പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: നിസാമിനെരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ബാബു എം. പാലിശേരിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ടു കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം സഭയില്‍ വാരി വിതറിയത്. ബംഗളൂര് യാത്ര നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ളതായിരുന്നുവെന്നു പ്രതിപക്ഷം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ നിസാമില്‍ നിന്നും പണം വാങ്ങി. ബോധമുണ്ടായിരുന്ന സമയത്തും ആശുപത്രിയില്‍ ചെന്ന് ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല.

നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ സര്‍ക്കാര്‍ താമസം വരുത്തി. നിസാമിന്റെ ഭാര്യയെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല. സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചു. രൂക്ഷമായ പ്രതിപക്ഷാരോപണങ്ങള്‍ തുടര്‍ന്നു. നിരപരാധിക്ക് നീതി നിഷേധിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയെ സംരക്ഷിക്കുന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും അന്വേഷണം വേണം. പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിസാമിനെതിരായ എല്ലാ കേസുകളും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. കാപ്പ ചുമത്തിയത് അടക്കം കര്‍ശന നടപടിയുമായി മുന്നോട്ടു പോകും. പോലീസ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടല്ല. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കും. നിസാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സിബിസിഐഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടമായത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയത് ആശുപത്രി ജീവനക്കാര്‍ക്കാണ്. ഇവര്‍ക്കെതിരെ നടപടി ആലോചിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നത്തില കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡി.ജി.പിയില്‍ വിശ്വാസം രേഖപ്പെടുത്തി.

Add a Comment

Your email address will not be published. Required fields are marked *