പരാതി ആന്റി തെഫ്റ്റ് സ്ക്വാഡിന് നല്‍കിയത് അന്വേഷണം പ്രഹസനമാക്കാനാണെന്ന് ആക്ഷേപം
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയുടെ കത്തുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി എം.പി. ഡി.ജി.പിക്ക് നല്കിയ പരാതി ആന്റി ടെമ്പിൾ തെഫ്റ്റ് സ്ക്വാഡിന് അന്വേഷിക്കാന്‍ നല്കിയ തീരുമാനം വിവാദമാകുന്നു. ആദ്യം ജോസ്.കെ.മാണി സരിതയുടെ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു എന്നരീതിയില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഒറിജിനല്‍ കത്ത് എന്ന് സരിത ഉയര്‍ത്തിക്കാട്ടിയ കത്തില്‍ ജോസ്.കെ.മാണിയുടെ പേര് ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ജോസ്.കെ.മാണിയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടായിരുന്നു. ഈ വിവാദം പുകഞ്ഞുകൊണ്ടിരിക്കെതന്നെയാണ് ഇപ്പോള്‍ ജോസ്.കെ..മാണിയുടെ പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണൻ ആന്റി ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് എസ്.പി ജയരാജിന് കൈമാറിയത്. നേരത്തെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. ലഭ്യമായ വിവരങ്ങളുടേയും മാദ്ധ്യമവാർത്തകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങാനാണ് തീരുമാനം. സരിതയിൽ നിന്നും ജോസ്.കെ.മാണിയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം കത്തിൽ പേരുള്ള മറ്റ് ഉന്നതരിലേക്കും നീളാനുള്ള സാദ്ധ്യത നിലനിൽക്കുമ്പോൾ അന്വേഷണം പ്രഹസനമാക്കാനാണ് ജോസ്.കെ.മാണിയുടെ പരാതി ആന്റി തെഫ്റ്റ് സ്ക്വാഡിന് നല്‍കിയത് എന്നാണു ആക്ഷേപം. (മനോജ്)