പെട്രോളിയം രേഖ ചോര്‍ത്തല്‍: കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

ദില്ലി:പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ദില്ലി പോലീസ് െ്രെകംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
കല്‍ക്കരി, ഊര്‍ജ, ധനകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അറസ്റ്റിലായവരില്‍നിന്ന് ഈ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണിത്. രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാരായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി പെട്രോകെമിക്കല്‍ കമ്പനിയുടെ നോയ്ഡ ഓഫീസില്‍ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി. അറസ്റ്റിലായ എനര്‍ജി കണ്‍സള്‍ട്ടന്റ് പ്രയാസ് ജെയിനിന്റെ ഓഫീസില്‍ നടത്തിയ തിരച്ചിലിനുശേഷമായിരുന്നു ഇത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനാവശ്യമായ കുറിപ്പുകളുള്‍പ്പെടെ പെട്രോളിയം മന്ത്രാലയം രഹസ്യമായി സൂക്ഷിച്ച ഒട്ടേറെ രേഖകളാണ് പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘം ചോര്‍ത്തിയത്.
സംഭവത്തെക്കുറിച്ച് ദില്ലി: പോലീസ് നടത്തുന്ന അന്വേഷണം എല്ലാം പുറത്തുകൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വളരെക്കാലമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച അറസ്റ്റിലായ ജൂബിലന്റ് എനര്‍ജി കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്രയെ ശനിയാഴ്ച രാവിലെ പ്രയാസ് ജെയിനിന്റെ ഓഫീസിലെത്തിച്ച് പോലീസ് തെളിവെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ശൈലേഷ് സക്‌സേന, എസ്സാര്‍ ഓയിലിന്റെ ഡി.ജി.എം. വിനയ് കുമാര്‍, ജൂബിലന്റ് എനര്‍ജി സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, കെയിന്‍ ഇന്ത്യ ജി.എം. കെ.കെ. നായിക്, അഡാഗ് റിലയന്‍സ് ഉദ്യോഗസ്ഥന്‍ റിഷി ആനന്ദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ക്രിമിനല്‍ ഗൂഢാലോചന, മോഷണമുതല്‍ കൈപ്പറ്റല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ആഴത്തിലുള്ള അന്വേഷണമുണ്ടാകുമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു. അറസ്റ്റിലായവരെ ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയസുരക്ഷാപ്രാധാന്യമുള്ള രേഖകളാണ് അറസ്റ്റിലായവരില്‍നിന്ന് പിടിച്ചെടുത്തതെന്നും ഇവര്‍ക്കെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് ഡല്‍ഹി കോടതിയെ അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യംചെയ്യാനായി മൂന്നുദിവസത്തേക്ക് കോടതി, പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Add a Comment

Your email address will not be published. Required fields are marked *