പ്രവചനം ശരിയാക്കി എല്‍ഡിഎഫ്; തെറ്റിച്ചത് മാണിയും മുനീറും സുരേഷ്കുറുപ്പും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ ഒട്ടുമുക്കാല്‍ കാര്യങ്ങളും ശരിയായപ്പോള്‍ പിഴച്ചു പോയത് മാണിയുടേയും മുനീറിന്റെയും സുരേഷ്കുറുപ്പിന്റെയും കാര്യങ്ങള്‍. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ പുറത്തുവന്ന ആറ് എക്സിറ്റ് പോളുകളില്‍ നാലും പ്രവചിച്ചത് എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റമായിരുന്നു. 80 മുതല്‍ 90 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്ന പ്രവചനങ്ങളും 13 സീറ്റുകള്‍ ബിജെപിയും മറ്റുള്ളവരും നേടുമെന്നും പ്രവചിക്കപ്പെട്ടിരുന്നു.
ഇതില്‍ എല്‍ഡിഎഫിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും മറ്റുള്ളവരുടെയും ഫലങ്ങള്‍ ഏറെക്കുറെ ശരിയായപ്പോള്‍ പിഴച്ചു പോയത് മാണിയുടെയും സുരേഷ് കുറുപ്പിന്റെയും മുനീറിന്റെയും പരാജയമായിരുന്നു. പാലായില്‍ തോല്‍ക്കുമെന്ന തോന്നല്‍ ജനിപ്പിച്ചിടത്തു നിന്നും 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാണി ജയിച്ചു കയറി. എക്സിറ്റ്പോള്‍ ഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ വോട്ട് പെട്ടിയിലല്ലേ എന്നായിരുന്നു മാണിയുടെ നേരത്തേ പുറത്തുവന്ന പ്രതികരണം.
ബിഡിജെഎസ് കടന്നുകയറ്റത്തിന്റെ സാഹചര്യത്തില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷ്കുറുപ്പിന്റെ പരാജയവും പ്രഖ്യാപിക്കപ്പെടിരുന്നു. എന്നാല്‍ ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് സുരേഷ്കുറുപ്പ് ഇവിടെ തോമസ് ചാഴിക്കാടനെ തോല്‍പ്പിക്കുകയും ചെയ്തു. അതുപോലെ തന്നെയായിരുന്നു കോഴിക്കോട് സൗത്തില്‍ എംകെ മുനീറിന്റെ പരാജയവും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ 6327 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുനീര്‍ ജയിച്ചു കയറി. അതേസമയം തോല്‍ക്കുമെന്ന് പ്രവചിക്കപ്പെട്ട പികെ ജയലക്ഷ്മി, കെപി മോഹനന് കെബാബു എന്നീ മന്ത്രിമാരുടെ കാര്യം ശരിയാവുകയും ചെയ്തു.