പരിസ്ഥിതി അനുമതികളില്‍ കോടതി ഇടപെടല്‍ വേണ്ടെന്ന് കേന്ദ്രം
ദില്ലി : വന്യജീവിസങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും അടിസ്ഥാനസൗകര്യവികസനത്തിന് പരിസ്ഥിതി അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു.കോടതിയുടെ വിവിധഘട്ടങ്ങളിലുള്ള ഇടപെടല്‍ പദ്ധതികള്‍ വൈകുന്നതിന് കാരണമാകുന്നുവെന്ന് വനം പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വനഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കുകയാണെങ്കില്‍ അനുമതി ആവശ്യമാണെന്ന് 2000 നവംബര്‍ 13നും 2002 മെയ് ഒമ്പതിനുമാണ് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വന്നത്. ഈ ഉത്തരവുകള്‍ പിന്‍വലിച്ച് നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, സംസ്ഥാന വന്യജീവി ബോര്‍ഡ്, ദേശീയ വന്യജീവി ബോര്‍ഡ്, എന്നിവയില്‍ നിന്നെല്ലാം അനുമതി തേടിയ ശേഷം സുപ്രീംകോടതിയെ സമീപിക്കണമെന്ന ഉത്തരവ് പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതിന് പുറമേ വൈകുന്നതിനും കാരണമാകുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു.2003ല്‍ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ് വന്യജീവി സങ്കേതങ്ങളില്‍ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതിക്ക് സംസ്ഥാനവന്യജീവി ബോര്‍ഡുമായും ദേശീയ പാര്‍ക്കുകളില്‍ ദേശീയവന്യജീവി ബോര്‍ഡുമായും ചര്‍ച്ച നടത്തിയാല്‍ മതിയായിരുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ, സംസ്ഥാന വന്യജീവി ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.
2014 ജൂലായില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.( രാജി)