടരുകയാണ്.സോഫ്റ്റ‌വെയർ മേഖല 2015-16ൽ 12 മുതൽ 16ശതമാനം വരെ വളർച്ച കൈവരിക്കാനാണ് സാദ്ധ്യതയെന്ന് സർവേ പറയുന്നു,​ ടൂറിസം മേഖലയിലും വ‍ളർച്ച കൈവരിക്കാനായി. വിനോദസ‍ഞ്ചാരികളുടെ വരവോടെ 7.1ശതമാനം വിദേശനാണ്യ ശേഖരമാണ് ഉണ്ടായത്. 2014ൽ ഇത് 6.6ശതമാനം മാത്രമായിരുന്നു.

സിനിമാരംഗത്ത് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ ഇന്ത്യ അന്താരാഷ്ട്ര സ്റ്റുഡിയോകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സർവേ പറയുന്നു.

മുഖ്യസാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് സർവേ തയ്യാറാക്കിയത്.

 

Add a Comment

Your email address will not be published. Required fields are marked *