പ്രധാനമന്ത്രി ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെമലയാള പരിഭാഷ.

മനസ്സു പറയുന്നത്

എന്റെ പ്രിയപ്പെട്ട കര്‍ഷകമിത്രങ്ങളായ സഹോദരീ സഹോദരന്മാരെ, എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം.ഇന്ന് എനിക്ക് നമ്മുടെ രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളില്‍ താമസിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീസഹോദരന്മാരോട് സംസാരിയ്ക്കാനുള്ള അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ കൃഷിക്കാരോട് സംസാരിയ്ക്കുമ്പോള്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ഗ്രാമങ്ങളോടാണ് സംസാരിക്കുന്നത്. ഗ്രാമീണരെയാണ് അഭിസംബോധന ചെയ്യുന്നത്. പാടങ്ങളില്‍ പണിയെടുക്കുന്ന കൃഷിക്കാരോട്, ആ പാടങ്ങളില്‍ ജോലി ചെയ്യുന്ന അമ്മമാരോട്, സഹോദരിമാരോട് സംസാരിക്കുകയാണ്. ഇതുവരെ എന്റെ മനസ്സില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടായിരുന്നോ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഇപ്പോഴുള്ളത്. ഞാന്‍ കൃഷിക്കാരോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ആഗ്രഹിച്ചപ്പോള്‍ അകലങ്ങളിലെ ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന ആളുകള്‍ എന്നോട് ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കുമെന്ന് ഒരിയ്ക്കലും വിചാരിച്ചതേയില്ല. ഇത്രയേറെ അറിവുകള്‍ തരുമെന്നും ഞാന്‍ കരുതിയില്ല. കെട്ടുകണക്കിന് വന്ന നിങ്ങളുടെ കത്തുകളും അസംഖ്യം ചോദ്യങ്ങളും കണ്ടിട്ട് എനിയ്ക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. നിങ്ങള്‍ എത്രമാത്രം ജാഗരൂകരാണ്. എത്രമാത്രം പരിശ്രമശാലികളാണ്. ഒരുപക്ഷേ, നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും നിങ്ങള്‍ പറയുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്. ആദ്യംതന്നെ നിങ്ങള്‍ക്ക് നമസ്‌ക്കാരം പറയട്ടെ. നിങ്ങളുടെ കത്തുകള്‍ വായിച്ചിട്ട് അതിലൊളിഞ്ഞിരിക്കുന്ന വേദനയനുഭവിച്ചിട്ട് പ്രയാസങ്ങള്‍ ഊഹിച്ചിട്ട്, സഹിക്കുന്ന ബുദ്ധിമുട്ടുകളെ ഓര്‍ത്തിട്ട്, നിങ്ങള്‍ എന്തെല്ലാം അനുഭവിക്കുന്നുണ്ടെന്ന് എനിയ്ക്കറിയില്ല. വാസ്തവത്തില്‍ നിങ്ങള്‍ എന്നെ അമ്പരപ്പിച്ചിരിക്കുന്നു. എന്റെ ഈ ‘മന്‍ കി ബാത്, മനസ്സിലുള്ള കാര്യങ്ങള്‍ പറയുന്ന ഈ പരിപാടി എന്റെയൊരു പരിശീലനത്തിന്റെ പഠനക്കളരിയാണ് ഒരുക്കുന്നത്.എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു നിങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞോ, എന്തെല്ലാം ചോദ്യങ്ങള്‍ ചോദിച്ചോ, എത്രമാത്രം വിഭിന്നങ്ങളായ വിഷയങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചോ ഞാന്‍ ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. എന്റെ വികാരങ്ങളും വിചാരങ്ങളും അവിടെ അറിയിക്കും. എന്റെ ഗ്രാമത്തിലെ എന്റെ കൃഷിക്കാരായ സഹോദരങ്ങളെ, ഇത്തരത്തിലുള്ള ഒരു ചുറ്റുപാടില്‍ താമസിക്കുവാന്‍ നിങ്ങളെ നിര്‍ബന്ധിക്കാന്‍ എനിയ്ക്കാവില്ല. കൃഷിക്കാര്‍ കൃഷിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എഴുതിയതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. അതുകൂടാതെ, മറ്റു ചില വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഗ്രാമത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരില്‍നിന്നും നിങ്ങള്‍ എത്രമാത്രം വിഷമതകള്‍ അനുഭവിക്കുന്നു. മാഫിയാസംഘങ്ങളില്‍നിന്നും എന്തുമാത്രം ക്ലേശങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാകുന്നത്. അതിനെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രകൃതി ഒരുക്കുന്ന വിഷമതകള്‍ പോകട്ടെ, അടുത്തുള്ള വലുതും ചെറുതുമായ വ്യാപാരികളില്‍നിന്ന് നേരിടേണ്ടിവരുന്ന വിഷമങ്ങള്‍ നിരവധിയാണ്. ഗ്രാമീണര്‍ക്ക് മലിനജലം കുടിക്കേണ്ടിവരുന്നു. അതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇവരില്‍ ചില ഗ്രാമീണര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന കാര്യത്തിലും ആശങ്കാകുലരാണ്. ചിലര്‍ പറഞ്ഞതാകട്ടെ, മൃഗങ്ങള്‍ ചത്തുപോയാല്‍ മറവുചെയ്യാനുള്ള സൗകര്യങ്ങള്‍പോലുമില്ലെന്നാണ്. അക്കാരണങ്ങള്‍കൊണ്ട് രോഗം പടര്‍ന്നു പിടിയ്ക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ഉദാസീന ഭാവം. ഇന്നത്തെ ഈ ‘മന്‍ കി ബാത്’, ഭരണത്തില്‍ ഇരിയ്ക്കുന്നവരോടുള്ള ശക്തമായ താക്കീതാണ്. ഇത്തരം കൊച്ചുകൊച്ചുകാര്യങ്ങള്‍കൂടി ശ്രദ്ധിക്കുമ്പോഴാണ് നമ്മള്‍ക്ക് ഭരിയ്ക്കാനുള്ള യഥാര്‍ത്ഥ അവകാശം ലഭിക്കുന്നത്. ഇതെല്ലാം വായിയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിയ്ക്ക് ലജ്ജതോന്നി, നമ്മള്‍ ഇവര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നോര്‍ത്ത്.എനിയ്ക്ക് അതിനൊരു ഉത്തരം ഇല്ല. എന്റെ മനസ്സില്‍ നിങ്ങള്‍ പറഞ്ഞതെല്ലാം സ്പര്‍ശിച്ചുവെന്നത് ശരിയാണ്. ഞാനൊരു മാറ്റത്തിന് വേണ്ടി ആധികാരികമായി പ്രവര്‍ത്തിയ്ക്കുകയും അതിന്റെ എല്ലാവശങ്ങളെയുംകുറിച്ച് സര്‍ക്കാരിന് ബോധ്യപ്പെടുത്തുകയും ചെയ്യും. അതായിരിക്കും എന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം മഴ വളരെ കുറഞ്ഞതു കാരണം നിങ്ങള്‍ക്ക് വളരെയേറെ വിഷമം ഉണ്ടായി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇപ്രാവശ്യമാകട്ടെ കാലം തെറ്റിയുള്ള മഴയും മഞ്ഞുവീഴ്ചയും. ഒരുവിധത്തില്‍ പറഞ്ഞാല്‍ മഹാരാഷ്ട്രയ്ക്കു വടക്കുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയായിരുന്നു. ഓരോ സ്ഥലത്തുള്ള കൃഷിക്കാരും ഏറെ വിഷമതകള്‍ അനുഭവിച്ചു. ചെറുകിട കൃഷിക്കാര്‍ എത്ര യത്‌നിച്ചിട്ടും വര്‍ഷം മുഴുവനും കൃഷിയ്ക്കായി ജീവിതം അര്‍പ്പിച്ചിട്ടും അവരുടെ സര്‍വ്വസ്വവും നഷ്ടപ്പെട്ടു. ഈ വിഷമകരമായ അവസ്ഥയില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ട്. സര്‍ക്കാരിന്റെ എല്ലാ ഘടകങ്ങളും സംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി സ്ഥിതിവിശേഷങ്ങള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. മന്ത്രിമാരും ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്.ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രഗവണ്‍മെന്റും സംസ്ഥാനഗവണ്‍മെന്റുകളും ഒരുമിച്ചു ചേര്‍ന്ന് ഈ വിഷമാവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ കൃഷിക്കാരായ സഹോദരീസഹോദരന്മാരെയും എത്രമാത്രം സഹായിക്കാന്‍ കഴിയുമോ അത്രമാത്രം സഹായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ സര്‍ക്കാര്‍ വളരെ അനുകമ്പയോടെ ഈ വിഷമാവസ്ഥയില്‍ നിങ്ങളെ പൂര്‍ണ്ണമായി സഹായിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. കഴിവിന്റെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഗ്രാമീണരും കൃഷിക്കാരും പല കാര്യങ്ങളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ജലസേചനത്തെക്കുറിച്ചാണ് മുഖ്യമായും പറഞ്ഞിട്ടുള്ളത്. ഗ്രാമത്തില്‍ വേണ്ടത്ര റോഡുകള്‍ ഇല്ല. അതില്‍ അവര്‍ക്ക് വലിയ അമര്‍ഷമുണ്ട്. വളത്തിന് വില കൂടുന്നു-ആ കാര്യംകൊണ്ടും കൃഷിക്കാര്‍ വളരെ നിരാശരാണ്. ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഇതും കൃഷിക്കാരെ വിഷമിപ്പിക്കുന്നു. കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ഭാവിയില്‍ നല്ല നിലയില്‍ ജോലി കിട്ടാനും, അതും അവരുടെ വലിയ ആഗ്രഹമാണ്. അവര്‍ക്ക് പരാതികളുമുണ്ട്. ഗ്രാമത്തിലെ അമ്മമാരും സഹോദരിമാരും ലഹരിയ്ക്കടിമയാവുകയാണ്. അതില്‍ അവര്‍ തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ചില സഹോദരിമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ പുകയില ഉപയോഗിക്കുന്നതിലുള്ള അമര്‍ഷം വ്യക്തമാക്കിക്കൊണ്ട് എനിയ്ക്ക് കത്തുകള്‍ അയച്ചുകാണുന്നു. നിങ്ങളുടെ ദു:ഖം എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിയും. സര്‍ക്കാരുകളുടെ പദ്ധതികള്‍ വളരെയേറെ കേട്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും ഞങ്ങളില്‍ എത്തിച്ചേരുന്നില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.ഞങ്ങള്‍ എത്രമാത്രം പരിശ്രമിക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നു. എന്നാല്‍ ഞങ്ങളുടെ പോക്കറ്റില്‍ മിച്ചമൊന്നുമില്ല. ഞങ്ങള്‍ക്ക് ആവശ്യമുള്ള പണം ലഭിക്കുന്നില്ല. ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വാങ്ങാന്‍ ആളില്ല. വില കുറച്ചു വില്‍ക്കേണ്ടിവരുന്നു. വിളവു കൂടിയാലും വിഷമം, വിളവ് കുറഞ്ഞാലും വിഷമം. അങ്ങിനെ കൃഷിക്കാര്‍ അവരുടെ മനസ്സിലുള്ള സങ്കടങ്ങള്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചു. ഞാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടും ഭാരതസര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളോടും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാര്‍ക്ക് ഉറപ്പ് തരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വളരെവേഗം നല്‍കാന്‍ ഞാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ധൈര്യം ചോര്‍ന്നു പോകുന്നതായി എനിക്ക് തോന്നുന്നു. അത് സ്വാഭാവികമാണ്. 60 വര്‍ഷക്കാലം നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആധികാരികമായി ഇതിനുവേണ്ടി പ്രയത്‌നിയ്ക്കുന്നു. കൃഷിക്കാരായ ബഹുമാന്യസഹോദരങ്ങളേ, നിങ്ങളുടെ അനേകം ചോദ്യങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ബില്ലിന്മേല്‍ ചര്‍ച്ച നടക്കുകയാണ്. അതിന്റെ സ്വാധീനം കാണാനുമുണ്ട്. ഇതേക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരക്കുന്നത് കണ്ട് എനിയ്ക്ക് ആശ്ചര്യം തോന്നി. നിങ്ങള്‍ കൊച്ചുകൊച്ചു ചോദ്യങ്ങള്‍ എന്നോട് ചോദിച്ചത് നന്നായി. സത്യാവസ്ഥ ബോധ്യപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിയ്ക്കാം.ഭൂമി ഏറ്റെടുക്കല്‍ നിയമം 120 വര്‍ഷം മുമ്പേ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും അറുപതു അറുപത്തഞ്ച് വര്‍ഷക്കാലം അതേ നിയമം നിലനിന്നു. ഇന്ന് കൃഷിക്കാരുടെ വേദനയില്‍ പങ്കുചേര്‍ന്ന് വിപ്ലവം നടത്തുന്നവരും ഇതേ നിയമത്തില്‍ നിന്നുകൊണ്ടാണ് ദേശത്തെ നയിച്ചതും രാജ്യം ഭരിച്ചതും. കൃഷിക്കാര്‍ക്ക് എന്താണോ വേണ്ടിയിരുന്നത് അത് നടന്നു. നിയമത്തില്‍ മാറ്റം വരണമെന്ന് എല്ലാവരും ആഗ്രഹിച്ചു. നമ്മളും ആഗ്രഹിച്ചിരുന്നു. നമ്മള്‍ പ്രതിപക്ഷത്തായിരുന്നു. 2013-ല്‍ വളരെ പെട്ടെന്ന് ഒരു പുതുനിയമം കൊണ്ടുവന്നു. നമ്മളും ആ സമയത്ത് തോളോടുതോള്‍ ചേര്‍ന്ന് കൂടെക്കൂടി. കൃഷിക്കാര്‍ക്ക് നന്മ വരുന്ന കാര്യത്തില്‍ ആരാണ് ഒത്തൊരുമിയ്ക്കാത്തത്. നമ്മളും സഹകരിച്ചു. നിയമങ്ങള്‍ നടപ്പില്‍ വന്നപ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരുപക്ഷേ, ഇത് കൃഷിക്കാരെ വഞ്ചിക്കുകയാണെന്ന് തോന്നി. ഞങ്ങള്‍ക്ക് കൃഷിക്കാരെ വഞ്ചിക്കാനുള്ള അധികാരമില്ല. നമ്മുടെ സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ സംസ്ഥാനങ്ങളില്‍നിന്നും വളരെ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായി. ഈ നിയമം മാറ്റേണ്ടതാണ്. നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം. നിയമങ്ങളില്‍ ഉള്ള കുറവുകള്‍ പരിഹരിക്കണം.വര്‍ഷം ഒന്നു കഴിഞ്ഞു. ഒരു സംസ്ഥാനവും ഈ നിയമം നടപ്പില്‍ വരുത്താന്‍ തയ്യാറായില്ല. നടപ്പില്‍ വരുത്തിയവര്‍, അവര്‍ എന്തു ചെയ്തു? മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പില്‍വരുത്തി. ഹരിയാനാ സര്‍ക്കാരും നടപ്പില്‍ വരുത്തി. അവിടങ്ങളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ് ഉണ്ടായിരുന്നത്. കൃഷിക്കാരുടെ നന്മയെ ആഗ്രഹിയ്ക്കുന്നവരാണെന്ന് അവര്‍ വാദിച്ചു. ഈ നിയമത്തില്‍ എന്തു നഷ്ടപരിഹാരമാണോ നിശ്ചയിച്ചിരുന്നത് അതിനെ അവര്‍ പകുതിയാക്കി. ഇതാണോ കൃഷിക്കാരോട് കാണിച്ച ന്യായം. ഇതെല്ലാം കണ്ടിട്ട് ഇതിനെക്കുറിച്ച് ഒരു പുനര്‍വിചാരം അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി. വളരെ വേഗത്തിലുള്ള നടപടികള്‍കൊണ്ട് ഇതില്‍ കുറെ പാകപ്പിഴകള്‍ വന്നുചേര്‍ന്നു. പക്ഷേ, ഉദ്ദേശ്യം തെറ്റല്ല. എന്നാല്‍ ചില കുറവുകള്‍ ഉണ്ട്. അപ്പോള്‍ അതിനെ ശരിയാക്കേണ്ടതായിട്ടുണ്ട്. മുന്‍സര്‍ക്കാര്‍ എന്താണ് ആഗ്രഹിച്ചത്, എന്താണ് ആഗ്രഹിയ്ക്കാതിരുന്നത് അതിനെക്കുറിച്ച് ഒരാരോപണവും ഞങ്ങള്‍ക്കില്ല. കൃഷിക്കാര്‍ക്ക് നന്മ ഉണ്ടാവണം. അതാണ് ഞങ്ങളുടെ ആഗ്രഹം. കൃഷിക്കാരുടെ കുട്ടികള്‍ക്കും നന്മ വരണം. ഗ്രാമീണര്‍ക്കും നന്മ വരണം. അതിനുവേണ്ടി നിയമങ്ങളില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ അത് പരിഹരിക്കണം. ഞങ്ങളുടെ അടിസ്ഥാനപരമായ ശ്രമം കുറവുകളെ പരിഹരിയ്ക്കുകയെന്നുള്ളതാണ്.ഏറ്റവും വലിയ ഒരു കുറവ് ഞാന്‍ പറയട്ടെ, അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നും. കൃഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രസംഗിക്കുന്നവരാരുംതന്നെ ഒരുത്തരം തരുന്നില്ല. ഭാരതത്തില്‍ വെവ്വേറെയായി 13 നിയമങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭൂമി ഏറ്റെടുക്കല്‍ നിയമമാണ്. ഉദാഹരണത്തിന് റെയില്‍വേ, നാഷണല്‍ ഹൈവേ, ഖനികള്‍ തുടങ്ങി 13 കാര്യങ്ങളെയും മുന്‍സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്നതായി നിങ്ങള്‍ക്കറിയാം. മാറ്റി നിര്‍ത്തിയെന്നുവച്ചാല്‍ ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന 13 പ്രകാരത്തിലുള്ള പ്രവര്‍ത്തികള്‍ക്കുംവേണ്ടി. അതില്‍ കൃഷിക്കാര്‍ക്ക് മുന്‍പറഞ്ഞ നിയമങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം കിട്ടും. ഇതൊരു കുറവാണോ? മികവാണോ? എന്ന് നിങ്ങള്‍തന്നെ പറയൂ. ഞങ്ങള്‍ ഇതിനൊരു പരിഹാരം കണ്ടു. ഈ 13 ഇനങ്ങളിലും സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് റെയില്‍വേയ്ക്കായാലും ഹൈവേയ്ക്കായാലും അതിന്റെ പ്രതിഫലം കൃഷിക്കാര്‍ക്ക് നാലുമടങ്ങുവരെ കൂടുതല്‍ കിട്ടണം. ഈ തീരുമാനം കൃഷിക്കാരെ പ്രതികൂലമായി ബാധിയ്ക്കുന്നതാണോ എന്നു പറയൂ. അതിനുവേണ്ടി പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു. അങ്ങിനെ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ കൃഷിക്കാരുടെ ഭൂമി പഴയനിയമം അനുസരിച്ച്ഏറ്റെടുക്കേണ്ടിവരുമായിരുന്നു. അവര്‍ക്കൊന്നും കിട്ടുകയുമില്ല. ഈ നിയമം ഉണ്ടായപ്പോള്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നവരില്‍ പലരും ഇതിനെതിരായി ശബ്ദമുയര്‍ത്തി. നിയമനിര്‍മ്മാതാക്കള്‍ നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ അവര്‍ നിരാശയോടെ പറയുന്നതുകേട്ടു, ഈ നിയമം കൃഷിക്കാരുടെ നന്മയ്ക്കുവേണ്ടിയല്ല, ഗ്രാമീണരുടെയും നന്മയ്ക്കുവേണ്ടിയല്ല, ദേശത്തിന്റെ നന്മയ്ക്കും അല്ല. ഈ നിയമങ്ങള്‍ എല്ലാംതന്നെ നമ്മുടെ രാജ്യത്തെ ഉദ്യോഗസ്ഥന്മാരുടെ പണപ്പെട്ടി നിറയ്ക്കാനുള്ളതാണ്. ഉദ്യോഗസ്ഥന്മാര്‍ക്ക് ഉല്ലസിച്ചാര്‍ക്കാന്‍വേണ്ടിയുള്ളതാണ്. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടിയാണ്.ഇതൊക്കെ ശരിയാണെങ്കില്‍ ഇതിനൊക്കെ ഒരു പരിഹാരം ആവശ്യമല്ലേ, അതുകൊണ്ട് നമ്മള്‍ കുറവുകളെ ദൂരീകരിച്ച് കൃഷിക്കാര്‍ക്ക് നന്മ വരുത്താനുള്ള പ്രവൃത്തികള്‍ ചെയ്തു. ആദ്യമായി ചെയ്തത്, 13 നിയമങ്ങളില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് പുറത്തുണ്ടായിരുന്നതും, ഏതൊരു കാരണംകൊണ്ടാണോ കൃഷിക്കാര്‍ക്ക് വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരുന്നത് അതിനെ ഈ പുതിയ നിയമത്തിനുള്ളില്‍ കൊണ്ടുവന്നു. അതുകൊണ്ട് കൃഷിക്കാര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം കിട്ടുകയും അതിന്മേലുള്ള മുഴുവന്‍ അവകാശവും സംരക്ഷിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍, മോദി നടപ്പാക്കുന്ന പുതിയ നിയമത്തില്‍ കൃഷിക്കാര്‍ക്ക് മുഴുവന്‍ പ്രതിഫലം കിട്ടുകയില്ലെന്നും കുറച്ചേ കിട്ടുകയുള്ളു എന്നുമുള്ള ഊഹാപോഹം വ്യാപിച്ചു.എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീ സഹോദരന്മാരേ, അപ്രകാരത്തിലുള്ള ഒരു പാപം എനിക്ക് ചിന്തിയ്ക്കാന്‍കൂടി കഴിയുകയില്ല. 2013-ല്‍ മുന്‍സര്‍ക്കാരിന്റെ സമയത്തുണ്ടാക്കിയ നിയമങ്ങളില്‍ എത്ര നഷ്ടപരിഹാരമാണോ നിശ്ചയിച്ചിരുന്നത് അതില്‍നിന്ന് ഒട്ടുംതന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നാലിരട്ടി നഷ്ടപരിഹാരംവരെ നല്‍കാനുള്ള നടപടികള്‍വരെ ഞങ്ങള്‍ സ്വീകരിച്ചു. അവ 13 പദ്ധതികളിലും മുമ്പുണ്ടായിരുന്നില്ല. ഇതിനെയും നമ്മള്‍ അതിനോട് കൂട്ടിച്ചേര്‍ത്തു. അതുമാത്രവുമല്ല, നഗരവല്ക്കരണത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ അതില്‍ വികസിപ്പിച്ചെടുത്ത ഭൂമിയില്‍ 20 ശതമാനം ഭൂമി ഉടമസ്ഥനു കിട്ടും. പിന്നെയും സാമ്പത്തികമായി അവര്‍ക്കാനുകൂല്യങ്ങള്‍ ഉണ്ടാകും. അതും ഞങ്ങള്‍ തുടരുന്നു. കുടുംബത്തിലെ ഒരു യുവാവിന് ജോലി ലഭിയ്ക്കും. കൃഷിക്കാരുടെ സന്താനങ്ങള്‍ക്കും ജോലി കിട്ടും. അത് ഞങ്ങള്‍ തുടരുന്നു. ഇതിനെല്ലാം പുറമെ, ഒരു പുതിയ കാര്യംകൂടി ചേര്‍ത്തിട്ടുണ്ട്. അതിതാണ്, ജില്ലയിലെ അധികാരികള്‍ക്ക് ഇക്കാര്യവും വ്യക്തമാക്കേണ്ടതായിട്ടുണ്ട്. അതില്‍ തൊഴില്‍ ആര്‍ക്കാണ് ലഭിയ്‌ക്കേണ്ടത്, ഏത് വകുപ്പില്‍ വേണം, എവിടെ വേണം. ഇത് സര്‍ക്കാരിനെ എഴുതി നല്‍കിയാല്‍മാത്രം മതി. ഈയൊരു പുതിയകാര്യംകൂടി കൂട്ടിച്ചേര്‍ക്കുകയും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാക്കി ഉറപ്പിക്കുകയും ചെയ്തു. എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ആദ്യം സര്‍ക്കാരിന്റെ സ്വന്തം ഭൂമി ഉപയോഗിയ്ക്കണം. അതിനുശേഷം ഫലഭൂയിഷ്ഠമല്ലാത്ത ഭൂമി പ്രയോജനപ്പെടുത്തണം. വളരെ അത്യാവശ്യമെങ്കില്‍ മാത്രം കൃഷിയിടങ്ങള്‍ ഉപയോഗിക്കണം. അതുകൊണ്ട് ഫലഭൂയിഷ്ഠമല്ലാത്ത ഭൂമിയുടെ സര്‍വ്വേ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാണ് മുന്‍ഗണന.ആവശ്യത്തിലേറെ ഭൂമി ഏറ്റെടുക്കുന്നു എന്ന് കൃഷിക്കാര്‍ പറയുന്നത് ശരിതന്നെ. എത്ര ഭൂമിയെടുക്കണമെന്ന് ആദ്യമായി പരിശോധിക്കണം. പുതിയ നിയമങ്ങളില്‍ക്കൂടി അത് ആവശ്യപ്പെടുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. ആവശ്യത്തിലധികം ഭൂമി ഏറ്റെടുക്കാതിരിക്കാന്‍ ഇങ്ങനെയൊരു തീരുമാനം ആവശ്യമാണ്. എന്തൊക്കെയോ നടക്കാന്‍ പോകുന്നുവെന്നുള്ള ആകുലത കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമാകുന്നു. സാമൂഹ്യ പ്രതിരോധത്തിന്റെ പേരില്‍ ഈയൊരു പ്രക്രിയ, വര്‍ഷങ്ങളോളം തുടര്‍ന്നുവന്നാല്‍, വ്യവഹാരങ്ങള്‍ നടത്തിക്കൊണ്ടിരുന്നാല്‍, ഈ സമീപഭാവിയിലൊന്നും കൃഷിക്കാരന് ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ? കൃഷിയിറക്കുമ്പോള്‍ കോടതിവിധിയെക്കുറിച്ച് അയാള്‍ ചിന്തിയ്ക്കും. അപ്പോള്‍ എന്തു ചെയ്യും? ഇങ്ങനെ അവരുടെ നാലഞ്ചുവര്‍ഷം ഒരു പ്രയോജനവും ഇല്ലാതെ പോകും. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തില്‍ ഇക്കാര്യങ്ങളെല്ലാം കുടുങ്ങും. തുടര്‍ന്നുള്ള പ്രക്രിയകളെല്ലാം കുഴഞ്ഞു മറിയും. പാവപ്പെട്ട കൃഷിക്കാര്‍ ആപ്പീസറന്മാരുടെ കാലുപിടിക്കാന്‍ നിര്‍ബന്ധിതരാകും. അല്ലയോ സാര്‍, ഇത് ഇങ്ങനെ എഴുതണം, അങ്ങനെ എഴുതണം ഇതൊക്കെയായിരിക്കും സംഭവിക്കാന്‍ പോകുന്നത്. ഞാന്‍ എന്റെ കൃഷിക്കാരെ ഈയൊരു ബ്യൂറോക്രസിയുടെ ബലിയാടുകളാക്കണോ? അപ്രകാരം ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ വിചാരം. ഇത് വളരെ ദൈര്‍ഘ്യമേറിയതും പ്രയാസകരവുമാണ്. അതിനെ ലളിതമാക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ കൃഷിക്കാരായ സഹോദരീസഹോദരന്മാരേ, 2013-ല്‍ നിയമമുണ്ടാക്കി. പക്ഷേ, സംസ്ഥാനങ്ങള്‍ അതിനെ സ്വീകരിച്ചില്ല. കൃഷിക്കാര്‍ പൂര്‍വ്വസ്ഥിതിയില്‍തന്നെ. സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ഞാന്‍ സംസ്ഥാനങ്ങള്‍ പറയുന്നത് കേള്‍ക്കണോ വേണ്ടയോ? ഞാന്‍ സംസ്ഥാനങ്ങളെ വിശ്വസിക്കണോ വേണ്ടയോ? ഇത്ര വലിയ ദേശത്തിന് സംസ്ഥാനങ്ങളെ അവിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയുമോ? പറയൂ.എന്റെ അഭിപ്രായത്തില്‍ നമുക്ക് ദേശത്തോട് വിശ്വാസമുണ്ടാകണം. ഭാരതസര്‍ക്കാരിലുള്ള പൂര്‍ണ്ണവിശ്വാസം. കാരണം, ഞാന്‍ ഈ ദേശത്തോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാവുന്നതാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള നിയമത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്താനാകും. കുറ്റങ്ങളും കുറവുകളും മാറ്റുകയും ചെയ്യാം. കര്‍ഷകരുടെയും തൊഴിലാളികളുടെയും നന്മയെ, അഭിവൃദ്ധിയെ ലക്ഷ്യമിട്ടാണ് ഓരോ തീരുമാനവും എടുക്കുന്നത്. അതുകൊണ്ട് ദേശവാസികളോട് എനിക്ക് പറയുവാനുള്ളത് ഒരുതരത്തിലുമുള്ള തെറ്റിദ്ധാരണക്കും ഇടവരരുത്. ഇത്തരത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയുമരുത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണ്, പാവപ്പെട്ടവര്‍ക്ക് എതിരാണ് ഇങ്ങനെ ചില നുണപ്രചരണങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുവാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനെതിരെയുള്ള ഗൂഢാലോചന നാം തിരിച്ചറിയുക. അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍ ഓരോന്നും.ഇത്തരം തെറ്റിദ്ധാരണകളില്‍നിന്ന് നാം മുക്തരാകണം. മാത്രമല്ല, നമ്മുടെ ദേശത്തെ ഇത്തരത്തിലുള്ള നീക്കങ്ങളില്‍നിന്ന് മോചിപ്പിക്കുകയുംവേണം. നമ്മുടെ കര്‍ഷകരെയും സാധാരണക്കാരെയും നമുക്ക് രക്ഷിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഗ്രാമത്തിലെ കര്‍ഷകരോട് ചോദിയ്ക്കുക; സുഹൃത്തേ, മൂന്നുമക്കളുണ്ട് അവരെ എന്താക്കാനാണ് ശ്രമിക്കുന്നത്? അവര്‍ പറയും, ഒരാള്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെടും, എന്നാല്‍ മറ്റു രണ്ടുപേര്‍ മറ്റേതെങ്കിലും ജോലിയില്‍ ഏര്‍പ്പെടട്ടെ.ഓരോ ഗ്രാമീണകര്‍ഷകന്റെയും മക്കള്‍ക്ക് ജോലി ലഭിക്കണം. അവര്‍ക്ക് എവിടെയും പോയി തൊഴില്‍ ചെയ്യണമെങ്കില്‍ അതിനുള്ള പദ്ധതികളുണ്ടാകണം. അതുകൊണ്ട് നാം ചിന്തിക്കേണ്ടത് ഗ്രാമത്തിന്റെ ഉയര്‍ച്ചയെന്നാല്‍ ഗ്രാമീണരുടെ ഉന്നമനമാണ്. അതിനാല്‍ കര്‍ഷകരുടെ മക്കള്‍ക്ക് തൊഴില്‍ ലഭ്യമാകണം. അതിനുള്ള പദ്ധതികള്‍ നിരവധി ഉണ്ടാകേണ്ടതുണ്ട്. ഗ്രാമോന്നതിക്കുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ജയ് ജവാന്‍ ജയ് കിസാന്‍’ മുദ്രാവാക്യത്തിന് നാം ശക്തിപകരുന്നതും. ‘ജയ് ജവാന്‍’ എന്നത് രാഷ്ട്രത്തിന്റെ രക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണ്. എന്നാല്‍ ദേശരക്ഷ എന്ന വിഷയത്തില്‍ നിന്ന് ഭാരതത്തിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും അകന്ന് നില്‍ക്കാനാവില്ല. രാഷ്ട്രസുരക്ഷയെ സംബന്ധിച്ച മേഖലകളില്‍ അത്യാവശ്യമെങ്കില്‍ കര്‍ഷകരുടെ ഭൂമി ആവശ്യമായിവന്നേക്കാം. എന്നാല്‍ എനിക്ക് കര്‍ഷകരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. രാഷ്ട്രസുരക്ഷയ്ക്കുവേണ്ടി അവര്‍ ഭൂമി തീര്‍ച്ചയായും തരികതന്നെചെയ്യും. ഇത്തരത്തിലുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഭൂമി ഏറ്റെടുക്കല്‍ ബന്ധപ്പെട്ടിരിക്കുന്നതും ഗ്രാമത്തിലെ ഏതൊരാളും എന്നോട് പറയാതിരിക്കുകയില്ല ഗ്രാമത്തില്‍ റോഡ് വേണ്ടെന്ന്.കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ ജലസേചനസൗകര്യങ്ങള്‍ക്കായി ജലവിതാനങ്ങള്‍ ഉണ്ടാവേണ്ടതല്ലേ. അത്തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭൂമി ആവശ്യമായിവരും. ഇന്നും നമ്മുടെ ഗ്രാമങ്ങളില്‍ വളരെയേറെ ദരിദ്രവിഭാഗങ്ങള്‍ ഉണ്ട്. അവര്‍ക്ക് വാസയോഗ്യമായ വീടുകളില്ല. വീടുവക്കണമെങ്കില്‍ അനുയോജ്യമായ ഭൂമി വേണ്ടതല്ലേ. ചിലര്‍ എന്നോട് പറയാറുണ്ട്, ഇതെല്ലാം വ്യവസായികള്‍ക്ക് വേണ്ടിയാണെന്ന്. നിങ്ങള്‍തന്നെ പറയൂ, അങ്ങനെയാണോ? ഇതെല്ലാം ഇവിടുത്തെ പണച്ചാക്കുകള്‍ക്കു വേണ്ടിയാണോ? നാം യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. ഇതിനു പിന്നില്‍ മറ്റൊരു ഉദ്ദേശ്യവുമില്ലെന്നത് പകല്‍പോലെ സത്യമാണ്. അതേ ഞാന്‍ നിങ്ങളോട് ഒരു കാര്യം മനസ്സിനേറ്റ വേദനയോടെ പറയാന്‍ ആഗ്രഹിക്കുകയാണ്. പുതിയ ബില്ലിന്റെ അടിസ്ഥാനം എന്തെന്നതിനെ സംബന്ധിച്ചാണ്. ഏതെങ്കിലും ഒരു വ്യവസായ ആവശ്യത്തിനോ ഫാക്ടറിക്കോ പ്രത്യേക വ്യവസായം ചെയ്യുന്നവര്‍ക്കോ ഭൂമിയേറ്റെടുക്കല്‍ വേണ്ടിവന്ന അവസരത്തില്‍ 2013-ല്‍ ഒരു നിയമം നിര്‍മ്മിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് തുടര്‍നിയമങ്ങള്‍ നടപ്പില്‍ വരുന്നത്. ഇത് 2013-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണിങ്ങനെ കള്ളത്തരങ്ങള്‍ പ്രചരിപ്പിയ്ക്കുന്നതെന്ന് നാം മനസ്സിലാക്കണം.
എന്റെ കര്‍ഷകസോദരന്മാരേ, നിങ്ങളുടെ ഇടയില്‍ ഇത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണ ചില കേന്ദ്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പരത്തുകയാണ്. നിങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ല, കോടതികളില്‍ പോകാന്‍ അവസരം ലഭിക്കില്ല എന്നൊക്കെ. ഇവയെല്ലാം അടിസ്ഥാനരഹിതമാണ്. പച്ചക്കള്ളമാണ്. ഭാരതത്തിലെ ഒരു സര്‍ക്കാരിനും കര്‍ഷകരുടെ നിയമപരമായ അധികാരങ്ങളൊന്നുംതന്നെ കവര്‍ന്നെടുക്കാനാവില്ല എന്ന് ഞാനോര്‍മ്മിപ്പിക്കുകയാണ്. ഇക്കാര്യം ഭരണഘടനാശില്പിയായ ബാബാസാഹിബ് അംബേദ്ക്കര്‍ ഭരണഘടനയില്‍തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭാരതത്തിലെ ഏതൊരു കോടതിയിലേക്കുമുള്ള വാതില്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി തുറന്നുതന്നെ കിടക്കും. നിങ്ങള്‍ക്ക് ഏതൊരു കോടതിയേയും സമീപിക്കുവാന്‍ ആകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഇന്ന് കര്‍ഷകരുടെ ഇടയില്‍ ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇതു സംബന്ധിച്ച് നിങ്ങളുടെ പടിവാതിലില്‍ ഇതിന്റെ നിജസ്ഥിതി എത്തിയ്ക്കാനുള്ള പരിശ്രമമാണ് ഞാന്‍ ചെയ്തത്. ഇത്തരം കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു അതോറിറ്റിതന്നെ ഉണ്ടാക്കിയിട്ടുണ്ട്. ആ അതോറിറ്റിയുടെ പ്രവര്‍ത്തനം ജില്ലാതലത്തിലേക്ക് നീളും. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ഓരോ ജില്ലയിലേയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണാന്‍ അതാതു ജില്ലകളില്‍തന്നെ സാധിക്കും. അവിടെ നിങ്ങള്‍ ആഗ്രഹിയ്ക്കുന്നവിധം പരിഹാരം ഉണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉന്നത നീതിപീഠങ്ങളെ സമീപിയ്ക്കാനാവും. അതിനുള്ള വ്യവസ്ഥയും അതോറിറ്റിയുടെ ഭാഗത്തുനിന്നുതന്നെയുണ്ടാവും. ഞാന്‍ ഇക്കാര്യംകൂടി നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ്, ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം തിരികെ നല്‍കാനാവുമെന്ന നിയമം എടുത്തു കളഞ്ഞിട്ടുണ്ട്. മാത്രമല്ല, കര്‍ഷകസഹോദരങ്ങളേ, നിങ്ങള്‍ക്ക് ആവശ്യപ്പെടാം. ആദ്യം പദ്ധതി എന്തെന്ന്. അത് പൂര്‍ണ്ണരൂപത്തില്‍ അവതരിപ്പിച്ചു കാണിക്കാനും ആവശ്യപ്പെടാം. എത്ര വര്‍ഷംകൊണ്ട് അത് പൂര്‍ത്തിയാക്കുമെന്നും നിങ്ങള്‍ക്ക് ചോദിക്കാനുള്ള പൂര്‍ണ്ണ അധികാരമുണ്ട്. മാത്രമല്ല, പറഞ്ഞ കാലയളവില്‍ പദ്ധതി നടപ്പിലാകുമോ? എന്ന് ചോദിയ്ക്കാനും അതല്ലെങ്കില്‍ നിശ്ചിതസമയബന്ധിതമായി പദ്ധതി നടപ്പിലാക്കണമെന്നു പറയുവാനും കര്‍ഷകനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ബില്ല്.എന്നാല്‍ ഇന്ന് എന്താണ് നമ്മുടെ മുന്നില്‍ കാണുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ? 40 വര്‍ഷംമുമ്പേ കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തെങ്കിലും സര്‍ക്കാരുകള്‍ യാതൊന്നും ചെയ്തില്ല. അത്തരം അമാന്തം ഇനിയുണ്ടാവില്ല. ഞങ്ങള്‍ക്ക്, സര്‍ക്കാരിന് നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ എല്ലാം ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എന്നാല്‍, നാം മനസ്സിലാക്കാനുള്ളത് 500 കി.മീ. നീളത്തില്‍ റെയില്‍വേ പാതയുടെ പണി ചെയ്യേണ്ട അവസരത്തില്‍ അധികം സമയം വേണ്ടി വന്നേക്കും. അത്തരം സാഹചര്യത്തില്‍ എത്ര സമയംകൊണ്ട് പണി പൂര്‍ത്തിയാകുമെന്ന് ആധികാരികമായി എഴുതി നല്‍കാന്‍ ആദ്യംതന്നെ നിങ്ങള്‍ക്കാവശ്യപ്പെടാം. അതുകൊണ്ടുതന്നെ ഇതില്‍ ഞങ്ങള്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. അതുകൊണ്ട് എന്റെ കര്‍ഷകസഹോദരങ്ങളോട് ഒരുകാര്യംകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ചിലപ്പോഴെല്ലാം ശീതീകരിച്ച മുറികളിലിരുന്നാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ക്ക് ഗ്രാമത്തിലെ സാധാരണ കര്‍ഷകരുടെ യഥാര്‍ത്ഥസ്ഥിതി എന്തെന്നൊരിക്കലും മനസ്സിലാക്കാനാവുകയുമില്ല.ഡാം അല്ലെങ്കില്‍ ജലസംഭരണി ഉണ്ടാക്കുന്നത് സംബന്ധിച്ച് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതുസംബന്ധിച്ച് നിയമം എന്തെന്ന്. നൂറു വര്‍ഷത്തിനുമുമ്പ് അവിടത്തെ ജലത്തിന്റെ ലഭ്യത കണക്കാക്കിയാണ്. അതിനുവേണ്ടി ഭൂമി ഏറ്റെടുക്കുവാനുള്ള നിയമം. എന്നാല്‍ ഇത് നൂറ് വര്‍ഷത്തിലെപ്പോഴെങ്കിലും ഒരു പ്രാവശ്യത്തെ ജലസാന്നിദ്ധ്യമാവും കണക്കിലെടുക്കുക. 99 വര്‍ഷവും ജലസാന്നിദ്ധ്യം ഉണ്ടാകണമെന്നില്ല. എങ്കിലും ആ ഭൂമി സര്‍ക്കാരിന്റെ അധീനതയിലേയ്ക്കാകും പോകുക. ഇതുതന്നെയാണ് പല സംസ്ഥാനങ്ങളിലേയും സ്ഥിതി. ഫലത്തില്‍ കര്‍ഷകന് ഭൂമിക്കുപകരം പണം എന്നത് വെറും വീണ്‍വാക്കുകളില്‍ ഒതുങ്ങുകമാത്രം. അതെല്ലാം കടലാസ്സില്‍ ഒതുങ്ങും. എന്നാല്‍ വീണ്ടും കര്‍ഷകര്‍ അവിടെ കൃഷി ചെയ്യും. കാരണം, നൂറ്റാണ്ടുകളില്‍ ഒരിക്കല്‍മാത്രമായിരിയ്ക്കും അവിടെ വെള്ളം ഉയരുക. അതുകൊണ്ട് ഒരു വര്‍ഷത്തേയ്ക്കുമാത്രമായിരിയ്ക്കും അവന് മാറി നില്‍ക്കേണ്ടതായി വരിക.2013-ല്‍ കൊണ്ടുവന്ന നിയമമനുസരിച്ച് കര്‍ഷകന് അവിടെ കൃഷി ചെയ്യാന്‍ അവകാശമില്ല. എന്നാല്‍, ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത് ഭൂമി വെള്ളം കേറി മുങ്ങിയിട്ടില്ലെങ്കില്‍ കര്‍ഷകന് അവിടെ കൃഷി ചെയ്യാന്‍ അവസരം ലഭിക്കണമെന്നാണ്. അതുകൊണ്ട്, ആ ഭൂമി കര്‍ഷകരില്‍നിന്ന് പിടിച്ചെടുക്കാന്‍ പാടില്ല. തീര്‍ച്ചയായും ഇത്തരത്തില്‍ ഒരു പ്രയോജനം കര്‍ഷകര്‍ക്ക് ഉണ്ടാകണം. അവര്‍ ഭൂമി കൈമാറിയാലും അതിന്റെ പ്രയോജനം ഉണ്ടാകണം. ഭൂമിയ്ക്ക് പകരം പണം ലഭിക്കുകയും കൃഷി ചെയ്യാന്‍ അവസരം കിട്ടുകയും ചെയ്യുന്നതോടെ ഓരോ കര്‍ഷകനും പ്രയോജനം ഇരട്ടിയാവുന്നു. ഇത്തരത്തില്‍ ഒരു വ്യവസ്ഥ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് പ്രാവര്‍ത്തികമാക്കാവുന്ന പ്രായോഗികവ്യവസ്ഥയാണ്. ഇത് നടപ്പാക്കുവാനാണ് ഞങ്ങള്‍ ചിന്തിച്ചത്.എന്നാല്‍, തെറ്റിദ്ധാരണ പരന്നിട്ടുള്ളത് ഇത്തരം വിഷയത്തില്‍ അഭിപ്രായഐക്യം ഉണ്ടാകാതെ നടപ്പില്‍ വരുത്തുന്നു എന്നതാണ്. അത് തികച്ചും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. എന്റെ കര്‍ഷകസഹോദരരേ ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കാരണം രാഷ്ട്രീയമാണ്. അതില്‍നിന്ന് നിങ്ങള്‍ തികച്ചും മാറി ചിന്തിക്കുകതന്നെ വേണം. നാം അറിയേണ്ട മറ്റൊരുവസ്തുത 2013-ല്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്ക് ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അഭിപ്രായകൈ്യത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നതും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാത്തിലും അഭിപ്രായയൈക്യത്തെപ്പറ്റി പറഞ്ഞാല്‍ ആദ്യമേ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ലായെന്നത് വസ്തുതയാണ്. അതുകൊണ്ട് എന്റെ സഹോദരന്മാരേ, ആദ്യം നല്ലതായിരുന്നുവെന്നും ഇപ്പോള്‍ ചെയ്യുന്നത് തെറ്റാണെന്നുമുള്ള പരാമര്‍ശത്തിലൂടെ ഓരോരുത്തരെയും വഴി തെറ്റിയ്ക്കുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിയ്ക്കരുത്. ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്, ചില വ്യവസായങ്ങള്‍ക്കുവേണ്ടി, കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി. നിങ്ങള്‍ പറയൂ, ഒരു ഗ്രാമത്തിന്റെ കാര്യമെടുക്കാം. ആ ഗ്രാമത്തിലേയ്ക്ക് റോഡുണ്ടായിക്കഴിഞ്ഞു. എന്നാല്‍ സമീപഗ്രാമത്തിലേയ്ക്ക് റോഡുണ്ടാക്കണം. മുന്നിലെ ഗ്രാമത്തില്‍നിന്ന് 5 കി.മീ. ദൂരത്തിലാണ് സമീപഗ്രാമം. ആ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ റോഡിന് നാം സ്ഥലം നല്‍കില്ലേ? അതിന് നാം ഒരുങ്ങില്ലേ? എല്ലാവര്‍ക്കും റോഡ് ആവശ്യമല്ലേ? അതുപോലെയല്ലേ സമീപസ്ഥഗ്രാമത്തിലുള്ളവര്‍ക്ക് കുടിനീര്‍സൗകര്യമുള്ള ഗ്രാമവാസികള്‍ സമീപസ്ഥഗ്രാമവാസികള്‍ക്ക് കുടിനീരെടുക്കാന്‍ സൗകര്യമൊരുക്കില്ലേ? നമ്മുടെ ആവശ്യങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് നാം എതിരുനില്‍ക്കാറുണ്ടോ? പരസ്പരസഹകരണമല്ലേ നമ്മുടെ സംസ്‌ക്കാരം? എന്റെ സഹോദരരേ, ഇതെല്ലാം നാം നടത്തിക്കൊണ്ടുപോകുന്ന ജീവിതവിഷയങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ കേവലം കര്‍ഷകര്‍ക്കുവേണ്ടിമാത്രമോ, വ്യവസായത്തിനോ വ്യാപാരത്തിനോ മാത്രമല്ല. ഗ്രാമത്തിന്റെ നന്മയെ, ഐശ്വര്യത്തെ മുന്‍നിര്‍ത്തിയുള്ള ചിന്തകളാണല്ലോ? കര്‍ഷകന്റെ നന്മയെ അവരുടെ മക്കളുടെ ക്ഷേമത്തെ മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്. അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും അതിന് മുതല്‍ക്കൂട്ടുന്നത് മറ്റുള്ളവരാണ്. അതുകൊണ്ടാണ് ഇതിനെ ആള്‍ക്കാള്‍ പി.പി.പി. മോഡല്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അതിന്റെ ഉടമ സര്‍ക്കാരാണ്. സര്‍ക്കാര്‍ എന്ന് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേക വ്യക്തികളെയല്ല. സര്‍ക്കാര്‍ എന്നത് നിങ്ങള്‍ ഓരോരുത്തരുമാണ്.രാജ്യത്തിന്റെ അധികാരം നൂറ്റിഇരുപത്തിയഞ്ചുകോടി ജനങ്ങളിലാണ്. ജനങ്ങളാണ് സര്‍ക്കാര്‍. ജനതയിലാണ് അധികാരകേന്ദ്രം ഇരിക്കുന്നത്. ജനങ്ങള്‍ കൂടെയുള്ളപ്പോള്‍ മറ്റഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ടാണ് പി.പി.പി. മോഡല്‍ എന്നു പറഞ്ഞ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്. അതുകൊണ്ട് ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കുക എന്നത് എന്റെ കടമയായി കരുതുകയാണ്. പലപ്പോഴും ഞാന്‍ പറയാറുണ്ട്, അഭിപ്രായയൈക്യമെന്നതിലേയ്ക്കുള്ള പ്രവര്‍ത്തനം ഒരുവിധത്തിലുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനും ഏകാധിപത്യത്തിനും കാരണമായേക്കാം.നമ്മുടെ വീടിന് സമീപപ്രദേശത്ത് പത്തിരുപത് കിലോമീറ്ററിനുള്ളില്‍ ഒരു ചെറിയ ഫാക്ടറി തുറന്നാല്‍ നിരവധിപേര്‍ക്ക് ജോലി ലഭിയ്ക്കും. അത്തരത്തിലുള്ള വ്യവസായ ചത്വരം സ്വകാര്യമേഖലയിലല്ല. സര്‍ക്കാര്‍തന്നെ ആ പ്രദേശത്ത് തൊഴില്‍ നല്‍കാനുള്ള സംരംഭങ്ങള്‍ ആരംഭിക്കും. അതിന്റെ ഉടമ സര്‍ക്കാരായിരിയ്ക്കും. ഗ്രാമത്തിന്റെ നന്മയെ കര്‍ഷകരുടെ പുരോഗതിയെ അവര്‍ക്ക് പിറക്കുന്ന കുട്ടികളുടെ അഭിവൃദ്ധിയെ ലക്ഷ്യമാക്കിയായിരിയ്ക്കും. ഗ്രാമത്തിലെ ദരിദ്രരുടെ നന്മയ്ക്കുവേണ്ടി, ഗ്രാമത്തിലെ കര്‍ഷകന് വെള്ളവും വെളിച്ചവും എത്തിയ്ക്കാനായിരിയ്ക്കും ഭൂമി വിനിയോഗിയ്ക്കുക.ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കുറ്റവും കുറവുമുണ്ടായിരുന്നു. അത്തരം കുറവുകള്‍ പരിഹരിയ്ക്കാനാവുന്ന അടിസ്ഥാനപരമായ പരിശ്രമങ്ങളാണ് നടത്തിയത്. എന്നിട്ടും ഞാന്‍ ലോക്‌സഭയില്‍ പറഞ്ഞത് ഇപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലും കുറ്റമോ കുറവോ കണ്ടെത്താനാകുമെങ്കില്‍ അതും പരിഹരിയ്ക്കാന്‍ തയ്യാറാകാമെന്നാണ്. ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചത് ആവര്‍ത്തിക്കുകയാണ്. കര്‍ഷകന്‍ തന്റെ മക്കളില്‍ ഒരാളെ കൃഷിയിലും മറ്റു രണ്ടുപേരെ മറ്റു തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്താന്‍ അയച്ചതുമായ കാര്യം. വീടു പുലര്‍ത്താന്‍ വ്യത്യസ്തമായ പരിശ്രമങ്ങളില്‍ ഏര്‍പ്പെടുക സാധാരണമാണ്. നാമേതെങ്കിലും റോഡുണ്ടാക്കുകയാണെങ്കില്‍ റോഡിന്റെ ഓരം ചേര്‍ന്ന് വ്യവസായ ചത്വരങ്ങള്‍ ഉണ്ടാകും. അതൊന്നും സ്വകാര്യമല്ല, പണക്കാരുടേതുമല്ല, പണച്ചാക്കുകളുടേതുമല്ല, കരിച്ചന്തക്കാരുടേതുമല്ല. സര്‍ക്കാരാണ് വികസനമെത്തിക്കുക. അതുവഴി പോകുന്ന എത്രയെത്ര ഗ്രാമങ്ങള്‍ക്കാകും ആ റോഡും വികസനവും പ്രയോജനപ്പെടുക. നൂറുകണക്കിന് ആളുകള്‍ക്ക് തൊഴിലും അന്നവും അതുറപ്പാക്കും.എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, ദില്ലിയിലേയും മുംബൈയിലേയും ഇടുങ്ങിയ കുടിലുകളില്‍ നമ്മുടെ കര്‍ഷകരും തൊഴിലാളികളും ജീവിതകാലം മുഴുന്‍ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ ആഗ്രഹിക്കുമോ? സ്വകാര്യ ഫാക്ടറിയ്ക്കുവേണ്ടി അഭിപ്രായഏകീകരണത്തിനുള്ള നിയമം നടപ്പില്‍ വന്നിട്ടുണ്ട്. എന്നാല്‍, ചിലര്‍ പറയുന്നത് പി.പി.പി. മോഡലാണ്. എന്റെ കര്‍ഷകസഹോദരങ്ങളേ നിങ്ങള്‍ ശ്രദ്ധിക്കണം. അങ്ങനെയുണ്ടാകുന്ന റോഡ് ഏതെങ്കിലും വ്യവസായിക്ക് എടുത്തുകൊണ്ടുപോകാനാകുമോ? റോഡ് സര്‍ക്കാരിന്റെ അധീനതയിലാണ്. അതിനുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. അതുണ്ടാക്കുന്നത് മറ്റാരെങ്കിലുമാകാം. സര്‍ക്കാരിന്റെ കൈവശം വേണ്ടത്ര പണം ഇല്ലാത്തതിനാലാണ് റോഡുണ്ടാക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നത്. ഇവിടെ സര്‍ക്കാരിന്റെ ആഗ്രഹം ഓരോ ഗ്രാമത്തിലും നല്ല വിദ്യാലയം നല്ല ആശുപത്രി ദരിദ്രരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഇവയെല്ലാമാണ്. അതിലേയ്ക്ക് ആവശ്യത്തിന് പണം വേണം. റോഡ് നിര്‍മ്മിയ്ക്കുന്ന പ്രവര്‍ത്തനം സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലായതിനാല്‍ അവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല ഉണ്ടാക്കുന്നത്. അവരുടെ വീട്ടിലേയ്ക്കല്ല കൊണ്ടുപോകുന്നത്. റോഡ് സര്‍ക്കാരിന്റേതാണ്. അതിന്റെ പ്രയോജനം എല്ലാപേര്‍ക്കും ഒരുപോലെ ലഭിക്കുന്നതുമാണ്. കര്‍ഷകരില്‍ ചിലര്‍ ഇതേപ്പറ്റി ചിലതു പറഞ്ഞപ്പോഴും ഞങ്ങള്‍ അവരോട് യോജിയ്ക്കുകതന്നെയാണ് ചെയ്തത്. ഞാന്‍ അവരോട് പറഞ്ഞതും ഭൂമി ഏറ്റെടുക്കാന്‍ കര്‍ഷകരുടെ നന്മയെ ഉദ്ദേശിച്ച് മാത്രമാകണമെന്നാണ്. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട കള്ളം, തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ ജനങ്ങളോട് പ്രതിബദ്ധനാണ്.എന്റെ കര്‍ഷകസഹോദരങ്ങളോട് എനിയ്ക്ക് പറയുവാനുള്ളത് ഇതാണ്, നിങ്ങള്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കലിനും കള്ളത്തരത്തിനും വശംവദരായി സ്വയം തീരുമാനം എടുക്കരുത്. തെറ്റിദ്ധാരണയ്ക്ക് അടിസ്ഥാനമില്ല. ഇപ്പോഴാവശ്യം ഇതുമാത്രമാണ്, നമ്മുടെ കര്‍ഷകര്‍ എത്രമാത്രം കഴിവുറ്റവരാകുമോ അത്രയും നമ്മുടെ ഗ്രാമങ്ങളെ സുശക്തമാക്കാം. നമ്മുടെ കര്‍ഷകന്റെ കഠിനപരിശ്രമങ്ങള്‍ക്ക് തുല്യമായ നീതി ഉറപ്പാക്കാം.ഇതിനു നല്ല കമ്പോളം എങ്ങനെ പിടിച്ചുപറ്റാം. വിളവെടുപ്പിനുശേഷം ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള മേന്മയേറിയ സംഭരണികള്‍ എപ്രകാരം കരസ്ഥമാക്കാം. ഗ്രാമത്തിന്റെയും കര്‍ഷകരുടെയും നന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രയത്‌നമാണ് നമ്മള്‍ നടത്തുന്നത്. കര്‍ഷകസുഹൃത്തുക്കളേ, നിങ്ങളുടെ ഭൂമിയിലെ ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നമുക്ക് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതുപോലെ ഇതാ, ഭൂമിയ്ക്കുവേണ്ടി ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ നമുക്ക് അസുഖം വരുമ്പോള്‍ നമ്മള്‍ ലാബറട്ടറിയില്‍ പോയി ടെസ്റ്റുചെയ്യുന്നു. മനുഷ്യരെപ്പോലെതന്നെയാണ് നമ്മുടെ ഭാരതമാതാവും, ഭൂമിമാതാവും. അതുകൊണ്ട് നമ്മുടെ ഭൂമിയെ സംരക്ഷിക്കുക. മാത്രമല്ല, അതിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിയ്ക്കുന്നു. അതുകൊണ്ട് ഭൂമി ഏറ്റെടുക്കുക മാത്രമല്ല, ഭൂമിയെ ഫലഭൂയിഷഠമാക്കേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. അതിലേക്കാണ് ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ എന്ന ആശയം മുന്നോട്ടുവച്ചത്.എല്ലാ കര്‍ഷകര്‍ക്കും ഇതിന്റെ ലാഭം ലഭിയ്ക്കുന്നതാണ്. താങ്കള്‍ വളത്തിനായി വെറുതെ കളയുന്ന പൈസ ഇതുവഴി ലാഭിക്കാം; നിങ്ങളുടെ വിളവും വര്‍ദ്ധിയ്ക്കും. നിങ്ങളുടെ വിളവിന്റെ മൊത്തവരുമാനവും ലഭിക്കും. ഇതിനുവേണ്ടി നല്ലൊരു കമ്പോളവും ആവശ്യമാണ്. അതിനും വില്‍പ്പനനിയമങ്ങളും കര്‍ഷകരെ ചൂഷണംചെയ്യാതിരിയ്ക്കാനുള്ള കരുതല്‍ നടപടികളെപറ്റിയും ഞങ്ങള്‍ ചിന്തിച്ചുവരുന്നു. അധികം വൈകാതെ തന്നെ നിങ്ങള്‍ക്കിത് നേരിട്ട് കാണാന്‍ സാധിയ്ക്കും. ഞാന്‍ ഓര്‍ക്കുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഈ മേഖലയില്‍ ഞാന്‍ ഒരുപാട് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഗുജറാത്തിലെ കര്‍ഷകരുടെ നില വളരെ പരിതാപകരമായിരുന്നു. കാര്‍ഷികാവശ്യത്തിനായി ജലക്ഷാമം നേരിട്ടപ്പോള്‍ അതില്‍ ശ്രദ്ധയൂന്നി നടത്തിയ നടപടികള്‍ വലയി മാറ്റത്തിന് കളമൊരുക്കി. ഗുജറാത്തിന്റെ വികസനത്തിന് കര്‍ഷകര്‍ വലിയൊരു പങ്കുവഹിച്ചു. ആര്‍ക്കും ഊഹിയ്ക്കാന്‍പോലും സാധിയ്ക്കാത്തവിധത്തില്‍. ഗ്രാമങ്ങളൊക്കെയും തരിശാകുമായിരുന്നു. പക്ഷേ, മാറ്റം സംഭവിച്ചു. അതുപോലെ, നമ്മുടെ ദേശത്തിനാകമാനം കര്‍ഷകര്‍ സന്തോഷത്തോടെ ജീവിയ്ക്കുന്നതിനടക്കം ഒരു പരിവര്‍ത്തനം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.പ്രിയപ്പെട്ട കര്‍ഷകരേ, എനിയ്ക്ക് നിങ്ങളോട് സംസാരിയ്ക്കാന്‍ ഒരവസരം ലഭിച്ചു. പക്ഷേ, ഈയിടയ്ക്ക് ഈ പ്രമേയത്തെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ ഒരുപാട് നടന്നതുകാരണം നിങ്ങളോട് ഏറെ സമയം ഞാന്‍ ഇതിനുവേണ്ടിയെടുത്തു. പക്ഷേ, കര്‍ഷകമിത്രങ്ങളേ, ഇനിയെങ്കിലും മറ്റു വിഷയങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷേ, നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരാന്‍ എനിയ്ക്ക് സാധിക്കും. നിങ്ങള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍. സര്‍ക്കാരിന്റെ അധികാരങ്ങളെല്ലാം അതിനായി വിനിയോഗിയ്ക്കാം. നിങ്ങള്‍ നിങ്ങള്‍ മനസ്സ് തുറന്ന് എനിക്ക് എഴുതി. അത് വളരെ നന്നായി. എനിക്ക് മനസ്സിലായി, നിങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിയ്ക്കുന്നതുകൊണ്ടാണല്ലോ ഇത്തരത്തില്‍ എനിയ്ക്ക് എഴുതിയത്. നിങ്ങളുടെ വിശ്വാസം ഒരിയ്ക്കലും തകര്‍ക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഇതിനായി നിങ്ങളുടെ അനുഗ്രഹാശ്ശിസുകള്‍ എന്നിലുണ്ടാകണം. കര്‍ഷകര്‍ ജഗത് പിതാക്കളാണ്. അവര്‍ മറ്റുള്ളവരുടെ തിന്മ ആഗ്രഹിയ്ക്കുന്നില്ല. അവര്‍ തങ്ങളുടെ നഷ്ടങ്ങള്‍ക്കിടയിലും ദേശത്തിന്റെ നന്മയേ ആഗ്രഹിക്കാറുള്ളൂ. ഇത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള കര്‍ഷകര്‍ക്ക് നഷ്ടം സംഭവിയ്ക്കാതിരിയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. ഈയൊരുറപ്പ് നിങ്ങള്‍ക്ക് തരാന്‍ എനിയ്ക്ക് സാധിക്കും. എന്റെ മനസ്സിന്റെ ചിന്തകള്‍ കേട്ടുകഴിയുമ്പോള്‍ നിങ്ങളില്‍ ധാരാളം ആശയങ്ങള്‍ ഉടലെടുത്തേക്കാം. നിങ്ങള്‍ തീര്‍ച്ചയായും ആകാശവാണിയുടെ വിലാസത്തില്‍ എനിയ്ക്ക് കത്തുകള്‍ അയയ്ക്കുക. ഇനി എന്നെങ്കിലും നമുക്ക് വീണ്ടും ചര്‍ച്ചയിലേര്‍പ്പെടാം. നിങ്ങളുടെ കത്തുകള്‍ നോക്കട്ടെ. നമ്മുടെ സര്‍ക്കാര്‍ നടപടികളില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കാം. നമ്മുടെ നടപടിക്രമങ്ങളില്‍ വേഗത വരുത്തേണ്ടത് ആവശ്യമെങ്കില്‍ അതുമാകാം. ആര്‍ക്കെങ്കിലും എതിരെ അന്യായം നടക്കുകയാണെങ്കില്‍ അവര്‍ക്ക് എല്ലാവിധത്തിലുമുള്ള പരിരക്ഷയും ചെയ്യുന്നതായിരിയ്ക്കും. ഈ പുണ്യമുഹൂര്‍ത്തത്തില്‍ ഞാനേവര്‍ക്കും ഒരുപാട് ആശംസകള്‍ നേരുന്നു.

Add a Comment

Your email address will not be published. Required fields are marked *