പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചില്ലെന്ന് രാസപരിശോധനാ ഫലം

കൊച്ചി- സിനിമാ താരം ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും പ്രതികളായ കൊക്കെയ്ന്‍ കേസിന് അപ്രതീക്ഷിത വഴിത്തിരിവ്. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതോടെ കോളിളക്കം സൃഷ്ടിച്ച കൊക്കെയ്ന്‍ കേസ് ദുര്‍ബലമാകുമോ എന്ന ആശങ്ക ശക്തമായി. കാക്കാനാട്ടെ റീജനല്‍ കെമിക്കല്‍ എക്‌സാമിനര്‍ ലാബില്‍ നടത്തിയ രക്തസാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് പ്രതികളുടെ രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന് വ്യക്തമാക്കുന്നത്. അഞ്ച് പ്രതികളുടെയും രക്തപരിശോധനയുടെ റിപ്പോര്‍ട്ട് ലാബ് അധികൃതര്‍ ഇന്നലെ സെഷന്‍സ് കോടതിക്കും പോലീസിനും കൈമാറി.

എന്നാല്‍ കാക്കാനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ ആധികാരികതയില്ലെന്നും പ്രതികളുടെ മറ്റൊരു രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്കായി ഡല്‍ഹിയിലെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി. പ്രതികളുടെ മൂന്ന് രക്തസാമ്പിളുകള്‍ വീതം പരിശോധനക്കായി എടുത്തതില്‍ രണ്ടാമത്തെ  സാമ്പിളാണ് ഫൊറന്‍സിക് ലാബിലേക്ക് അയക്കുന്നത്. കാക്കാനാട്ടെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവായത് കേസിനെ ദുര്‍ബലമാക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്നതിനപ്പുറം രണ്ട് ഗ്രാമിലധികം കൊക്കെയ്ന്‍ കൈവശം വെക്കുന്നത് വില്‍പനക്കു വേണ്ടിയാണെന്നതിനാല്‍ കുടുതല്‍ ശക്തമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും ഏഴ് ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തിട്ടുള്ളതിനാല്‍ കേസ് ദുര്‍ബലിമാകില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ രക്തസാമ്പിളില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലാത്തതിനാല്‍ പ്രതികള്‍ നിരപരാധികളാണെന്നും ഇവരെ കുടുക്കാന്‍ ഫഌറ്റില്‍ ആരോ രഹസ്യമായി കഞ്ചാവ് വെച്ച ശേഷം പോലീസിന് വിവരം നല്‍കിയതാണെന്നുമുള്ള വാദം പ്രതിഭാഗം ഉന്നയിച്ചാല്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും. ഇത് മറികടക്കുന്നതിന് ഡി എന്‍ എ പ്രൊഫൈല്‍ പരിശോധന നടത്താന്‍ പോലീസ് നീക്കം തുടങ്ങി. ഇതിനായി പുതിയ രക്തസാമ്പിള്‍ എടുക്കാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൊക്കെയ്ന്‍ വലിക്കുന്നതിനായി ഉപയോഗിച്ച സിഗരറ്റില്‍ കലര്‍ന്നിട്ടുള്ള പ്രതികളുടെ ഉമിനീരും പ്രതികളുടെ രക്തവും പരിശോധിച്ച് ഉപയോഗിച്ചത് ഇവര്‍ തന്നെയാണെന്ന് തെളിയിക്കാനാണ് ശ്രമം. ആദ്യം രാസപരിശോധനക്കായി എടുത്തത് സോഡിയം ഫഌറൈഡ് കലര്‍ന്ന രക്തമാണെന്നും ഡി എന്‍ എ പ്രൊഫൈല്‍ പരിശോധനക്ക് ഇ ഡി ടി എ എന്ന രാസവസ്തു കലര്‍ത്തിയ രക്തം ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാകും ഇതിനുള്ള പരിശോധന നടത്തുക.

Add a Comment

Your email address will not be published. Required fields are marked *