പാർട്ടി ഞെട്ടലിൽ; മുഖം രക്ഷിക്കാൻ തിരക്കിട്ട ശ്രമം

ആലപ്പുഴ: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് സമ്മാനിച്ച അമ്പരപ്പില്‍ നിന്നും പ്രശ്‌ന പരിഹാരത്തിനും അന്തിമ തീരുമാനത്തിനുമായി സിപിഎം ശ്രമം തുടങ്ങി. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ശ്രമം കേന്ദ്രനേതൃത്വം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലുള്ള അഞ്ചു പിബി അംഗങ്ങള്‍ നടത്തുന്ന കൂടിയാലോചനയില്‍ തീരുമാനം ഉണ്ടാക്കാനാണ് നീക്കം നടത്തുന്നത്.ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിബി പുന: പരിശോധിച്ചേക്കുമെന്നും വിവരമുണ്ട്.

ടിപികേസ് പ്രതികക്കെതിരേ നടപടി വേണം, മനോജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം, കുഞ്ഞനന്തനെ ഏരിയാ കമ്മറ്റിയില്‍ നിന്നും നീക്കണം സംഘടനാ റിപ്പോര്‍ട്ടില്‍ തനിക്കെതിരേ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ മരവിപ്പിക്കണം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിന്‍വലിക്കണം തുടങ്ങിയ ഉപാധികളാണ് വി എസ് പിബിയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. വി എസ് കടുത്ത നിലപാടുകള്‍ എടുക്കാനുള്ള തീരുമാനം എടുക്കുക കേന്ദ്രനേതൃത്വത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മാത്രമായിരിക്കും.

ഇക്കാര്യത്തില്‍ രാവിലെ ഒമ്പതു മണി വരെയാണ് വി എസ് മുന്നോട്ടു വെച്ചിരിക്കുന്ന സമയം.വിഎസ് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങിയ വിവരം പുലര്‍ച്ചെയോടെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ് നേതാക്കള്‍ അറിഞ്ഞത്. ഇതോടെ സംസ്ഥാനസമ്മേളനം പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കുക എന്ന കടുത്ത നടപടിയാണ് വി എസ് നടത്തിയിരിക്കുന്നത്. കടുത്ത തിരിച്ചടികള്‍ ലഭിച്ച സാഹചര്യത്തില്‍ വി എസിന്റെ നീക്കം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നുമില്ല. അതിനിടയി ഇന്നോ നാളെയോ രാജിക്കത്ത് വിഎസ് കൈമാറിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അല്ലെങ്കില്‍ വി എസ് പരസ്യ പ്രസ്താവന നടത്തിയേക്കാനും സാധ്യതയുണ്ട്.എന്നാല്‍ വിഎസ് ഇന്നും മാധ്യമങ്ങളെ കാണില്ലെന്നാണ് സൂചനകള്‍. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വി എസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ നിന്നും തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചേര്‍ന്നത്. കന്റോണ്‍മെന്റ് ഹൗസിനുള്ളിലായിരുന്നു പ്രഭാതസവാരി. അതേസമയം വിഎസുമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ ഉള്ളെന്നാണ് നേതാക്കളുടെ പ്രതികരണം. പോയ വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നുമാണ് അറിഞ്ഞതെന്നുമാണ് നേതാക്കളുടെ ഭാഷ്യം. വിഎസ് പോയത് അദ്ദേഹത്തിന്റെ കാര്യമാണെന്നും സമ്മേളനം അതേപടി നടക്കുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *