പ്രശ്നസങ്കീര്‍ണ്ണമാകുന്നു

തിരുവനന്തപുരം മനോജ്‌ എട്ടുവീട്ടില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍: ബാര്‍ക്കോഴ പ്രശ്നത്തില്‍ കോണ്‍ഗ്രസ്‌ രാഷ്ട്രീയം വഴിമാറുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും ധനമന്ത്രി കെ.എം.മാണിയെ സംരക്ഷിക്കണമെന്ന് നിലപാടെടുക്കുമ്പോള്‍ ഐ ഗ്രൂപ്പ് ഈ സംരക്ഷണ യുദ്ധത്തില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്ന സൂചനകളാണ് പ്രകടിപ്പിക്കുന്നത്. ബജറ്റ് ദിനത്തില്‍ കെ.എം.മാണിയെ എന്ത് വിലകൊടുത്തും ബജറ്റ് അവതരിപ്പിക്കാന്‍ സഹായിക്കണമെന്ന നിലപാട് എ ഗ്രൂപ്പ് എടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തപ്പോള്‍ അത്ര സജീവമായല്ല ഐ ഗ്രൂപ്പ് ഇവിടെ ഇടപെട്ടത്. രമേശ്‌ ചെന്നിത്തല സഭയില്‍ ഉണ്ടായിട്ടു കൂടി മാണിയുടെ സംരക്ഷിത വലയത്തില്‍ സ്ഥാനം പിടിച്ചില്ലാ എന്നതും ശ്രദ്ധേയമാണ്.

ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം വേണം, രമേശ്‌ ചെന്നിത്തലയ്ക്ക് പാര്‍ട്ടി വേണം. ഈ രണ്ടു നിലപാടുകളാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ കെ.എം.മാണിക്ക് എല്ലാ സംരക്ഷണവും ഒരുക്കി ഉമ്മന്‍ചാണ്ടി മുന്നോട്ടു പോകുമ്പോള്‍, മാണിയെ സംരക്ഷിക്കാനുള്ള പരിശ്രമത്തോട് ജനങ്ങള്‍ ഇങ്ങിനെ പ്രതികരിക്കും എന്നാണു ഐ ഗ്രൂപ്പ് ആശങ്ക. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പുമൊക്കെ ഏതാണ്ട് അടുത്തിരിക്കെ എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന അഭിപ്രായമാണ് ഐ ഗ്രൂപ്പില്‍ നിന്നും ഉയരുന്നത്. അഴിമതി ആരോപണങ്ങളില്‍പ്പെട്ട്‌ മുങ്ങിപ്പൊങ്ങിനില്‍ക്കുന്ന കെ.എം.മാണിയെ സംരക്ഷിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ അതിനു വലിയ വിലകൊടുക്കേണ്ടി വരുമോ എന്നതാണ് ഐ ഗ്രൂപ്പിനെ അലട്ടുന്നത്. മാണിയെ സംരക്ഷിക്കുന്നത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിഘാതമാകുമെന്ന് ഐ ഗ്രൂപ്പ് ഒരു തീരുമാനത്തില്‍ എത്തിയാല്‍ മാണിയെ സംരക്ഷിക്കുന്ന നീക്കവുമായി കോണ്‍ഗ്രസിന് മുന്നോട്ടു പോകുക പ്രയാസമാകും.

അല്ലെങ്കില്‍ തന്നെ ഈ പോക്ക് പോയാല്‍ അത് പ്രശനം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍ സംസാരങ്ങളുണ്ട്. ഐ ഗ്രൂപ്പ് ഇത്തരമൊരു സ്റ്റാന്റില്‍ എത്തിയാല്‍ ഈ സംസാരങ്ങള്‍ക്ക് ശക്തി വര്‍ധിക്കും. അഴിമതി ആരോപണങ്ങളില്‍ മുങ്ങി താഴുന്ന ഒരു ഘടകകക്ഷി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു കോണ്‍ഗ്രസ് ഒരു പരാജയം ഇരന്നു വാങ്ങണോ എന്ന ചോദ്ദ്യമുയര്‍ന്നാല്‍ ഇപ്പോള്‍ മാണിയെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഈ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും. അതിനു അധികം സമയം പിടിക്കുമോ എന്നാണു അറിയേണ്ടി വരിക. കെ.എം.മാണി രാജിവയ്ക്കണമെന്ന നിലപാട് യൂത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്‌ നേതാവായ സി.ആര്‍.മഹേഷ്‌ ഈ ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനം തന്നെ ഉദാഹരണം. യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന നേതാവാണ്‌ മഹേഷ്‌. മഹേഷ്‌ തന്നെ ഒരു വാര്‍ത്താസമ്മേളനത്തില്‍ കെ.എം.മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇത്തരമൊരു ആവശ്യത്തിനു പിന്നില്‍ മറ്റു കോണ്‍ഗ്രസ്‌ നേതാക്കളുണ്ട് എന്ന ചിന്ത പ്രബലമാകുന്നു.

അങ്ങിനെയെങ്കില്‍ ഈ ആവശ്യം ഒരു രമേശ്‌ ചെന്നിത്തല ആവശ്യം തന്നെയെന്നു കണക്ക്കൂട്ടേണ്ടി വരും. മാണിയെ സംരക്ഷിക്കെണ്ടെന്നു ഐ ഗ്രൂപ്പ് തീരുമാനം വന്നാല്‍ എ ഗ്രൂപ്പിന്റെ പല കണക്കുകൂട്ടലുകളും പൊളിയും. സി.ആര്‍.മഹേഷിന്റെ വാര്‍ത്താസമ്മേളനം ഈ ദിശയിലേക്കുള്ള ഒരു ചൂണ്ട് പലകയുമാണ്. ബാര്‍ക്കൊഴയില്‍ ആരോപണ വിധേയനായ കെ.മാണി രാജി വയ്ക്കണമെന്നും, മാണിയെ വഴിയില്‍ തടയുമെന്നുമുള്ള എല്‍ഡിഎഫ് തീരുമാനം വന്നതോടെ ഭരണരംഗത്ത് തന്നെ പ്രതിസന്ധി മുറുകുകയാണ്. പൊതു പരിപാടികളില്‍ അത്ര ശക്തമായ സുരക്ഷ കെ.എം.മാണിക്ക് നല്‍കേണ്ടിയും വരും. സോളാര്‍ കേസും, പാമോയില്‍ കേസും, സലിംരാജ് ആരോപണങ്ങളോക്കെതന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് മുന്നില്‍ വലിയ പ്രശ്നക്കുരുക്കുകള്‍ തന്നെ തീര്‍ത്തിട്ടുണ്ട്. അതിനു മുകളിലെക്കാണ് കെ.എം.മാണികൂടി ഉള്‍പ്പെട്ട ബാര്‍ക്കൊഴ പൊങ്ങി വരുന്നത്. എന്തായാലും കോണ്‍ഗ്രസ്‌ രാഷ്ട്രീയം ബാര്‍ക്കൊഴയെ കേന്ദ്രീകരിച്ചു പ്രശ്നസങ്കീര്‍ണ്ണമാകുകയാണ്.

Add a Comment

Your email address will not be published. Required fields are marked *