പാവാട
കുടിയന്മാർക്ക് ജീവിതമുണ്ടോ, 24 മണിക്കൂറും വെള്ളം ചേർത്തും വെള്ളം ചേർക്കാതെയും കുടിക്കുന്ന കുടിയന്മാർക്ക് എന്തു ജീവിതം എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. പക്ഷേ, ഓരോ കുടിയന്മാർക്കും അവർ എന്തുകൊണ്ട് അങ്ങനെ ആയി എന്നതിനൊരു കാരണമുണ്ടാവും. അത്തരം കുറച്ച് കുടിയന്മാരുടെ കഥ അല്ല അവരുടെ ജീവിതത്തിന്റെ പിന്നാന്പുറങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത പാവാട എന്ന സിനിമയിലൂടെ.
കുടിയന്മാരുടെ സിനിമയായതു കൊണ്ട് തന്നെ മദ്യപാനിയായ ഒരാളാണ് സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന. കോളേജ് അദ്ധ്യാപകനും മുഴുക്കുടിയനുമായ പ്രൊഫസർ ബാബു ജോസഫ് (അനൂപ് മേനോൻ), പാന്പ് ജോയി (പൃഥ്വിരാജ്) എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. രണ്ടു പേരും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ. അങ്ങനെയിരിക്കെയാണ് മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കാൻ ഇരുവരേയും ലഹരിവിരുദ്ധ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഒരു മുറിയിൽ താമസിക്കുന്ന അവർ പെട്ടെന്ന് തന്നെ സുഹൃത്തുക്കളാവുന്നു. പൊടുന്നനെ ഒരു ദിവസം ഇരുവരും അവിടെ നിന്ന് രക്ഷപ്പെടുന്നു. ബാബു ജോസഫിനേയും പാന്പ് ജോയിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സംഭവങ്ങളാണ് സിനിമ പിന്നീട് അനാവരണം ചെയ്യുന്നത്.