പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമായി. എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു സഭവിട്ടിറങ്ങിപ്പോയി.

കോഴ ആരോപിതന്‍ ധനമന്തി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്ല കാര്‍ഡുകളും ബാനറുകളുമേന്തിയാണു പ്രതിപക്ഷം സഭയില്‍ എത്തിയത്. ഗവര്‍ണര്‍ സഭയിലേക്ക് എത്തുമ്പോള്‍ത്തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനു ശേഷവും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു.

അഴിമതിക്കാര്‍ക്കുവേണ്ടി നടത്തുന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കെതിരായി പോരാട്ടം തുടങ്ങിയിട്ടു മാസങ്ങള്‍ പിന്നിട്ടു. ശക്തമായ പോരാട്ടത്തില്‍ എല്ലാ ജനങ്ങളുടേയും സഹായ സഹകരണം ഉണ്ടാകമെന്ന് ആശിക്കുന്നു. ബജറ്റ് അവതരണത്തില്‍നിന്നു കെ.എം. മാണിയെ മാറ്റി നിര്‍ത്തണമെന്നു പറഞ്ഞപ്പോള്‍ പരിഗണിക്കാമെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. അത് എങ്ങനെ വരുമെന്നു കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളില്‍ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുമെന്ന സൂചന നല്‍കിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരിക്കുന്നത്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. ബജറ്റ് അവതരണ ദിനത്തില്‍ വന്‍ പ്രതിഷേധം നടത്താനാണു പ്രതിപക്ഷം ആലോചിക്കുന്നെന്നാണു റിപ്പോര്‍ട്ടുകള്‍.

 

Add a Comment

Your email address will not be published. Required fields are marked *