പ്രകൃതിക്ക് താങ്ങായി ഒരു വൃക്ഷം
ഇടുക്കി: ലോക വനദിനാഘോഷത്തിന്റെ ഭാഗമായി അഴുത ബ്ലോക്ക് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രകൃതിക്ക് താങ്ങായി ഒരു വൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് വളപ്പില്‍ നടന്ന വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിര്‍വ്വഹിച്ചു. വൃക്ഷത്തൈ നടീലിന്റെ ഭാഗമായി വിവിധ ഇനങ്ങളിലുള്ള 250 ഓളം വൃക്ഷത്തൈകള്‍ പഞ്ചായത്തിലും പരിസരങ്ങളിലുമായി ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന സന്ദേശം പ്രചരിപ്പിച്ച് കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ട് പ്രകൃതിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുമെന്ന് വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് പറഞ്ഞു. വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഭാഗമായി കൂടുതല്‍ തൈകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസപ്രസിഡന്റ് പ്രസാദ് മാണി, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ടോമി, നീര്‍ത്തട പദ്ധതി പരിശീലകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.