പീഡനം: ജയന്തനെ സി.പി.എം പുറത്താക്കും; വടക്കാഞ്ചേരിയില്‍ നാളെ ഹര്‍ത്താല്‍
തൃശൂര്‍: വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന ആരോപണത്തില്‍ സി.പി.എം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി ഒരുങ്ങുന്നു. ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം തൃശൂര്‍ ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റിക്ക് നല്‍കിയിരുന്നു. ജയന്തനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ട് ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും റിപ്പോര്‍ട്ട് കൈമാറി. വൈകിട്ട് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകും. ജയന്തനും സഹോദരനുമടക്കം നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന് യുവതി ഇന്നലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുകയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ജയന്തന്റെ രാജി ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ജയന്തനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും സി.പി.എം ഏരിയ സെക്രട്ടറി സി.എന്‍ സുരേന്ദ്രന് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണെന്നായിരുന്നു ജയന്തന്റെ നിലപാട്.
കൂട്ടമാനഭംഗത്തെ കുറിച്ച് യുവതിയും ഭര്‍ത്താവും നല്കിയ വിവരത്തിന്റെ് അടിസ്ഥാനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടത്തിയ ഫേസ്ബുക്ക് പോസ്റ്റാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയോട് പേരാമംഗലം സി.ഐ നടത്തിയ അസഭ്യ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. ഇന്നലെ ഭാഗ്യലക്ഷ്മിക്കും ഇടതുസഹയാത്രിക പാര്‍വതിക്കുമൊപ്പം തിരുവനന്തപുരം പ്രസ് ക്ലബില്‍ എത്തിയാണ് ദമ്പതികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.