ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ എടുത്തകളയാന്‍ തീരുമാനം

കൊച്ചി: ജനപ്രിയ ട്രെയ്‌നുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ എടുത്തകളയാന്‍ തീരുമാനം. വേണാട്, പരശുറാം എക്‌സ്പ്രസ് ട്രെയ്‌നുളിലാണ് ഈ മാസം 15 മുതല്‍ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം ആരംഭിച്ചത്. കോച്ചുകളുടെ സേവനം നിര്‍ത്തുന്നതായി കാട്ടി ദക്ഷിണ റെയ്ല്‍വേ റെയ്ല്‍വെ സ്റ്റേഷനുകളില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. 15 മുതല്‍ ട്രെയ്‌നുകളില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളുടെ സേവനം ഉണ്ടാവാത്തതിനാല്‍ സീസണ്‍ യാത്രക്കാര്‍ പകരം സംവിധാനമായി സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ സ്വീകരിക്കണമെന്നാണ് റെയ്ല്‍വെയുടെ അറിയിപ്പ്.റെയ്ല്‍വെ ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് കോച്ചുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം.

പൊടുന്നനെയുള്ള റെയ്ല്‍വെയുടെ തീരുമാനം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ദിവസേന 250 മുതല്‍ 300 വരെ യാത്രക്കാരാണ് വേണാട്, പരശുറാം എക്‌സ്പ്രസ് ട്രെയ്‌നുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ യാത്ര ചെയ്യുന്നത്. ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ ആവശ്യത്തിന് യാത്രക്കാര്‍ ഉണ്ടെങ്കില്‍ കോച്ചിന് തകരാര്‍ സംഭവിച്ചാല്‍ പോലും പകരം എസി ചെയര്‍ക്ലാസില്‍ യാത്രക്ക് സൗകര്യം ഒരുക്കണമെന്നാണ് ഐ ആര്‍ സി എ റെയ്ല്‍ കോച്ച് താരിഫ് ആക്റ്റില്‍ പറയുന്നത്. ഇതില്‍ സോണല്‍ ജി എം എക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്നതാണ്. ഇതു നിലനില്‍ക്കെയാണ് ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ ഒരേ സമയം ഒഴിവാക്കുകയും പകരം സംവിധാനം ഏര്‍പ്പാടാക്കാതിരിക്കുകയും ചെയ്യുന്നത്.

1980 കാലം മുതല്‍ വേണാട്, പരശുറാം ട്രെയ്‌നുകളില്‍ ഫസ്റ്റ് ക്ലാസ് സൗകര്യം ലഭ്യമാണ്. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് റെയ്ല്‍വെ കോച്ചുകള്‍ ഒഴിവാക്കാനൊരുങ്ങുന്നത്. ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലെ തിരക്കില്‍ നിന്നും ഒഴിവാകാനാണ് യാത്രക്കാര്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ടുമെന്റുകള്‍ തെരഞ്ഞെടുക്കുന്നത്. ജുഡീഷല്‍ ഉദ്യോഗസ്ഥര്‍, ഡോക്റ്റര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഫസ്റ്റ് ക്ലാസ് കോച്ചിലെ യാത്രക്കാരില്‍ ഏറെയും. യാത്രക്കൊപ്പം ജോലിയും നടക്കുമെന്നതിനാലാണ് ഇവരില്‍ പലരും ഫസ്റ്റ് ക്ലാസ് കോച്ച് തെരഞ്ഞെടുക്കുന്നത്. സെക്കന്റ് ക്ലാസിലേക്ക് യാത്ര മാറുന്നതോടെ പലരുടെയും സ്വകാര്യതക്കാണ് തടസം നേരിടുന്നത്. അതേസമയം തീരുമാനം പുനപരിശോധിക്കാന്‍ റെയ്ല്‍വെ തയാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് റെയ്ല്‍വെ അപ്പര്‍ക്ലാസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *