പി രാജീവിനെ തുണച്ചത് പാര്‍ട്ടിയിലെ പുതിയ ചേരി

കൊച്ചി-  വിഭാഗീയതയുടെ തലസ്ഥാനമായിരുന്ന എറണാകുളത്ത് വി എസ് പക്ഷം പിണറായി വിജയന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതോടെ സി പി എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം പുതിയ ഉള്‍പ്പപിരിവുകളിലേക്കാണ്് നീങ്ങുന്നത്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാനിരിക്കെ സെക്രട്ടറി പദവിക്കായി രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ചരടുവലി നടത്തുന്ന വേളയിലാണ് പി രാജീവ് എറണാകുളം ജില്ലായുടെ സാരഥിയായി എത്തുന്നത്. പഴയ ചേരികള്‍ ഇല്ലാതാകുമ്പോള്‍ പുതിയ ചേരികള്‍ രൂപം കൊണ്ട ചരിത്രമാണ് സി പി എമ്മിന് പറയാനുള്ളത്. പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോള്‍ പി രാജീവും അദ്ദേഹത്തോടൊപ്പമുള്ളവരും എവിടെ നില്‍ക്കുമെന്ന ചോദ്യം നിര്‍ണായകമാണ്. ഒരു കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്നുവെങ്കിലും അടുത്ത കാലത്ത് രാജീവ് അങ്ങനെയല്ല അറിയപ്പെടുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ദിനേശ് മണി അല്ലെങ്കില്‍ സി എന്‍ മോഹനന്‍ എന്നതായിരുന്നു പിണറായി പക്ഷത്തിന്റേതായി പുറത്തുവന്ന നിലപാട്. ഇതിനിടയിലേക്ക് രാജീവിന്റെ പേര് അപ്രതീക്ഷിതമായാണ് കടന്നുവന്നത്. സി പി എമ്മിലെ പുതിയ ശാക്തിക ചേരിയുടെ സാന്നിധ്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിന് മൂലധനനിക്ഷേപത്തിന്റെ കേന്ദ്രമെന്ന നിലയില്‍ സി പി എമ്മില്‍ വലിയ പ്രാധാന്യമുണ്ട്്. വി എസ് പക്ഷം ഇത്ര വാശിയോടും ശക്തിയോടും എറണാകുളം നിലനിര്‍ത്തിയതും ഈ സാമ്പത്തിക ശക്തികൊണ്ടു കൂടിയായിരുന്നു. അടുത്ത മുഖ്യമന്ത്രിയാകാന്‍ പോകുന്ന പിണറായി  എറണാകുളത്ത് അദ്ദേഹത്തിന്റെ നയങ്ങളോട് ചേര്‍ന്നു പോകുന്ന നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് മറ്റൊരു വിലയിരുത്തല്‍. പി രാജീവ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകുമെന്നും ജയിച്ചാല്‍ പിണറായിയുടെ നേതൃത്വത്തില്‍ വരാന്‍ പോകുന്ന മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
രണ്ടു പതിറ്റാണ്ടു കാലം പാര്‍്ട്ടിയെ അടക്കി ഭരിച്ച എ പി വര്‍ക്കിയുടെ കാലം മുതല്‍ ഇങ്ങോട്ട് ജില്ലയില്‍ ഏകാധിപത്യ വാഴ്ച നടത്തിയ വി എസ് പക്ഷത്തിന്റെ കുത്തക തകര്‍ത്താണ് ഔദ്യോഗിക പക്ഷം ഇക്കുറി വെന്നിക്കൊടി പാറിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ആളിക്കത്തിയ വേളയില്‍ അതിന്റെ ചൂടും ചൂരും ഏറ്റവും തീഷ്ണതയോടെ അനുഭവപ്പെട്ടത് എറണാകുളം ജില്ലയിലായിരുന്നു. വി എസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ എറണാകുളം കേന്ദ്രീകരിച്ച് നടന്നതിന്റെ വിശദാംശങ്ങള്‍ വി എസ് പക്ഷത്ത് നിന്ന് കൂറു മാറിയ സി എം ദിനേശ് മണി പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ വിവരിച്ചിരുന്നു. പിണറായി വിജയനോട് അനുഭാവം പുലര്‍ത്തുന്നവരെ സംഘടിതമായി ഒതുക്കാനും വെട്ടിനിരത്താനും ഒരു സമാന്തര സംഘടന പോലെ വി എസ് പക്ഷം പ്രവര്‍ത്തിച്ചത് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി. അക്കാലത്ത് പിണറായി വിജയന്‍ ലെനിന്‍ സെന്ററില്‍ നിന്ന് അകലം പാലിക്കുകയാണ് ചെയ്തത്. വി എസ് പക്ഷത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് ആലുവയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഗോപി കോട്ടമുറിക്കല്‍ പിണറായി പക്ഷത്തേക്ക് മാറിയതാണ് വി എസ് പക്ഷം നേരിട്ട ആദ്യത്തെ വലിയ തിരിച്ചടി. ലെനിന്‍ സെന്ററില്‍ ഒളിക്യാമറ വെച്ച് കോട്ടമുറിക്കലിനെ കുടുക്കിയാണ് അവര്‍ പകരം വീട്ടിയത്. അടുത്ത പാര്‍ട്ടി സമ്മേളനത്തിന് മുമ്പ് കോട്ടമുറിക്കല്‍ തെറിച്ചു. കഴിഞ്ഞ സമ്മേളനത്തോടെ വി എസ് പക്ഷത്തിന് പല ജില്ലകളും നഷ്ടമായെങ്കിലും എറണാകുളം മാത്രം കീഴടങ്ങാതെ നില്‍ക്കുകയായിരുന്നു. പിണറായി വിജയന്റെ തന്ത്രപരമായ ഇടപെടലുകളും എം വി ഗോവിന്ദനെ ജില്ലാ സെക്രട്ടറിയാക്കി നടത്തിയ പരീക്ഷണവുമാണ് വി എസ് പക്ഷത്തെ ജില്ലയില്‍ ക്രമേണ ക്ഷയിപ്പിച്ചത്. ദിനേശ് മണിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ കഴിഞ്ഞെങ്കിലും വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലാ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന് പലപ്പോഴും കാഴ്ചക്കാരനായി ഇരിക്കേണ്ടിവന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്ന ജില്ലാ കമ്മിറ്റി വ്യക്തമായ ഭൂരിപക്ഷത്തോടെ നിലവില്‍ വന്നപ്പോള്‍ അതിന്റെ പ്രായോജകനാകാനുള്ള അവസരം ദിനേശ് മണിക്ക്് നഷ്ടമാകുകയും ചെയ്തു.

Add a Comment

Your email address will not be published. Required fields are marked *