പ്രതിപക്ഷത്തിന്റെ നടപടികള്‍ അപമാനകരം: മുഖ്യമന്ത്രി

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ബജറ്റ് ദിവസവും ശേഷവും സഭയിലുണ്ടായ സര്‍വ പ്രശ്നങ്ങള്‍ക്കും കാരണം പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അവര്‍ സഭയില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് ലൈംഗിക ആക്രമണം നടത്തിയെന്നുള്ള പ്രതിപക്ഷ ആരോപണം. ആരോപണങ്ങള്‍ ശരിയാണോ എന്ന്‌ അറിയാന്‍ ദൃശ്യങ്ങള്‍ ഒരുമിച്ച്‌ പരിശോധിക്കാം എന്ന്‌ പറഞ്ഞത്‌ പ്രതിപക്ഷം ഇതുവരെ അംഗീകരിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമർശനങ്ങളെസർക്കാർ ഭയക്കുന്നില്ല. അതു തെറ്റുതിരുത്തി മുന്നോട്ടുപോകാൻ സഹായിക്കും. എന്നാൽ പ്രതിപക്ഷം ഉന്നയിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളായിരുന്നു. ധനമന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കാൻ പാടില്ല എന്ന് ആദ്യംപറഞ്ഞു . ബഡ്‌ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ, വനിതകളെ അപമാനിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു സഭാനടപടികൾ നിരന്തരം തടസപ്പെടുത്തി. ഇപ്പോള്‍ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചതായിപ്പോലും അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. നിയമസഭാ സമ്മേളനം മുന്നോട്ട്‌ കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യം പ്രതിപക്ഷം സൃഷ്‌ടിച്ചു. ഇത്‌ വളരെ നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വനിത എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തി ബജറ്റ്‌ അവതരണം തടയാന്‍ ശ്രമിച്ച പ്രതിപക്ഷ നടപടി ഒരിക്കലും ശരിയായില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കഴിഞ്ഞ 13 ആം തീയതി നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രശ്‌നങ്ങള്‍ ലോകം മുഴുവന്‍ കണ്ടു ഇത്‌ കേരളത്തിന്‌ തന്നെ നാണക്കേട്‌ വരുത്തിവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയാൽ എന്തെങ്കിലും നടക്കുമോയെന്നും ചോദിച്ചു. സി.പി.എമ്മിലെ പ്രശ്നങ്ങൾ കാരണമാണോ പ്രതിപക്ഷത്തിന്റെ ഈ നടപടികളെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ വലിയ സംഘർഷം ഉണ്ടാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ആദ്യം വാച്ച് അൻഡ് വാർഡിനെ നിയോഗിച്ചിരുന്നില്ല. സ്പീക്കറുടെ ഡയസ് തകർക്കുകയും ഭരണകക്ഷി ബഞ്ചിലേക്ക് അവർ പാഞ്ഞുകയറുകയും ചെയ്തപ്പോഴാണ് വാച്ച് ആൻഡ് വാർഡിനെ വിളിക്കേണ്ടി വന്നത്. ഭരണകക്ഷിയിലെ ഒരംഗം പോലും പ്രതിപക്ഷത്തിന്റെ ഏരിയയിലേക്കോ സ്പീക്കറുടെ ഡയസിലേക്കോ പോയിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *